അബുദാബി: രാജ്യാന്തര ക്രിക്കറ്റില്‍ കിടിലന്‍ സെഞ്ചുറിയുമായി തലശേരിക്കാരനായ ചുണ്ടാങ്ങാപ്പൊയില്‍ റിസ്‌വാന്‍. യുഎഇ ദേശീയ ടീമിലെ താരമായ ഇദ്ദേഹം അയര്‍ലന്‍ഡിന് എതിരെയാണ് സെഞ്ചുറിയടിച്ചത്. കളിയിലെ താരവും റിസ്‌വാന്‍ തന്നെ.
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 136 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും സഹിതം 109 റണ്‍സ് നേടിയ റിസ്‌വാന്റെ പ്രകടനമികവില്‍ ആറു വിക്കറ്റിനാണ് യുഎഇ ജയിച്ചത്.
1️⃣0️⃣9️⃣ runs
1️⃣3️⃣6️⃣ balls
🌟 Maiden ODI 💯Chundangapoyil Rizwan is named Player of the Match for his sublime knock! 👏#UAEvIRE pic.twitter.com/2X8cBcPhBN
— ICC (@ICC) January 8, 2021
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. ഓപ്പണർ പോൾ സ്റ്റെർലിങ്ങിന്റെ (131*) സെഞ്ചുറിയാണ് ഐറിഷ് പടയ്ക്ക് കരുത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ, റിസ്‌വാന്റെ സെഞ്ചുറിക്കരുത്തിൽ ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ യുഎഇ 1–0ന് മുന്നിലെത്തി. യുഎഇയ്ക്കായി പാക്കിസ്ഥാൻ വംശജനായ മുഹമ്മദ് ഉസ്മാനും സെഞ്ചുറി നേടി. നാലാം വിക്കറ്റിൽ റിസ്‌വാൻ – ഉസ്മാൻ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് യുഎഇയ്ക്ക് കരുത്തായത്. 32.5 ഓവർ ക്രീസിൽ നിന്ന ഇവരുടെ സഖ്യം, 184 റൺസാണ് സ്കോർബോർഡിൽ ചേർത്തത്.