'സഹായത്തിനായി നിങ്ങളും ഉണ്ടാകണം'... ചെന്നൈ വെള്ളപ്പൊക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങണമെന്ന് ആരാധകരോട് വിജയ്

'ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

author-image
shafeek cm
New Update
vijay help.jpg

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കം ജനജീവിതത്തെ കാര്യമായിത്തന്നെ ബാധിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍പന്തിയില്‍ തന്നെയുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം ദളപതി വിജയ് . ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകര്‍ക്ക് വിജയ് നിര്‍ദേശം കൊടുത്തിരിക്കുന്നത്. സര്‍ക്കാരുമായി ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം ഇറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമുക്ക് കൈകോര്‍ക്കാം, വിഷമങ്ങള്‍ തുടച്ചുനീക്കാം എന്നും വിജയ് കുറിപ്പില്‍ പറയുന്നു. 

Advertisment

'ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകള്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വേളയില്‍, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധപ്രവര്‍ത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.' വിജയ് കുറിച്ചു. 

അതേസമയം വെള്ളക്കെട്ടും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും തുടരുകയാണെങ്കിലും ചെന്നൈ നഗരവാസികള്‍ പ്രളയദുരിതം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകയറുകയാണ്. നഗരത്തിലെ 60 ശതമാനം സ്ഥലത്തും വെള്ളക്കെട്ട് നീങ്ങുകയും വൈദ്യുതിയെത്തുകയും ചെയ്‌തെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം പൂര്‍വസ്ഥിതിയിലായിട്ടില്ല. കേബിളുകള്‍ വെള്ളത്തിനടിയിലായതിനാല്‍ പ്രതിരോധ നടപടിയെന്ന നിലയില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടില്ലെന്നും, സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വേളാച്ചേരിയും താംബരവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍പെട്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Chennai vijay
Advertisment