പിറവം മുളക്കുളം സെന്റ് ജോൺസ് വലിയ പള്ളിയിൽ സഭാ തർക്കം ; ഒരാഴ്ചയായിട്ടും 95 വയസുകാരിയുടെ മൃതദേഹം സംസ്കരിക്കാനാകാതെ ബന്ധുക്കൾ

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, November 16, 2019

പിറവം: സഭ തർക്കത്തെത്തുടർന്ന് 95 വയസുകാരിയുടെ മൃതദേഹം ഒരാഴ്ചയായിട്ടും സംസ്കരിക്കാനാകാതെ ബന്ധുക്കൾ. മുളക്കുളം സ്വദേശിനി മറിയാമ്മയുടെ മൃതദേഹമാണ് പിറവത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

പിറവം മുളക്കുളം സെന്റ് ജോൺസ് വലിയ പള്ളിയിലാണ് ഓർത്തഡോക്സ് – യാക്കോബായ സഭ വിശ്വാസികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മൃതദേഹം സംസ്കരിക്കാനാവാത്ത അവസ്ഥയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് മറിയാമ്മ മരണമടഞ്ഞത്. മൃതദേഹം സംസ്കരിക്കാൻ മറിയാമ്മയുടെ മകൻ ജോയി പള്ളി ട്രസ്റ്റിയെ സമീപിച്ചു. എന്നാൽ അനുമതി നിഷേധിച്ചെന്നാണ് ജോയി പറയുന്നത്. അതേസമയം സെമിത്തേരി നൽകില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മൃതദേഹം വെച്ച് യാക്കോബായ സഭ വില പേശുകയാണെന്നാന്നും അവർ ആരോപിക്കുന്നു.

സെമിത്തേരിയിലൂടെ സമാന്തര ഭരണം നടത്താനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമമെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാദർ ജോൺ എബ്രഹാം കോനാട്ട് പറഞ്ഞു. മൃതദേഹം സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. സഭ തർക്കത്തെത്തുടർന്ന് കട്ടച്ചിറയിലെ പള്ളിയിലും യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാനാവാത്ത അവസ്ഥയിലാണ്.

×