നളന്ദയും തക്ഷശിലയുമൊക്കെ വിശാല ഭാരതത്തിൻ്റെ സ്തംഭങ്ങളായിരുന്നു എന്ന് ചരിത്രത്തിൽ വായിച്ച അറിവേ നമുക്കുള്ളു. ചെങ്കോട്ടയും കുത്തബ് മീനാറും താജ്മഹലും ഒക്കെയാണ് ഇന്നും നമുക്ക് അഭിമാനസ്തംഭം. പകരം ഭാരതീയ സംസ്കൃതി എന്താണെന്ന് നാം പഠിക്കണം. അതാണ് നിലനിർത്തേണ്ടത്. കടമെടുക്കുന്ന ഒരു സംസ്ക്കാരവും നിലനിൽക്കില്ല. ചൈന ആയാലും റഷ്യ ആയാലും അവിടങ്ങളിലെ ഐക്കൺ ഇംപീരിയൽ പാലസും, വൻമതിലുമൊക്കെയാണ് – രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സികെ വിശ്വനാഥന്‍റെ പ്രതികരണം

സത്യം ഡെസ്ക്
Wednesday, August 5, 2020

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങൾ ഇതിനകം വായിച്ചു. അതിൽ ശ്രദ്ധയിൽപ്പെട്ട രണ്ടു കാര്യങ്ങൾ വലിയ വിദ്യാഭ്യാസ സ്ഥാപനമോ ആശുപത്രിയോ അല്ല ഇനി വേണ്ടത് എന്നായിരുന്നു.

മുൻപ് സർദാർ വല്ലഭായി പട്ടേൽ പ്രതിമയുടെ കാര്യം വന്നപ്പോഴും ഈ രണ്ടു കാര്യങ്ങൾ ഉയർത്തിപ്പിടിച്ച് അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായി.

സ്വാഭാവികമായി ഒരു സംശയം ഉന്നയിച്ചോട്ടെ, കേരളമോ, അതല്ല ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനമോ കഴിഞ്ഞ നൂറു വർഷമായി ആ പ്രദേശത്തിൻ്റെ മഹിമയെ ഉയർത്തിക്കാട്ടാൻ ഏതെങ്കിലും ആശുപത്രിയുടേയോ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയോ പേര് ഉപയോഗിച്ചിട്ടുണ്ടോ

അഞ്ചാം നൂറ്റാണ്ടിൽ നളന്ദയും തക്ഷശിലയുമൊക്കെ വിശാല ഭാരതത്തിൻ്റെ സ്തംഭങ്ങളായിരുന്നു എന്ന് ചരിത്രത്തിൽ വായിച്ച അറിവേ ഇന്നു നമുക്കുള്ളു.

ദൽഹി എന്നു പറയുമ്പോൾ ചെങ്കോട്ടയും കുത്തബ് മീനാറും ആഗ്രയിൽ താജ്മഹലും ഒക്കെയാണ് ഇന്നും നമുക്ക് അഭിമാനസ്തംഭം. ലോകത്തിനു മുന്നിൽ നമ്മൾ ഇപ്പോഴും അവതരിപ്പിക്കുന്ന ഐക്കണുകൾ ഇവ മാത്രമാണ്.

പഞ്ചാബിൽ സുവർണ്ണ ക്ഷേത്രം, മധ്യ ഇന്ത്യയിലെത്തിയാൽ അത് ചാർമിനാർ. ഇന്ത്യൻ സിംബൽസ് ഇതല്ലാതെ മറ്റൊന്നും നമ്മൾ ലോകത്തിനു മുന്നിൽ ഇതേ വരെ അവതരിപ്പിച്ചിട്ടില്ല.

ദക്ഷിണ ഭാരതത്തിലേക്കു കടക്കുമ്പോൾ ഗോമഡേശ്വരനും, തിരുപ്പതിയും, അവസാനം തെക്കേ അറ്റത്തെത്തിയാൽ സാക്ഷാൽ ശ്രീപത്മനാഭനും.

ഇനി ലോകത്ത്‌ ഏതൊരു രാജ്യത്തു ചെന്നാലും ഇതിൽ നിന്നു ഭിന്നമല്ല. എന്തെന്നാൽ മാനവ സംസ്ക്കാരത്തിൻ്റെ മുതൽക്കൂട്ടുകൾ എന്നത് ഒന്നുകിൽ മതാധിഷ്ടിതമായിരിക്കും അല്ലെങ്കിൽ കലാ സംസ്ക്കാരമായിരിക്കും. അതും മതത്തോടു ചേർന്നു നിൽക്കുന്ന കലമാത്രമേ കാലത്തെ അതിജീവിച്ചിട്ടുള്ളു.

ആശുപത്രിയെക്കുറിച്ച് ശക്തിയുക്തം വാദഗതികൾ ഉയർത്തി ചിലർ ഉദ്ഘോഷിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. പുട്ടപർത്തിയിൽ ഒരു ആശുപത്രിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി. ലോകത്തെ തന്നെ ഏറ്റവും മികച്ചത്.

സ്വന്തമായി വിമാനത്താവളമുള്ള ഏത് ആശുപത്രിയുണ്ട് ഇതല്ലാതെ വേറെ ലോകത്ത് ?ചികിത്സിക്കാൻ ചെല്ലുന്നവർക്കും ഒരു നയാ പൈസ ആവശ്യമില്ലാത്ത ലോകത്തെ ഒരേയൊരു ആശുപത്രി. അതിനകത്തെ ഒരു വാർഡ് കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടൽ തോറ്റു പോകും.
ഇന്ത്യയിൽ എത്ര പേർ കണ്ടിട്ടുണ്ട് ഈ ആശുപത്രി? ഇന്ത്യയുടെ അഭിമാനമെന്ന് എത്ര പേർ പറഞ്ഞിട്ടുണ്ട് ?

ഇനി വിദ്യാഭ്യാസത്തിൻ്റെ കാര്യമെടുക്കാം – അതും സത്യസായി വേൾഡ് ഹയർ ലേർണിംഗ് ഡീമ്ഡ് യൂണിവേഴ്സിറ്റി. പുസ്തകത്തിൻ്റെയും യൂണിഫോമിൻ്റേയും മാത്രം ചുരുങ്ങിയ ഫീസ് മാത്രം ഈടാക്കി ബാക്കിയെല്ലാം സൗജന്യമാക്കിയ ഏക വിദ്യാഭ്യാസ കേന്ദ്രം, അതും ലോകത്തെ ഒരെണ്ണം.

ഇതൊന്നും ആരും കൊട്ടിഘോഷിക്കുന്നത് ഇതേ വരെ കേട്ടിട്ടില്ല. എന്തുകൊണ്ട്?
കമ്യൂണിസ്റ്റ് ചൈന ആയാലും റഷ്യ ആയാലും അവിടങ്ങളിലെ ഐക്കൺ ഇംപീരിയൽ പാലസും, വൻമതിലും, AD 988 മുതലുള്ള പള്ളികളുമാണ്.

യൂറോപ്യൻ രാജ്യങ്ങളോ? ഓരോ രാജ്യത്തും ആ രാജ്യത്തിൻ്റെ സംസ്കൃതിയുടെ ബിംബങ്ങൾ ഉണ്ട്. അതുമാത്രമേ നിലനിൽക്കുകയുള്ളു. ഭാരതീയ സംസ്കൃതി എന്താണെന്ന് ഓരോ ഭാരതീയനും മനസ്സിരുത്തി പഠിക്കണം. ആ സംസ്കൃതിയെ നിലനിർത്താൻ ഭാരതീയർ പ്രതിഞ്ജ്ജാ  ബദ്ധരാണ്. കടമെടുക്കുന്ന ഒരു സംസ്ക്കാരവും നിലനിൽക്കില്ല.

നദികളാണ് മായാത്ത സംസ്കൃതിയുടെ നിദർശനങ്ങൾ. ഗംഗയുടേയും യമുനയുടേയും ഗോദാവരിയുടേയും സരയുവിൻ്റേയും മുതൽ നമ്മുടെ നിളയും പെരിയാറും പമ്പയും വരെയുള്ള തീരങ്ങളിൽ ഉയിർക്കൊള്ളുന്ന സംസ്കൃതിയാണ് നമ്മൾ ഹൃദയപൂർവ്വം കാത്തു സൂക്ഷിക്കേണ്ടത്.

×