സിനിമാ ഷൂട്ടിംഗ് സെറ്റ് തകർത്ത മതഭീകരർക്കെതിരെ നടപടി വേണം: പുരോഗമന കലാസാഹിത്യ സംഘം

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, May 25, 2020

തൃശൂർ: ബാസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി കലാസംവിധായകർ കാലടി പ്രദേശത്ത് തയ്യാറാക്കിയിരുന്ന പള്ളിയുടെ സെറ്റ് ഒരു സംഘം മതഭീകരൻ ആക്രമിച്ച് തകർത്തിരിക്കുന്നു. സെറ്റ് തകർത്ത മതഭീകരർക്കെതിരെ നടപടി വേണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കലക്കും സാഹിത്യത്തിനുമെതിരെ സംഘപരിവാറും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര നീക്കത്തിൻ്റെ ഭാഗമായി നടന്ന ഈ അക്രമത്തിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസിഡണ്ട് ഷാജി എൻ കരുൺ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ
എന്നിവർ പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിൻ്റെ ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്കിടയിലെ ഐക്യം തകർത്ത് അരക്ഷിതാവസ്ഥക്കു ശ്രമിക്കുന്ന ഇത്തരം സാമുഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാവണം.

ജനങ്ങളുടെ വലിയ അവലംബമായ സിനിമ എന്ന കലാരൂപം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. മഹാവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി സിനിമാ മേഖല പാടെ സ്തംഭിച്ചിരിക്കുന്നു. ഈ സന്ദർഭത്തിൽ പ്രിയപ്പെട്ട ഈ ജനകീയകലക്കെതിരെ നടക്കുന്ന മതഭീകരനീക്കത്തെ തിരിച്ചറിയാനും ചെറുത്തു തോൽപ്പിക്കാനും ജനങ്ങൾ ഒന്നടക്കം മുന്നോട്ടു വരണമെന്നും സംഘം അഭ്യർത്ഥിച്ചു.

×