‘കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നത് കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. അദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ. ഈ മന്ത്രി ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്’, ചോദ്യങ്ങളുമായി മുഖ്യമന്ത്രി; കേന്ദ്ര ഏജന്‍സികള്‍ വിടുവേല ചെയ്യുന്നുവെന്നും വിമര്‍ശനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും പങ്കുണ്ടെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയെന്ന് ഹൈക്കോടതിയിൽ പ്രസ്താവന നൽകിയ കസ്റ്റംസിനും, മറ്റ് കേന്ദ്ര ഏജൻസികൾക്കെതിരെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

വി. മുരളീധരന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതേ സഹമന്ത്രിതന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വി. മുരളീധരന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

‘കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നത് കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. അദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ. ഈ മന്ത്രി ചുമതലയില്‍ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്’, മുഖ്യമന്ത്രി ചോദിച്ചു.

സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്നു പറയാൻ പ്രതിയുമായി കേന്ദ്ര സഹമന്ത്രിക്കു ബന്ധമുണ്ടോ? നയതന്ത്ര ബാഗിലാണ് സ്വർണം കടത്തിയതെന്നു ധനസഹമന്ത്രി പറഞ്ഞപ്പോൾ അതിനു വിരുദ്ധമായി ഈ മന്ത്രി നിലപാടെടുത്തു.

സ്വർണക്കടത്തു പ്രതിയെ വിദേശത്തുനിന്നു വിട്ടുകിട്ടാത്തത് എന്താണെന്നു ചോദിച്ചപ്പോള്‍ വിദേശകാര്യ വക്താവിനോട് ചേദിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. അതേ മന്ത്രിയാണ് ഇപ്പോൾ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകത കൂടി. തിന്റെ ഒടുവിലത്തെ നീക്കമാണ് കിഫ്ബിക്കെതിരെ നടത്തിയത്.

പിന്നാലെ, മന്ത്രിസഭയിലെ അംഗങ്ങൾക്കും സ്പീക്കർക്കുമെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസി ഇറങ്ങിയിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജുഡിഷ്യൽ മജിസ്ട്രേറ്റിനു നൽകിയ മൊഴിയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.

സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മിഷണർ കേസിൽ എതിർകക്ഷി പോലുമല്ല. അങ്ങനെയൊരാൾ ഇത്തരം പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ല. ജൂലൈ മുതൽ സ്വപ്ന വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ്. ഒരു ഏജൻസിക്കു മുന്നിലും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ കാരണം എന്തായിരിക്കും. കസ്റ്റംസും അതിനു പിന്നിൽ പ്രവർത്തിച്ചവരും അതു പുറത്തു പറയാൻ തയാറാകാണം.

വകുപ്പ് 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ നൽകുന്ന പ്രസ്താവന അന്വേഷണ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ ലഭിക്കൂ. 164 പ്രകാരം വ്യക്തി നൽകുന്ന പ്രസ്താവന അന്വേഷണ ഏജൻസി വെളിപ്പെടുത്തരുതെന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. നിയമവശം ഇങ്ങനെയായിരിക്കെ കസ്റ്റംസ് കമ്മിഷണർ മന്ത്രിസഭാ അംഗങ്ങളെ മോശപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുന്നത്.

കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിയുടെ മാനസിക ചാഞ്ചല്യം മുതലെടുക്കുന്നു. തെളിവുകളില്ലാതെ ഏജൻസിക്കു മുന്നോട്ടു പോകാൻ കഴിയില്ല. അതെല്ലാം മറന്നു രാഷ്ട്രീയ പ്രസ്താവന നൽകുന്ന രീതിയാണ് ഏജൻസി അവലംബിച്ചത്. ഇത് പ്രതിപക്ഷത്തിനും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കാനുള്ള വിടുവേലയാണ്.

2020 നവംബറിൽതന്നെ സ്വപ്നയുടെ രഹസ്യമൊഴിയിൽ എന്തുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രസ്താവനയിറക്കി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയവീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കുന്നു. പൂഴിക്കടകൻ ഇഫക്ട് ഉണ്ടാക്കാനാണ് നീക്കം. സർക്കാരിനെ ജനങ്ങളുടെ മുന്നിൽ ഇകഴ്ത്താൻ ഇതുകൊണ്ട് കഴിയില്ല’– മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ യശസ്സിനെ കരിവാരിത്തേക്കുക എന്ന ഉദ്ദേശം കേരളതലത്തിലുളള ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ആ വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

×