ഹസ്തദാനത്തിനായി മുഖ്യമന്ത്രി കൈനീട്ടി , പ്രണവ് കാലും !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 12, 2019

തിരുവനന്തപുരം: നിയമസഭയിലുണ്ടായ ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് മുഖ്യമന്തി പിണറായി വിജയൻ. ഇരു കൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്നെ കാണാനെത്തിയതിനെ കുറിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിരിക്കുന്നത്. പ്രണവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് പ്രണവ് എത്തിയത്. ഒടുവിൽ മുഖ്യമന്ത്രിക്കൊപ്പം കാൽ കൊണ്ട് സെൽഫിയും എടുത്താണ് പ്രണവ് മടങ്ങിയത്.

മുഖ്യമന്ത്രിയുടെ കുറിപ്പ്

‘രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.

സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.’

×