/sathyam/media/post_attachments/dsh2K3nfwNEK7sev1qEf.jpg)
തിരുവനന്തപുരം: സംസ്ഥാനത്തു കൊവിഡ് വ്യാപനം തീവ്രമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത വേണം. കൊവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിമർശനങ്ങളുണ്ടായാലും പിന്നോട്ടില്ല. യഥാർഥ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നൽകി. ബസ് സ്റ്റാൻഡ്. ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും . മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതൽ ഫെബ്രുവരി 10 വരെ 25000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം. വാർഡുതല സമിതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാർഡ് അംഗം നേതൃത്വം നൽകും. ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ, ഷോപ്പിങ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വാർഡ് തല സമിതികൾ ഉണ്ടായിരുന്നു. അവർ ഫലപ്രദമായാണ് പ്രവർത്തിച്ചിരുന്നത്. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന വാർഡ് തല സമിതി കൊവിഡ് വ്യാപനം തടയാൻ മുൻനിരയിൽ പ്രവൃത്തിച്ചു. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിനെ തുടർന്ന് വാർഡ് തല സമിതി നീർജീവമായിരുന്നു. ഇപ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തിൽ വാർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കും.
സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവർ പൊലീസിനൊപ്പം പ്രവർത്തിക്കും. വിവാഹചടങ്ങുകൾ നടത്തുമ്പോഴും ശ്രദ്ധ വേണം. ഹാളിൽ പരിപാടി നടത്തുമ്പോൾ ഉടമകൾ ആൾക്കൂട്ടം ഉണ്ടാകാതെ നോക്കണം. രാത്രി 10 മണിക്കുശേഷം പരമാവധി യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.