/sathyam/media/post_attachments/F6TU907Su9C3pi3mCCIw.jpg)
തിരുവനന്തപുരം: മൂന്നാം തരംഗം മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും. മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള വാക്സീൻ വിതരണം വേഗത്തിലാക്കും. ഓഫിസിലും സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്. സ്വകാര്യ സ്ഥലങ്ങളിൽ രോഗവ്യാപനം വേഗത്തിലാണെന്നാണു കാണുന്നത്. ഇത്തരം ഇടങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കണം. ഓഫിസിലെ വാതിലുകളും ജനലുകളും തുറന്നിടണം, എസി ഒഴിവാക്കണം. ജനിതക മാറ്റം വന്ന വൈറസാണു നിലനിൽക്കുന്നതെന്ന് ഓർക്കണം. സ്ഥാപനങ്ങളിൽ തിരക്കു പാടില്ല.
രോഗി വീട്ടിലാണ് ക്വാറന്റീനിൽ ഉള്ളതെങ്കിൽ വീട്ടിലെ എല്ലാവർക്കും ക്വാറന്റീൻ ബാധകമാണ്. ഇതു ലംഘിക്കരുത്. ഇക്കാര്യം നേരത്തേ വാർഡുതല സമിതികളാണു ശ്രദ്ധിച്ചിരുന്നത്. പഴയതുപോലെ കോവിഡ് പ്രോട്ടോകോളിലേക്കു തിരിച്ചുപോകണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടണം. വാർഡുതല സമിതികൾ വീണ്ടും സജീവമാക്കണം. ക്വാറന്റീൻ ലംഘിക്കുന്നവരെ നിർബന്ധിത ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് അയയ്ക്കേണ്ടിവരും.
ആവശ്യപ്പെട്ട അളവിൽ വാക്സീൻ കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ചാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം സാധ്യമാകും. കേന്ദ്ര സർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ വാക്സീൻ വിതരണം ചെയ്യപ്പെടുന്നില്ല. മറ്റ് ഏജൻസികളിൽനിന്നാണ് ആശുപത്രികൾ ഇപ്പോൾ മരുന്നു സ്വീകരിക്കുന്നത്. ഇത്തരം പ്രതിസന്ധികൾ പരിഹരിച്ചാൽ സാമൂഹിക പ്രതിരോധം സാധ്യമാകും.
എല്ലാ ജില്ലകളിലും ഹെൽപ് ലൈനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക– സാമൂഹിക പ്രശ്നം അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഇതര സംസ്ഥാന തൊളിലാളികൾ എന്നിവർക്കു പ്രത്യേക സഹായം ലഭ്യമാക്കി. 1056, 0471–2552056 നമ്പറുകളിൽ 24 മണിക്കൂറും സഹായം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.