ശ്രീ എം മതേതരവാദിയായ യോഗിവര്യന്‍; മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയത്; അത് രാഷ്ട്രീയ ബാന്ധവമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 4, 2021

തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം നടത്തിയ സമാധാന ചര്‍ച്ചയെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീ എം മതേതരവാദിയായ യോഗിവര്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതിന് മുഖ്യമന്ത്രി എന്ന നിലയില്‍ സ്വാഭാവികമായും നടപടിയെടുക്കേണ്ടതുണ്ട്.

അതില്‍ ശ്രീ എം നേതൃപരമായ പങ്ക് വഹിച്ചു എന്നത് സത്യമാണ്. ശ്രീ എം എന്റെ അടുത്ത് വന്ന് സംസാരിച്ചിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായ പുസ്തകത്തില്‍ ഒരിടത്തും അത് രാഷ്ട്രീയ ബാന്ധവത്തിനുള്ള ചര്‍ച്ചയാണെന്ന് പറഞ്ഞിട്ടില്ല.

മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. അത്തരത്തിലുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. ശ്രീ എം പങ്കെടുത്ത പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

×