Advertisment

"അവിടുന്ന് പോന്നപ്പോള്‍ ആകെ കൊണ്ടു വന്നത് ഞാന്‍ ഊണു കഴിക്കുന്നൊരു പിച്ചള പാത്രമാണ്, ചെറുപ്പം മുതല്‍ ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് അതിലാണ്, നിനക്ക് ജോലിയായി, ഞങ്ങള്‍ക്ക് പഠിച്ചിട്ട് വേണം ജോലിയാകാന്‍! പിന്നെ ആ തോര്‍ത്തിന്റെ ആവശ്യം വന്നിട്ടില്ല"; ജീവിതം പറഞ്ഞ് നടന്‍ ഹരിശ്രീ അശോകന്‍

author-image
ഫിലിം ഡസ്ക്
New Update
എസ്എസ്എല്‍സി പാസായ സമയത്താണ് ഞാന്‍ കേബിള്‍ ഇടാന്‍ വേണ്ടി പിക്കാസും എടുത്ത് റോഡ് കുത്തിപ്പൊളിക്കാനിറങ്ങിയത്,  കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്, അത് വീട്ടില്‍ വലിയ സഹായമായിരുന്നു, ആ ജോലി ചെയ്യുമ്പോഴും ഞാന്‍ കോമ്പറ്റീഷനുകള്‍ക്കും ഒറ്റയ്ക്ക് പരിപാടികള്‍ക്കും പോകുമായിരുന്നു; സിനിമയിലെത്തും മുമ്പുള്ള ദാരിദ്രത്തെക്കുറിച്ച് മനസു തുറന്ന് നടന്‍ ഹരിശ്രീ അശോകന്‍ 

മിമിക്രി വേദികളിലൂടെ സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരനായ  നടനാണ്  ഹരിശ്രീ അശോകന്‍.    ഹാസ്യനടന്‍ എന്ന നിലയിലാണ്   മറ്റാര്‍ക്കും അനുകരിക്കാന്‍  സാധിക്കാത്ത വിധം തന്റെ അസാധ്യ പ്രകടനത്തിലൂടെ പലപ്പോഴും നമ്മെ ചിരിപ്പിച്ച കലാകാരനാണ് അദ്ദേഹം.

Advertisment

ഇപ്പോഴിതാ തന്റെ പോയകാല ജീവിതത്തെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

'ഒരുപാട് പേര്‍ താമസിച്ചിരുന്നതായിരുന്നു പഴയ വീട്. ഒമ്പത് മക്കളും അച്ഛനും അമ്മയും. എല്ലാവരും കല്യാണമൊക്കെ കഴിച്ച് വേറെ വേറെയായി താമസം. ഇപ്പോള്‍ ഇളയ അനിയന്‍ മാത്രമാണ് അവിടെയുള്ളത്. അവിടുന്ന് പോന്നപ്പോള്‍ ആകെ കൊണ്ടു വന്നത് ഞാന്‍ ഊണു കഴിക്കുന്നൊരു പിച്ചള പാത്രമാണ്. എല്ലാവര്‍ക്കും ഓരോന്നുണ്ട്. ചെറുപ്പം മുതല്‍ ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് അതിലാണ്. അതും അമ്മയേയും മാത്രമാണ് ഞാന്‍ അവിടെ നിന്നും കൊണ്ടു വന്നത്.

 77 ലാണ് പത്താം ക്ലാസ് പാസാകുന്നത്. കോളേജില്‍ പോകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പഠിക്കുക എന്നതിലുപരിയായി മോണോ ആക്ടില്‍ യൂണിവേഴ്‌സിറ്റി വിന്നര്‍ ആവണം എന്നായിരുന്നു. സ്‌കൂളിന്റെ ചരിത്രത്തില്‍ മോണോ ആക്ടില്‍ സ്‌റ്റേറ്റില്‍ പോയി സമ്മാനം വാങ്ങുന്നത് ഞാനായിരുന്നു. കോളേജില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആ സമയത്ത് വീട്ടില്‍ ബുദ്ധിമുട്ടായിരുന്നു. അമ്മയ്ക്ക് യൂട്രസിന്റെ ഓപ്പറേഷന്‍ ആയിരുന്നു. അതിനാല്‍ അന്ന് പോകാന്‍ പറ്റിയില്ല.

77 ല്‍ തന്നെ പിക്കാസുമെടുത്ത് റോഡ് കുത്തിപ്പൊളിക്കാന്‍ ഇറങ്ങി. ചേട്ടന്മാരുടെ കൂടെയായിരുന്നു. വോള്‍ഗ ഹോട്ടലിന് മുമ്പിലായിരുന്നു തുടക്കം. ഞാന്‍ റോഡ് കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ വഴി എന്റെ കൂടെ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ കോളേജില്‍ പോകുന്നുണ്ടാകും. അത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ചമ്മലായിരുന്നു. അതിനാല്‍ തോര്‍ത്തു കൊണ്ട് തല വഴി കെട്ടും. ആളെ അറിയാതിരിക്കാന്‍. കുറേ കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ചിന്തിച്ചു, എന്തിനാണിത്? ഞാന്‍ ജോലി ചെയ്യുകയല്ലേ? അങ്ങനെ അത് അഴിച്ചുമാറ്റി.

അപ്പോള്‍ അതുവഴി കോളേജില്‍ പോകുന്ന എന്റെ കൂട്ടുകാര്‍ അടുത്തു വന്നു. അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി, നിനക്ക് ജോലിയായി, ഞങ്ങള്‍ക്ക് പഠിച്ചിട്ട് വേണം ജോലിയാകാന്‍! പിന്നെ ആ തോര്‍ത്തിന്റെ ആവശ്യം വന്നിട്ടില്ല. ടെലിഫോണിന്റെ കേബിള്‍ ഇടാന്‍ വേണ്ടിയായിരുന്നു കുഴിച്ചിരുന്നത്. എന്നെ അന്ന് അമ്പ അശോകന്‍ എന്നായിരുന്നു. വലിയ കേബിളായിരുന്നു. അത് വലിക്കുമ്പോള്‍ ഐലേ മാലേ എന്ന് അമ്പ ഇട്ടു കൊടുക്കണം. അപ്പോള്‍ എല്ലാവരും ഐലസാ എന്ന് ഏറ്റുവിളിക്കും. ആ സമയം വഴിയെ പോകുന്ന ആരെ വേണമെങ്കിലും കളിയാക്കാം. ദേ ചുവന്ന സാരി ഐലസാ, ദേ പോലീസുകാരന്‍ ഐലസാ അങ്ങനെ വിളിക്കാം. ഒരു ദിവസം കളിയാക്കിയത് എന്റെ കൂടെ പഠിച്ച പെണ്‍കുട്ടിയെയായിരുന്നു. തിരിഞ്ഞു നോക്കിയപ്പോഴാണ് മുഖം കണ്ടത്. എന്നും ഹരിശ്രീ അശോകന്‍ പറയുന്നു 

Advertisment