ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുളള മോഹൻലാലിൻെറ ആദ്യ പൊതുപരിപാടി ശനിയാഴ്ച തിരുവനന്തപുരത്ത്. വിവാദങ്ങളുടെ  പശ്ചാത്തലത്തിൽ മോഹൻലാൽ പരിപാടിക്ക് എത്തുമോയെന്ന് ആശങ്ക. പരിപാടിക്കെത്തിയാൽ വിവാദങ്ങളോട് പ്രതികരിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ

''മോഹൻലാൽ വരുമോ.... ഇല്ലയോ...'' കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ ജഗതി ശ്രീകുമാറിൻെറ പ്രശസ്തമായ ഡയലോഗാണിത്

New Update
mohanlal1

തിരുവനന്തപുരം: ''മോഹൻലാൽ വരുമോ.... ഇല്ലയോ...'' കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ ജഗതി ശ്രീകുമാറിൻെറ പ്രശസ്തമായ ഡയലോഗാണിത്.  
ഡ്രൈവിങ്ങ് സ്കൂൾ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്നവരോടാണ് ജഗതിയുടെ കഥാപാത്രം ഇങ്ങനെ പറഞ്ഞത്.

Advertisment

അതുപോലെ തന്നെ തലസ്ഥാന നഗരത്തിലെ സാംസ്കാരിക പ്രമുഖർക്കിടയിൽ അടുത്ത ദിവസങ്ങളിലായി ഉയ‍‍ർന്നുകേൾക്കുന്ന വ‍ർത്തമാനം ആണ് മോഹൻലാൽ വരുമോ ഇല്ലയോ എന്ന്. കവിയും ഗാനരചയിതാവും സംവിധായകനും എല്ലാമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻെറ പേരിലുളള ഫൗണ്ടേഷൻെറ അവാർ‍ഡ് വിതരണം ചെയ്യുന്നുണ്ട്. ഇത്തവണത്തെ പുരസ്കാരം മോഹൻലാലിനാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയ കോളിളക്കങ്ങൾക്കിടയിൽ മോഹൻലാൽ പുരസ്കാരം സ്വീകരിക്കാൻ എത്തുമോയെന്ന ആശങ്കയാണ് സൂപ്പർതാരം വരുമോ ഇല്ലയോയെന്ന ആശങ്കയാണ് ഈ ചോദ്യങ്ങളുടെ അടിസ്ഥാനം.

പുതിയ വെളിപ്പെടുത്തലുകൾക്കും തുറന്നുപറച്ചിലുകൾക്കും ഇടയിൽ 'അമ്മ' പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് മാധ്യമങ്ങൾക്ക് മുന്നിൽവരാതെ മുങ്ങിനടക്കുന്ന മോഹൻലാൽ പുരസ്കാരംവാങ്ങാൻ വരുമോയെന്ന് സംശയിക്കുന്ന ആളുകൾ സംഘാടകരിലും ഉണ്ട്.

സിനിമയിലെ താരാധിപത്യത്തിന് നേരെ എപ്പോഴും വിമർശനപരമായി സംസാരിക്കുന്ന ശ്രീകുമാരൻ തമ്പി സമ്മാന ദാനം നടക്കുന്ന വേദയിൽ വെച്ച് എന്തെങ്കിലും പറയാനും സാധ്യതയുണ്ട്. അതുകൂടി കണക്കിലെടുത്ത് മോഹൻലാൽ വരാതിരിക്കുമോ എന്നും ആശങ്കയുണ്ട്.

ശനിയാഴ്ച നിശാഗന്ധിയിലാണ് ശ്രീകുമാരന്‍തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ്.

'ശ്രീമോഹനം' എന്നുപേരിട്ടിരിക്കുന്ന പരിപാടിയില്‍ വെച്ച് മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍  പുരസ്കാരം സമ്മാനിക്കും. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ സംബന്ധിക്കും.

ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. പ്രശസ്ത പിന്നണിഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍, പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും.

Advertisment