/sathyam/media/media_files/PtBrqE0IXL9J5Fr8r7uz.jpg)
കോട്ടയം: പീഡനം നേരിട്ടതായി ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയ അതിജീവിതകൾ പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രതികരണത്തെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. ഒരു ഇരയ്ക്കും ഇവിടെ പിന്നീട് പിന്തുണ കിട്ടിയിട്ടില്ല, പിന്നെ എന്ത് വിശ്വാസത്തിലാണ് വേട്ടക്കാരൻെറ പേര് പറയേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ പാർവതി തിരുവോത്ത് ചോദ്യം ചെയ്തത്.
പീഡനങ്ങളെ ചെറുക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പലർക്കും ഇപ്പോൾ ജോലിയില്ല. ആദ്യമായാണ് ഇത്തരം ആഴത്തിലുളള പ്രതിസന്ധി സിനിമാ മേഖലയിലുണ്ടാകുന്നത്. അതുകൊണ്ട് ഇനി നടപടി എടുക്കേണ്ടത് സർക്കാരാണെന്നും പാർവതി ഒരു ടെലിവിഷൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
ഇരകൾ ഭയക്കാത്തത് കൊണ്ടാണ് കാര്യങ്ങൾ ഇതുവരെ എത്തിയതെന്നും പാർവതി ചൂണ്ടിക്കാട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസ് എടുക്കാൻ കമ്മിറ്റി റിപ്പോർട്ടിൽ പോലും ശുപാർശയില്ലെന്നായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
റിപ്പോർട്ടിലേക്ക് നയിച്ച സാഹചര്യം മലയാള സിനിമയിൽ നിന്ന് ഇല്ലാതാക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം കൊടുക്കുന്നതും കേസെടുക്കണമെങ്കിൽ മൊഴി നൽകിയ ആരെങ്കിലും പരാതിയുമായി മുന്നോട്ടുവരണമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഈ സമീപനത്തെ പാടെ തളളുന്നതാണ് പാർവ്വതി തിരുവോത്തിൻെറ പ്രതികരണം.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ നടപടി എടുക്കാൻ വൈകുന്നതിനെയും പാർവതി തിരുവോത്ത് വിമർശിച്ചു. വിശദമായ പഠനങ്ങൾ ഡബ്ല്യു.സി.സി സർക്കാരിന് നൽകിയിട്ടുണ്ടെന്നും നടപടി എടുക്കാൻ വൈകുന്നത് നീതി നിഷേധമാണെന്നും പാർവതി തുറന്നുപറഞ്ഞു.
സർക്കാർ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ട് ഒരുകാര്യവുമില്ല.പൊതുസമൂഹം ഇന്ന് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ഡബ്ല്യു.സി.സി ഏഴ് വർഷം മുൻപേ ചോദിച്ച് തുടങ്ങിയതാണ്. ഇനിയിത് ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്നമല്ല പൊതു സമൂഹത്തിൻ്റേത് കൂടിയായി മാറി. മിനിമം പക്വതയുള്ളിടത്തെ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും നടപടിയില്ലാതെ ഡബ്ല്യു.സി.സി പിന്നോട്ടില്ലെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.
സിനിമാ നയം രൂപീകരിക്കാൻ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെയും പാർവതി പരിഹസിച്ചു തളളി. അതിജീവിതകളെ പിന്തുണയ്ക്കാത്ത ഒരു കോൺക്ലേവിലും അർത്ഥമില്ല എന്നായിരുന്നു പാർവതി തിരുവോത്തിൻെറ പരിഹാസം.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച വേണമെന്നും അവർ ടെലിവിഷൻ ചർച്ചയിൽ ആവശ്യപ്പെട്ടു. ചർച്ചകൾ സ്വാഗതാർഹമാണ് എന്നാൽ അത് കാലതാമസം വരുത്താൻ വേണ്ടിയാണെങ്കിൽ പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ചോദ്യം ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഹേമാ കമ്മിറ്റി റിപ്പോർട്ടിനോടുളള താര സംഘടനയായ അമ്മയുടെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും പാർവതി പറഞ്ഞു. സ്ത്രീകളുടെ വസ്ത്ര ധാരണമാണെന്ന ഹേമാ കമ്മിറ്റി അംഗം നടി ശാരദയുടെ വാദഗതികളെയും പാർവ്വതി തളളിക്കളഞ്ഞു. വസ്ത്രമല്ല പീഡനത്തിന് കാരണമെന്നും പീഡനത്തിന് കാരണം സ്ത്രീയെന്നത് മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സിനിമയിലെ സ്ത്രീകളോട് അനുതാപമാണുളളത്. തോൽവി ഏറ്റുവാങ്ങുമ്പോഴും അവർ അതിജീവനത്തിന് ശ്രമിക്കുകയാണ്. ഹേമാ കമ്മിറ്റി വഴിയുളള ഇടപെടൽ തുടക്കം മാത്രമാണ്. ഒരു വാതിൽ മാത്രമാണ് ഇപ്പോൾ തുറന്നതെന്നും ഇനി ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും പാർവതി വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഇതാദ്യമായാണ് പാർവതി വിശദമായി പ്രതികരിക്കുന്നത്.