നോട്ടു നിരോധന സമയത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ പണം എടുക്കുന്നതിനായി വരിനിന്ന് നൂറോളം പേര്‍ മരിച്ചിട്ടും ഷഹീന്‍ ബാഗിലെ സമരത്തില്‍ കൊടും തണുപ്പില്‍ ഇരുന്നിട്ടും എന്താണ് ഒരാള്‍ക്ക് പോലും ജീവന്‍ പോകാത്തത്…? എന്ത് അമൃതാണ് അവര്‍ കഴിക്കുന്നത്..? ; വിവാദ പ്രസ്താവനയുമായി ദിലീപ് ഘോഷ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

കൊൽക്കത്ത : പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ന്യൂഡൽഹിയിലെ ഷഹീൻ ബാഗിനെ കുറിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി. നോട്ടുനിരോധന സമയത്ത് ബാങ്കുകൾക്കു മുന്നിൽ പണം എടുക്കുന്നതിനായി വരിനിന്ന് നൂറോളം പേർ മരിച്ചിട്ടും ഷഹീൻ ബാഗിലെ സമരത്തിൽ എന്താണ് ഒരാൾക്കു പോലും ജീവൻ നഷ്ടപ്പെടാത്തതെന്നു ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ചോദിച്ചു.

മൂന്നു വർഷം മുൻപ് കേന്ദ്ര സർക്കാർ നോട്ടു പിൻവലിച്ചപ്പോൾ നോട്ടുകൾ മാറുന്നതിനായി വരിനിന്നവർക്ക് ജീവൻ നഷ്ടമായ കാര്യം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാമർശിച്ചതിന് മറുപടിയായാണ് ദിലീപിന്റെ പ്രസ്താവന. ‘എന്നെ അതിശയിപ്പിക്കുന്ന ഘടകം രണ്ടും മൂന്നും മണിക്കൂർ വരി നിൽക്കുമ്പോൾ ജനങ്ങൾ മരിച്ചുവീഴുകയാണ്. എന്നാൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും അഞ്ചു ഡിഗ്രിയിൽ താഴെയുള്ള താപനിലയിൽ ഇരുന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. എന്ത് അമൃതാണ് അവർ കഴിക്കുന്നത്? എനിക്ക് അത്ഭുതം തോന്നുന്നു’.. ദിലീപ് ഘോഷ് പറഞ്ഞു.

ഷഹീൻ ബാഗിലെ പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആളുകളെല്ലാം വളരെയധികം ആകാംക്ഷയിലാണ്. കാരണം അവിടെ സമരം ചെയ്യുന്നത് സ്ത്രീകളും കുട്ടികളുമാണ്.

ചിലർ പറയുന്നത് അവർക്ക് ദിവസവും 500 രൂപ വച്ച് ലഭിക്കുന്നുണ്ടെന്നാണ്. എന്താണ് സത്യമെന്നറിയില്ല. എന്നാൽ പോപ്പുലർ ഫ്രണ്ടിനെ കുറിച്ചുള്ള സത്യങ്ങൾ ഇപ്പോൾ പുറത്തുവന്നതു പോലെ ഷഹീൻ ബാഗിനെ കുറിച്ചുള്ളതും പുറത്തു വരും– ദിലീപ് കൂട്ടിച്ചേർത്തു.

×