മാവോയിസ്റ്റ് ഭീഷണി ; ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വർദ്ധിപ്പിച്ചു , ബുളറ്റ് പ്രൂഫ് വാഹനം ലഭ്യമാക്കി ; സുരക്ഷയ്ക്കായുള്ള ഡൽഹി പൊലീസ് അംഗങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 16, 2019

ഡൽഹി : മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. ബുളറ്റ് പ്രൂഫ് വാഹനം ലഭ്യമാക്കി. സുരക്ഷയ്ക്കായുള്ള ഡൽഹി പൊലീസ് അംഗങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കി. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി ഡൽഹിയിലെത്തിയതു മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത സുരക്ഷ വലയത്തിലാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം

വി ഐ പികൾക്ക് നൽകുന്ന എസഡ് പ്ലസ് സുരക്ഷയാണ് ഡൽഹി പൊലീസ് നൽകുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം, ആധുനിക ജാമർ സംവിധാനമുള്ള വാഹനം എന്നിവ ഡൽഹി പൊലീസ് ലഭ്യമാക്കി.

15 സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നേരത്തെ 7 പേരായിരുന്നു ഡൽഹി പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നൽകിയിരുന്നത്. കമാൻഡോകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തി. ഡൽഹിയിലുള്ള 4 പേരെ കൂടാതെ കേരളത്തിൽ നിന്ന് 7 പോലീസുകാർ കൂടി ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് കാർ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും കേരളാ ഹൗസിലെ ഉദ്യോഗക വാഹനമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച കേരളാ പൊലീസിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് ഡൽഹി പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

×