നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരുമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
നടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് പറയപ്പെടുന്ന സിനിമാ സെറ്റില്‍ വെച്ച് തന്നെ അവര്‍ പരാതി ഉന്നയിച്ചിരുന്നു. ആ സെറ്റില്‍ ഐസിസി ഉണ്ടായിരുന്നു. സംവിധായകര്‍ ഉള്‍പ്പെടെ ഇടപെട്ട് അന്ന് പ്രശ്‌നം പരിഹരിച്ചിരുന്നു. നടനെതിരെ ശക്തമായ നടപടി എടുക്കും. നടനെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരും. നിയമപരമായി നീങ്ങാനും ആലോചിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.
ആരോപണ വിധേയനായ നടനെതിരെ മുമ്പും വാക്കാല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ലഹരി വിഷയത്തില്‍ ആര് പരാതി നല്‍കിയാലും നടപടി എടുക്കും. വസ്ത്രം മാറാന്‍ താന്‍ സഹായിക്കാം എന്ന് നടന്‍ പരാതിക്കാരിയോട് പറഞ്ഞതായും ബോഡി ഷെയ്മിങ് നടത്തിയതായും സജി നന്ത്യാട്ട് പറഞ്ഞു.