ചൈന പുതിയ ഭീഷണിയില്‍ ; രോഗലക്ഷണമില്ലാത്ത കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 7, 2020

ബീജിങ് : ഏറെ കാലത്തിനു ശേഷം ചൈനയില്‍ പുതിയ കൊറോണ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയ ഭീഷണിയിലാണ് രാജ്യം. എന്നാല്‍ മറ്റൊരു ഭീഷണി ചൈനയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 32 പേര്‍ക്ക് ഇന്നലെ മാത്രം ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു. അതില്‍ മുപ്പത് പേര്‍ക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഇത്തരം കേസുകളുടെ എണ്ണം ചൈനയില്‍ വര്‍ധിക്കുകയാണ്. ഇതുവരെ ചൈനയില്‍ ഇത്തരം 1033 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ചൈനയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

വൈറസ് ബാധയുണ്ടായിരിക്കുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യുന്ന ഇത്തരം രോഗികള്‍ മറ്റുള്ളവരിലേക്ക് രോഗം പകരുമെന്നതാണ് അപകടം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇവരെ തിരിച്ചറിയാനോ ഐസൊലേഷനിലേക്ക് വിടാനോ സാധിക്കില്ല.

രോഗബാധ ആദ്യ ഘട്ടം നിയന്ത്രിച്ചതിനു ശേഷമാണ് രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ശ്രദ്ധയില്‍ പെട്ടത്. ജനുവരില്‍ വുഹാന്‍ അടങ്ങുന്ന ഹുബൈ പ്രവിശ്യ ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടതിനു ശേഷം തുറന്നുകൊടുക്കുന്നതിനിടയിലാണ് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ചൈന ഈയൊരു സാധ്യത നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ജനുവരി 30ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണര്‍ ഓഫ് മെഡിസിനിലേക്ക് ഇതേ കുറിച്ച്‌ ചൈനീസ് ഡോക്ടര്‍മാര്‍ ഒരു കത്ത് എഴുതിയിരുന്നു. ഷാങ്ഹായില്‍ നിന്ന് വന്ന ഒരു യാത്രികയുടെ ഉദാഹരണം അവര്‍ ചൂണ്ടിക്കാട്ടി. അവര്‍ ആരോഗ്യവതിയായി കാണപ്പെടുമ്പോഴും രോഗവാഹകയായിരുന്നെന്നായിരുന്നു കണ്ടെത്തല്‍.

×