അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന് റിപ്പോര്‍ട്ട്; സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, January 18, 2021

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന പുതിയ ഗ്രാമം നിര്‍മിച്ചെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രാലയം രംഗത്ത്. ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

×