ചൈനയ്ക്ക് വൻ തിരിച്ചടി; കോവിഡിനെതിരായ ചൈനീസ് വാക്സിൻ ഫലപ്രദമല്ലെന്ന് തുറന്നു പറഞ്ഞ്‌ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തലവൻ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 13, 2021

കോവിഡിനെതിരായ ചൈനീസ് വാക്സിൻ ഫലപ്രദമല്ലെന്ന് ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തലവൻ ജോർജ് ഗാവോ (ഗാവോ ഫു). ഇൗ തുറന്നു പറത്തിൽ ചൈനയ്ക്ക് വൻ തിരിച്ചടിയായി.

ചൈനീസ് സർക്കാർ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്സീനുകൾ കയറ്റി അയച്ചിട്ടുണ്ട്. ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വാക്സീൻ ജനങ്ങളിൽ എടുത്തു തുടങ്ങിയിരുന്നു.

വാക്സീനിന്റെ ഫലക്ഷമത എത്രയെന്നതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡേറ്റ ചൈനീസ് മരുന്നു കമ്പനികൾ ഇതുവരെ പുറത്തുവിടാത്തതിൽ പലവട്ടം ചോദ്യമുയർന്നിരുന്നു.

ഫലക്ഷമത ഉയർത്താൻ വഴികൾ തേടുകയാണെന്നും ഗാവോ ചെങ്ദുവിലെ ഒരു സമ്മേളനത്തിൽ ഗാവോ പറഞ്ഞു. ഡോസുകളിൽ ഉൾപ്പെടുത്തുന്ന മരുന്നിന്റെ അളവു കൂട്ടുകയോ ഡോസുകളുടെ അളവു കൂട്ടുകയോ ചെയ്ത് ഫലക്ഷമത ഉയർത്താമെന്നും അതല്ലെങ്കിൽ വിവിധ വാക്സീനുകൾ ഒരുമിച്ചു ചേർത്ത് ഫലക്ഷമത ഉയർത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പാശ്ചാത്യ രാജ്യങ്ങൾ കൈവരിച്ച എംആർഎൻഎ വാക്സീൻ എന്ന വിപ്ലവകരമായ ജനിതക സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുക്കണം.

ചൈനീസ് വാക്സീനിനുമേൽ പല രാജ്യങ്ങൾക്കും സംശയമുള്ളതായി സൂചനകൾ പുറത്തുവന്നിരുന്നു. ചൈനയുടെ സൈനോഫാം മരുന്നുകമ്പനിയുടെ വാക്സീൻ രണ്ടു ഡോസ് മതിയെന്നാണ് പറഞ്ഞിരുന്നെതെങ്കിലും അടുത്തിടെ യുഎഇ മൂന്നു ഡോസ് കുത്തിവയ്പ്പ് എടുക്കാൻ ആരംഭിച്ചിരുന്നു.

രണ്ടു ഡോസ് കുത്തിവയ്പ്പെടുത്ത പലരിലും ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നത് കുറവാണെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. അതേസമയം, സിംഗപ്പുർ ചൈനീസ് കമ്പനിയായ സൈനോവാക്കിന്റെ വാക്സീൻ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

×