/sathyam/media/media_files/HeQTLHY4QIb51Jfoqe9A.jpg)
മലയാളത്തിന് മറ്റൊരു മഹാനഷ്ടം കൂടി. വീട്ടകങ്ങളിലെ സിനിമാ കൊട്ടകയില്‍ കുടുകുടെ ചിരിപ്പിക്കുന്ന സിനിമകള്‍ സമ്മാനിച്ച പ്രിയ സംവിധായകന്‍ ഇനിയില്ല. അത് സംവിധായകന്‍ സിദ്ദീഖിന്റെ മരണം മലയാളത്തിന് തീരാനഷ്ടം തന്നെയാണ്. നാടക രംഗത്ത് നിന്നും സിനിമാ രംഗത്ത് കാലെടുത്ത് വച്ചത് മുതല്‍ ഹിറ്റുകളുടെ പെരുമഴ തീര്‍ത്ത സംവിധായകന്‍ സ്വഭാവ സവിശേഷത കൊണ്ടും പ്രേക്ഷകനെ കീഴടക്കിയ വ്യക്തിത്വമായിരുന്നു.
ഒരു മനുഷ്യന്‍ എത്ര തന്നെ വലിയ കൊടുമുടികള്‍ താണ്ടിയാലും എത്ര ലാളിത്യമുള്ളവനായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സിദ്ദീഖ്. തന്റെ സിനിമകള്‍ മലയാളവും തമിഴും ബോളിവുഡും കടന്ന് പോകുമ്പോഴും അഹങ്കാരത്തിന്റെ തെല്ല് കലര്‍പ്പ് പോലുമില്ലാത്ത സാധാരണക്കാരന്‍. ബോഡിഗാര്‍ഡ് എന്ന സിനിമ തമിഴിലും ഹിന്ദിയിലും ചര്‍ച്ചയായപ്പോഴും മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വലിയ തലക്കനമില്ലാതെ വേദികളില്‍ നിറഞ്ഞുനിന്നിരുന്നു.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം.
സിദ്ദിഖ് - ലാല്‍ കോമ്പോ മോഹന്‍ലാല്‍ ചിത്രമായ 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹന്‍ലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. സിദ്ദിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍ നഗറും' ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായ 'ഗോഡ് ഫാദറും' പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 'വിയറ്റ്‌നാം കോളനി', 'കാബൂളിവാല' എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.
സിദ്ദീഖ്-ലാല്‍ എന്ന പേര് കേട്ടാല്‍ മലയാളി ആ സിനിമ കണ്ടിരിക്കുമായിരുന്നു. ആ കൂട്ടുകെട്ട് ഇടയ്ക്ക് നിന്നെങ്കിലും സിദ്ദീഖിന്റെ സിനിമാ പ്രേമത്തിന് പഴയതിനേക്കാള്‍ ഗാംഭീര്യം കൂടുതലായിരുന്നു. ഏതൊരു കലാകാരനേയും വളര്‍ത്താന്‍ സിദ്ദീഖ് എടുക്കുന്ന പരിഗണനയും സ്‌നേഹവും അഭിനന്ദനാര്‍ഹമായിരുന്നു. ഇക്കാലമത്രയും തന്റെ സിനിമകളില്‍ അഭിനയിക്കുന്ന ചെറുതും വലുതുമായ താരങ്ങള്‍ക്ക് ഒരേ പരിഗണന നല്‍കുന്ന ലാളിത്യം നിറഞ്ഞ ഈ മനുഷ്യനെ മലയാളി എങ്ങനെ മറക്കാനാണ്.
ഇത്രയൊക്കെ വലിയ ഉന്നതങ്ങള്‍ കീഴടക്കിയിട്ടും മദ്യത്തിനോ പുകവലിക്കോ അടിമയാകാത്ത സിദ്ദീഖ് തന്റെ പ്രശസ്തിയുടെ തലക്കനം എവിടെയും കാണിച്ചിട്ടില്ല. ഇന്നും ട്രോളന്‍മാര്‍ ഉപയോഗിക്കുന്ന പല മീം ഡയലോഗുകളും പിറന്നത് സിദ്ദീഖിന്റെ തൂലികയില്‍ നിന്നാണ്. റാം ജി റാവ് സ്പീക്കിങിലെ ഞങ്ങള്‍ അരമണിക്കൂര്‍ മുമ്പ് പുറപ്പെട്ടൂവെന്നതും ഗോഡ്ഫാദറിലെ കേറി വാടാ മക്കളെയുമെല്ലാം സിദ്ദീഖിന്റെ തൂലികയില്‍ പിറന്നവയായിരുന്നു. സിദ്ദിഖ് നിരവധിടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. 'മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി'ന്റെ ജഡ്ജ് ആയിരുന്നു. 'കോമഡി സ്റ്റാര്‍ സീസണ്‍ 2' ഷോയിലും ജഡ്ജായെത്തി. 'സിനിമാ ചിരിമ' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായിരുന്നു. മലയാളത്തിന്റെ പുതു മിമിക്രി സിനിമാ താരങ്ങള്‍ക്ക് സിദ്ദിഖ് എന്നും പ്രോത്സാഹനവുമായി എത്താറുണ്ട്.
കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിദ്ദിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്‌മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‌മാന്‍ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ദിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.