ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി വരുന്നു...

സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്‌നം തടയാനാകുമെന്നാണ് വിലയിരുത്തൽ. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സിനിമ വ്യവസായത്തിനുണ്ടാകുന്നതെന്നും ഇത് തടയാനാണ് തീരുമാനം എന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു

author-image
shafeek cm
New Update
telegram.

ടെലഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക. പൈറസി പ്രശ്‌നം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ 2023ന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഇതോടെ സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്‌നം തടയാനാകുമെന്നാണ് വിലയിരുത്തൽ. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സിനിമ വ്യവസായത്തിനുണ്ടാകുന്നതെന്നും ഇത് തടയാനാണ് തീരുമാനം എന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്സി) 12 നോഡൽ ഓഫീസർമാരെ കേന്ദ്രം നിയോഗിച്ചു.

നോഡൽ ഓഫീസർമാർക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ സാധിക്കും. ഇത്തരം പരാതികളിൽ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൈറസി നടത്തുന്നവർക്ക് അവർ 3 ലക്ഷം മുതൽ പൈറസി ചെയ്ത കണ്ടൻറിൻറെ നിർമ്മാണ മൂല്യത്തിൻറെ അഞ്ച് ശതമാനം തുകവരെ പിഴയായി നൽകേണ്ടി വരും. 

ഒരു കണ്ടൻറിന്റെ കോപ്പിറൈറ്റ് ഉടമയ്‌ക്കോ അയാൾ ചുമതലപ്പെടുത്തുന്ന ആൾക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് പരാതി നൽകാം. അതേസമയം പകർപ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നൽകിയാൽ നോഡൽ ഓഫീസർക്ക് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്. അത് അനുസരിച്ച് തീരുമാനവും എടുക്കാം. 

യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്സൈറ്റുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഐ ആൻഡ് ബി മന്ത്രാലയം പുറത്തുവിട്ട പത്രകുറിപ്പിൽ പറയുന്നു.

telegram
Advertisment