ഇഎംസിസി കരാർ റദ്ദാക്കിയത് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍; സര്‍ക്കാരിന്റെ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതാണെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, February 25, 2021

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകളുടെ പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളികളുടെ ജീവിതം മികച്ചതാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഇഎംസിസിയുമായി കേരള സർക്കാർ കരാറിൽ ഏർപ്പെട്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകർക്കുമെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. ധാരണാപത്രത്തിന്റെ നാൾവഴി പരിശോധിച്ചാൽ ഇക്കാര്യം തെളിയും.

നിക്ഷേപ സംഗമമായ അസെൻഡിൽ 147 താൽപര്യപത്രവും 34 ധാരണാപത്രവും സംരംഭകരുമായി സർക്കാർ ഒപ്പുവച്ചു. സർക്കാര്‍ നയങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചുള്ള പ്രോത്സാഹനം നൽകുമെന്നാണ് ധാരണാപത്രത്തിൽ പറഞ്ഞിട്ടുള്ളത്. ആഴക്കടലിൽ ഒരുവിധ കോർപറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സർക്കാർ നയം.

കെഎസ്ഐഡിസി എംഡി ഒപ്പിട്ട കരാർ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന ഒന്നല്ല. സർക്കാർ നയത്തിനു വിരുദ്ധമായ കാര്യത്തിന് ഈ പിന്തുണ ലഭ്യമാകില്ല. ആഴക്കടൽ മത്സ്യബന്ധനത്തിനു സർക്കാർ പിന്തുണ നൽകുന്നു എന്ന ആരോപണത്തിനു വസ്തുതയുടെ പിൻബലമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇഎംസിസി എന്ന കമ്പനിയുടെ പ്രതിനിധികൾ എന്നെ വന്നു കണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. എനിക്കത് ഓര്‍മ്മയില്ല. നിരവധിയാളുകളാണ് എന്നെ കാണാൻ വരുന്നത്. എന്നെ വന്നു കണ്ടു എന്നവർ പറയുന്നു ഞാൻ അത് നിഷേധിക്കുന്നില്ല. എന്തായാവും എൻ്റെ അടുത്ത് ഇങ്ങനെയാരെങ്കിലും വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതു പരിശോധിച്ച ശേഷം സംസാരിക്കാം എന്നേ ഞാൻ പറയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസന്‍ഡ് കേരള 2020ല്‍ 117 താല്‍പര്യ പത്രങ്ങളും 34 ധാരണപത്രങ്ങളും സംരഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള സംരഭകരുമായുള്ള സ്റ്റാന്റേഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കു അടിസ്ഥാനമായ പ്രോത്സാഹനം നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ ഫിഷറീസ് നയം. നയങ്ങള്‍ അടിസ്ഥാനമായ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമായ കാര്യത്തിന് പിന്തുണ നല്‍കില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയ പരസ്പര ധാരണയുടെ ഭാഗാമായാണ് ഇഎംസിസിയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആരോപണമെന്ന് സംശയിക്കുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

×