കൊവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി; മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് നേതാക്കള്‍; ആന്റിജന്‍ ടെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സാപ്പ് പ്രചാരണം നടത്തി; തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി. യുഡിഎഫ് നേതാക്കളാണ് അട്ടിമറിനീക്കത്തിന് മുന്നില്‍ നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗസാധ്യതയുള്ള ജനങ്ങളെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സാപ്പ് പ്രചാരണം നടത്തി.

Advertisment

ആന്റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷം ഉണ്ടെങ്കില്‍പ്പോലും പോസിറ്റീവാകുമെന്നും നിരീക്ഷണ കേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിച്ചു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോട് പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നും പ്രചാരണം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

െതരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വ്യാജവാര്‍ത്ത ചമയ്ക്കുന്നവരെ പിടികൂടും. സമൂഹമാധ്യമങ്ങളിലൂടെ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടാകും. ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യംവച്ചാണ്. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നിലുണ്ട്.

രോഗവ്യാപനം ഗുരുതര സ്ഥിതിയിലെത്തിയ ഘട്ടത്തിലാണ് അപകടകരമായ പ്രവണതകള്‍. ജനങ്ങളുടെ ഭാഗത്തുനിന്ന് മുന്‍കരുതലില്‍ പാളിച്ചവന്നാല്‍ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാകും. രോഗം നമുക്കിടയിലും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചേക്കാം. അതിന് ഇടവരുത്തുന്ന ഒരുകാര്യവും അനുവദിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോഴത്തെ സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്. സ്വന്തം ജീവൻ പണയംവച്ചുള്ള സമരം വേണ്ട. നിയന്ത്രണം ലംഘിച്ചുള്ള സമരം നാടിന് ആപത്ത്. സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ റിവേഴ്‍സ് ക്വാറന്റീനിലുള്ള നേതാക്കളാണു വരുന്നത്. നേതാക്കൾക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കിൽ അണികളെങ്കിലും ചിന്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment