Advertisment

കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പരിമിതികൾക്കുള്ളിൽ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം: എല്ലാ മലയാളികൾക്കും ഹൃദയപൂർവമായ ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കൊവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പരിമിതികൾക്കുള്ളിൽ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഹൃദയപൂർവമായ ഓണാശംസകൾ' - മുഖ്യമന്ത്രി ആശംസിച്ചു.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ഓണാശംസ

അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാൻ നമുക്കു കഴിയുകതന്നെ ചെയ്യും എന്ന പ്രത്യാശ പടർത്തിക്കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം.

പഞ്ഞക്കർക്കിടകത്തെ കടന്നാണല്ലൊ നാം പൊൻചിങ്ങത്തിരുവോണത്തിലെത്തുന്നത്. അപ്പോൾ ഓണം വലിയ ഒരു പ്രതീക്ഷയാണ്; പ്രത്യാശയാണ്. ഏതു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കൈത്തിരികൾ മനസ്സിൽ വെളിച്ചം പടർത്തട്ടെ. ഇക്കാലത്ത് അതിന് പ്രത്യേകമായ പ്രാധാന്യമുണ്ട്.

ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കൽപമാണ്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു എന്ന് ആ സങ്കൽപം പറഞ്ഞുതരുന്നു. അതുകൊണ്ടുതന്നെ വറ്റാത്ത ഊർജത്തിന്റെ കേന്ദ്രമാണ് ആ സങ്കൽപം. എല്ലാ മനുഷ്യരും ഒരുമയിൽ, സമത്വത്തിൽ, സ്‌നേഹത്തിൽ, സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്നാഗ്രഹിച്ച് അതിനായി യത്‌നിക്കുന്ന ആർക്കും അളവിൽ കവിഞ്ഞ പ്രചോദനം പകർന്നുതരും ആ സങ്കൽപം. ആ യത്‌നങ്ങൾ സഫലമാവട്ടെ

എല്ലാവിധ വേർതിരിവുകൾക്കുമതീതമായി എല്ലാവിധ ഭേദചിന്തകൾക്കുമതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം. കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പരിമിതികൾക്കുള്ളിൽ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഹൃദയപൂർവമായ ഓണാശംസകൾ.

onam pinarai
Advertisment