മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിന്‍റെ സമയം മാറ്റി;സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി തത്സമയം മറുപടി നൽകും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 25, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളത്തിന്‍റെ സമയത്തിൽ ഇന്ന് മാറ്റം. രാവിലെ 11 മണിക്കാണ് ഇന്നത്തെ പത്രസമ്മേളനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണിക്കാര്യം. മന്ത്രിസഭയുടെ നാലാം വാർഷികം പ്രമാണിച്ച് പ്രത്യേക പത്രസമ്മേളനം ഇന്ന് 11 മണിക്ക് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതുകൊണ്ടുതന്നെ പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള പത്രസമ്മേനളനം പ്രത്യേകമായി ഉണ്ടാകില്ല. രാവിലെയുള്ള പത്രസമ്മേളനത്തിനുശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി തത്സമയം മറുപടി നൽകും.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന വാർത്താസമ്മേളനം വിളിച്ചുചേർത്തത്. കോവിഡ് അവലോകനയോഗത്തിനുശേഷമായിരുന്നു ഈ പത്രസമ്മേളനം. തുടക്കത്തിൽ വൈകിട്ട് ആറുമണിക്കായിരുന്നു ഒരു മണിക്കൂർ നീണ്ട പത്രസമ്മേളനം. എന്നാൽ റംസാൻ നോമ്പ് തുടങ്ങിയതോടെ പത്രസമ്മേളനത്തിന്‍റെ സമയം അഞ്ചു മണിയാക്കി മാറ്റി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഏറെ ചർച്ചയായിരുന്നു. ഓരോദിവസത്തെയും കോവിഡ് സ്ഥിതിവിവര കണക്ക് അറിയാൻ ആളുകൾ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി കാത്തിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ജനപ്രീതി കൂട്ടിയെന്നും ചാനലുകളുടെ റേറ്റിങ് വർദ്ധിപ്പിച്ചെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുകയും ട്രോൾ ചെയ്യുകയും ചെയ്തിരുന്നു.

×