എനിക്ക് തന്ന ലിസ്റ്റിൽ പലതും അപൂർണമായിരുന്നു. ഇതിനിടയിൽ തന്നെ അതിനുള്ളിലുള്ള പേരുകൾ നീക്കം ചെയ്യപ്പെടുകയും ചേർക്കുകയുമൊക്കെ ചെയ്തു. ആസിഫ് അലി – രമേശ് നാരായണൻ വിവാദം; പ്രതികരണവുമായി ജ്യുവൽ മേരി

ഇത്രയധികം പ്രമുഖർ ഉള്ളതുകൊണ്ടുതന്നെ ഇതിൽ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

author-image
shafeek cm
New Update
jewel mary asif ali

സംഘാടനത്തിൽ ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും, രമേശ് നാരായണന്റെ പേര് തെറ്റി വിളിച്ചത് തനിക്ക് പറ്റിയ അബദ്ധമാണെന്നും നദിയും അവതാരകയുമായ ജ്യുവൽ മേരി. എം.ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയുണ്ടായ സംഭവം വിവാദമായിരുന്നു. ജ്യുവൽ മേരിയായിരുന്നു ഷോയുടെ അവതാരക.

Advertisment

‘ഇത്രയധികം പ്രമുഖർ ഉള്ളതുകൊണ്ടുതന്നെ ഇതിൽ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റിൽ പലതും അപൂർണമായിരുന്നു. ഇതിനിടയിൽ തന്നെ അതിനുള്ളിലുള്ള പേരുകൾ നീക്കം ചെയ്യപ്പെടുകയും ചേർക്കുകയുമൊക്കെ ചെയ്തു. ഇത് സ്വാഭാവികമാണ്. ഒരുമിനിറ്റുള്ള വിഡിയോയിൽ, യഥാർഥത്തിൽ അവിടെ എന്താണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാകില്ല’. ജ്യുവൽ പറയുന്നു.

‘പെട്ടെന്നുണ്ടായ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും തെറ്റായി വിളിച്ചു പോയി. ആ സമയത്ത് എന്നെ തിരുത്താൻ അവിടെ ആരും ഉണ്ടായിരുന്നുമില്ല. സന്തോഷ് നാരായണൻ എന്ന് അനൗൺസ് ചെയ്ത ശേഷം സൈഡിലേക്കു നോക്കി ഞാൻ ചോദിക്കുന്നുണ്ട്, കൃത്യമായ പേരു പറയാൻ. ഞാൻ പറഞ്ഞത് തെറ്റായിരുന്നുവെന്ന് എനിക്ക് അറിയാം. രമേശ് നാരായണൻ എന്ന് ആരോ വിളിച്ചു പറഞ്ഞു, പത്ത് സെക്കൻഡിന്റെ പോലും താമസമില്ലാതെ പേരു തിരുത്തി ഞാൻ വീണ്ടും അനൗൺസ് ചെയ്തു, ‘രമേശ് സാറിന് ആസിഫ് അലി സമ്മാനം കൊടുക്കുന്നുവെന്ന്.

ആസിഫ് മെമെന്റോയുമായി പോകുന്ന സമയത്ത് അടുത്ത ആളെ വിളിക്കുന്നതിനുള്ള പേരുകൾക്കായി തയാറെടുക്കുകയാണ് ഞാനും ഷോ ഡയറക്ടറും. ഇതൊക്കെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നടന്നുപോകുന്നത്. അടുത്ത പത്ത് സെക്കൻഡിൽ ഇരുപത് പേരുടെ പേരുകൾ കൃത്യമായി വിളിച്ചു തുടങ്ങണം’. ഇക്കാര്യങ്ങൾ കൊണ്ട് തിരക്കായതിനാൽ താഴെ എന്താണ് നടന്നതെന്ന് കണ്ടിട്ടില്ല എന്നും ജ്യുവൽ വ്യക്തമാക്കുന്നു.

സംഭവം നടക്കുന്ന സമയത്ത് അടുത്ത അനൗൺസ്മെന്റിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് ജ്യുവൽ പറയുന്നു. രാവിലെയാണ് ആ വിഡിയോ കാണുന്നത്. ഒരുപാട് വിഷമം തോന്നി. എന്തിനായിരിക്കും അങ്ങനെ ചെയ്തത്. ആസിഫ് അലി അതുകൊണ്ടുവന്നപ്പോൾ അദ്ദേഹം അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. തരാനല്ലെങ്കിൽ പിന്നെ എന്തിനാണ് സർ, ആ മെമെന്റോ ചിരിച്ച മുഖത്തോടു കൂടി ആസിഫ് നിങ്ങൾക്കു നേെര നീട്ടുന്നത്. വിഷമകരമായ കാഴ്ചയാണ് ഞാൻ കണ്ടത്. എന്ത് തന്നെ ആയിരുന്നാലും അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതിൽ സങ്കടമുണ്ട്. ഒരു അവതാരക എന്ന നിലയിൽ ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ജ്യുവൽ കൂട്ടിച്ചേർത്തു.

asif ali
Advertisment