കൊറോണ വൈറസ്; കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 7 വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം …ചൈനയില്‍ നിന്നെത്തുന്നവരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കണമെന്ന് വ്യോമയാന മന്ത്രാലയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 22, 2020

ന്യൂഡല്‍ഹി: ചൈനയില്‍ കൊറോണ വൈറസ് ബാധമൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി.

 

ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ പരിശോധന സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി.

അതേസമയം, ദിവസങ്ങള്‍ക്ക് ശേഷം ചൈനയില്‍ വൈറസ് ബാധ കാരണം മരണം സംഭവിച്ചതോടെ ഭീതിയും കൂടി. ആയിരക്കണക്കിന് പേരില്‍ വൈറസ് ബാധ കണ്ടെത്തിയെന്നായിരുന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

×