ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാറിനോ ബി.ജെ.പിക്കോപങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ബി.ജെ.പിക്കോ കേന്ദ്ര സര്‍ക്കാറിനോ ചിദംബരത്തിന്റെ അറസ്റ്റില്‍ പങ്കില്ല. അഴിമതി കാട്ടിയവരെ എന്തുചെയ്യണമെന്ന് കോടതിയാണ് തീരുമാനിക്കുന്നതെന്നും കിഷന് റെഡ്ഡി പറഞ്ഞു.
നേരത്തെ, ബി.ജെ.പി രാഷ്ട്രീയ പകപോക്കല്‍ നടപ്പാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഐ.എന്‍.എക്സ് മീഡിയ കേസിന്റെ എഫ്.ഐ.ആറില്‍ ചിദംബരം ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇന്നേവരെ കേസില്‍ ചിദംബരത്തിന് കുറ്റപത്രം നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.