തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകള്‍ കൊവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഡാറ്റേ ബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയില്‍ ആവര്‍ത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യും. ഐസിയു, വെന്റിലേറ്റര്‍ ബെഡുകളുടെ എണ്ണം കൂട്ടാന്‍ കഴിഞ്ഞു. ഐസിയു ബെഡുകള്‍ 1200 ല്‍ നിന്ന് 2,887 ആയി കൂടി.
ഓക്സിജന്‍ ലഭ്യമാക്കാനും ശക്തമായ നടപടികള്‍ ആരംഭിച്ചു. എന്തൊക്കെ ചെയ്താലും രോഗവ്യാപനം അനിയന്ത്രിതമായാല്‍ നിസഹായരാകും എന്നതിന് വികസിത രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണം ആണ്.
രോഗികളില്‍ ഭൂരിഭാഗം വീടുകളില്‍ കഴിയുകയാണ്. സൗകര്യം ഇല്ലാത്തവര്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ കഴിയുന്നു. ഇതിന്റെ എല്ലാം എണ്ണം കൂട്ടുകയാണ്. കൊവിഡ് ചികിത്സക്ക് സൗകര്യം കൂട്ടും. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.