Advertisment

ഇനിയുള്ള കാലം വർഗീയതയെ കുഴിച്ചുമൂടുവാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നെങ്ങനെ കേരളമെന്നു കേട്ടാല്‍ ഞരമ്പുകളിൽ ചോര തിളക്കും ? ഇപ്പോള്‍ അഭിമാനിക്കാന്‍ എന്ത് ഒലക്കയാണുള്ളത് ? വര്‍ഗീയതയോട് ബൈ പറയാന്‍ മലയാളി മുന്നിട്ടിറങ്ങിയില്ലെങ്കില്‍ കളമശ്ശേരി ചോറ്റുപാത്ര ബോംബിൽ ചാനലുകാരും രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയ മലരന്മാരും കളിച്ച കളികൾ ഇനിയും മലയാളി കാണേണ്ടി വരും. അടുത്ത കേരളപ്പിറവി മാറ്റങ്ങളുടേതാകണം - ദാസനും വിജയനും

വലിയ ബുദ്ധിമാന്മാർ, വലിയ സാഹിത്യകാരന്മാർ, വലിയ സിനിമാക്കാർ, വലിയ രാഷ്ട്രീയ നൈപുണ്യർ, വലിയ ശാസ്ത്രജ്ഞർ, വലിയ പോലീസ് ബുദ്ധി ജീവികൾ .. എന്നൊക്കെ നമ്മൾ വിളിച്ചുകൂവി അഹങ്കരിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ക്കാലങ്ങളിലൊക്കെ ഓരോരോ രാഷ്ട്രീയ പാർട്ടികൾ മാറി ഭരിക്കുവാൻ അന്നത്തെ വോട്ടർമാർ ശ്രദ്ധിച്ചിരുന്നു. ഇന്നിപ്പോൾ ആര് ഭരിച്ചാൽ എന്ത് ? ആരൊക്കെ കയ്യിട്ട് വരിയായി എന്ത് ? .. എന്ന നിലയില്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ കാപാലികന്മാരുടെ നാടായി നമ്മുടെ ഈ കൊച്ചു കേരളം.

New Update
kalamasseri explosion-5

''ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം.. കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ'' എന്നത് ഇന്ന് നവംബർ ഒന്നാം തിയതി കേട്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ ചിരി വിടർന്നു. എന്ത് ഒലക്കയാണ് ഇന്ന് കേരളം. 

Advertisment

വലിയ ബുദ്ധിമാന്മാർ, വലിയ സാഹിത്യകാരന്മാർ, വലിയ സിനിമാക്കാർ, വലിയ രാഷ്ട്രീയ നൈപുണ്യർ, വലിയ ശാസ്ത്രജ്ഞർ, വലിയ പോലീസ് ബുദ്ധി ജീവികൾ .. എന്നൊക്കെ നമ്മൾ വിളിച്ചുകൂവി അഹങ്കരിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. 

അക്കാലങ്ങളിലൊക്കെ ഓരോരോ രാഷ്ട്രീയ പാർട്ടികൾ മാറി ഭരിക്കുവാൻ അന്നത്തെ വോട്ടർമാർ ശ്രദ്ധിച്ചിരുന്നു. ഇന്നിപ്പോൾ ആര് ഭരിച്ചാൽ എന്ത് ? ആരൊക്കെ കയ്യിട്ട് വരിയായി എന്ത് ? .. എന്ന നിലയില്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ കാപാലികന്മാരുടെ നാടായി നമ്മുടെ ഈ കൊച്ചു കേരളം.

പണ്ട് നമ്മൾ തമിഴ് സിനിമകളെ കളിയാക്കിയിരുന്നു, തെലുങ്ക് സിനിമകള്‍ കാണുവാൻ കൂട്ടാക്കുമായിരുന്നില്ല. നായകന് സ്ക്രീനിലേക്ക് കത്തിയെറിഞ്ഞു കൊടുക്കുന്നവർ, നായകൻ നൂറോളം വരുന്ന ഗുണ്ടകളെ ഒറ്റക്ക് അടിച്ചു വീഴ്ത്തുന്നവൻ .. എന്നൊക്കെ നമ്മൾ വളരെ മോശമാക്കി അവരെ കളിയാക്കിയിരുന്നു.


പഴയ തമിഴര്‍ ഇന്നിപ്പോൾ യന്തിരനിലും ബാഹുബലിയിലും വിക്രമിലും കെജിഎഫിലും എത്തി നിൽക്കുമ്പോൾ നമ്മൾ പാലക്കാട്ടെ ഒറ്റപ്പാലത്തെ അമ്മാവനിലും പശുവിലും തൊഴുത്തിലും തോർത്തുമുണ്ടിലും ചുറ്റിപ്പറ്റി കഥകൾ ഉണ്ടാക്കി സിനിമ കളിച്ചു നടക്കുന്നു. പണ്ടൊക്കെ സിനിമകളിൽ അറബികളെ പല്ലു തേക്കാത്ത കാട്ടറബികളായി കാണിച്ചിരുന്നു . ഇന്നിപ്പോൾ അറബികളുടെ സെറ്റപ്പ് കണ്ടാൽ മലയാളി അഞ്ചു തവണ കുളിക്കണം.


ഒരു സ്ത്രീയെ ഇത്രേം മോശമായി നോക്കുന്ന ഒരു വിഭാഗം മലയാളി അല്ലെങ്കിൽ പിന്നെ ഗൾഫിലുള്ള പാകിസ്ഥാനികൾ ആയിരിക്കാം. അവരാണ് ഒരു സ്ത്രീയെ അടപടലം തുറിച്ചു നോക്കുന്നവർ.

അവരിപ്പോൾ സാരിയിൽ ആണെങ്കിലും ചുരിദാറിൽ ആണെങ്കിലും മൈക്രോ മീഡിയിൽ ആണെങ്കിലും അടി മുതൽ മുടി വരെ സസൂക്ഷ്മം നോക്കുന്ന വിഭാഗമായ മലയാളികൾ വാ തോരാതെ സ്ത്രീ ശാക്തീകരണവും സ്ത്രീ വിമോചനവും ഒക്കെ പ്രസംഗിക്കുവാൻ മിടുക്കരാണ്. 

അക്കാര്യത്തിൽ ലേശം ഭേദം രാഷ്ട്രീയക്കാർ എന്നതാണെന്ന വസ്തുത പറയാതെ വയ്യ. ചില തഴുകലുകളും തലോടലുകളും മാറ്റി നിർത്തിയാൽ രാഷ്ട്രീയക്കാർ തന്നെയാണ് ഭേദം, കാരണം വോട്ടു ബാങ്കും ഭാവിയും ഓർക്കുമ്പോൾ അവരെല്ലാം സഹിക്കുന്നു.


സിനിമാക്കാരും സാഹിത്യകാരന്മാരും ഗൾഫുകാരും പണക്കാരും ജീവിതം മുന്നോട്ട് നീക്കുന്നത് തന്നെ പെണ്ണുങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാണ്. എത്ര സുന്ദരിയായ ഭാര്യ ഉണ്ടായാലും പണിക്കാരിയെ പുൽകുന്ന അനേകായിരങ്ങളുടെ നാടായി കേരളം മാറിയിരിക്കുന്നു.


അതൊക്കെ സഹിക്കാം, നാടിന്റെ ഏറ്റവും വലിയ ശാപമാണ് ഇന്നത്തെ ചീഞ്ഞ വർഗീയത. ഒരു ബസ് മറിഞ്ഞാൽ ഒരു കാറ് അപകടത്തിൽ പെട്ടാൽ ഒരു ബോട്ട് ദുരന്തം ഉണ്ടായാൽ ഒരു കൂട്ട ആത്മഹത്യ നടന്നാൽ ഒരു കൊലപാതകം നടന്നാൽ ഒരു കവർച്ച നടന്നാൽ എല്ലാറ്റിലും ജാതി നോക്കി സമവാക്യങ്ങൾ സൃഷ്ടിക്കുന്ന ചാനലുകാരും സോഷ്യൽ മീഡിയക്കാരും റിപ്പോർട്ടമാരും വാട്സ് ആപ്പ് ഗ്രൂപ്പ് മെമ്പർമാരും ഇപ്പൊ തിങ്ങി നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

നാൽപ്പത് അമ്പത് വയസ്സ് കഴിഞ്ഞാൽ ജീവിതം എവിടെയുമെത്താതെ അലഞ്ഞുകൊണ്ടിരിക്കുന്നവർ അവരവരുടെ മനസ്സിലെ വിദ്വേഷവും അസൂയയും തീർക്കുന്നത് വർഗീയതയെ മുന്നിൽ നിർത്തിയാണ്. 


ഒരു ഹോട്ടലിൽ കയറണമെങ്കിൽ ഒരു സൂപ്പർ മാർക്കറ്റിൽ കയറണമെങ്കിൽ ഒരു ടാക്സി വിളിക്കണമെങ്കിൽ അതിൽ മതവും ജാതിയും വിഭാഗവും നോക്കുന്നവരുടെ നാടായി കേരളം മാറി. പണ്ടൊക്കെ ലേശം ഉണ്ടായിരുന്നു എങ്കിലും ഒരു സീരിയസ് വിഷയം വന്നാൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.


താഴ്ന്ന ജാതി വിഭാഗത്തില്‍പെട്ട ഒരു വില്ലൻ നടൻ സോഷ്യൽ മീഡിയയയിലൂടെ പലരെയും ചീത്ത വിളിക്കുകയും, പോലീസ് സ്റ്റേഷനിൽ കയറി തെറി വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുമ്പോൾ ആ മനുഷ്യനും ജാതിയെ കൂട്ടുപിടിക്കുന്നതായി നാം കണ്ടു.

അതേ ജാതിയിൽ പെട്ടയാളെ രാഷ്ട്രപതിയാക്കിയ, അതേ ജാതിയിൽ പെട്ടയാൾ എഴുതിയ ഭരണഘടന കൊണ്ടുനടക്കുന്നവരാണ് നമ്മൾ എന്ന് ഇപ്പറഞ്ഞ കളര്‍ഫുള്‍ നടന്മാര്‍ ഒക്കെ മറന്നുപോയിക്കാണും. 

അല്ലെങ്കിൽ അതൊക്കെ ചിന്തിക്കുവാനുള്ള സമയം കഞ്ചാവും കൊക്കയിനും കൊടുക്കുന്നുണ്ടാകില്ല. ചാനലുകാരിൽ ഭൂരിഭാഗവും ആളുടെ ജാതിയും മതവും വർഗ്ഗവും നോക്കി തന്നെയാണ് ന്യുസിന്റെ വ്യാപ്തിയും ആഴവും കാണുന്നത്. അവർ അതേപടി അക്കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുമ്പോൾ പല വിഭാഗങ്ങളും തീവ്രവാദികളും കളളന്മാരും ഒക്കെ ആകപ്പെടുന്നു .

നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകളിലും അമ്പലക്കമ്മറ്റികളിലും പള്ളിക്കമ്മറ്റികളിലും സ്‌കൂൾ കമ്മറ്റികളിലും കുറെയധികം ലൂസേഴ്‌സ് നുഴഞ്ഞു കയറി അവരുടെയൊക്കെ ചെറിയ ചെറിയ കാര്യസാധ്യങ്ങൾക്കും സാമ്പത്തിക തിരിമറികൾക്കും വർഗീയതയെ ഇറക്കിവിട്ടുകൊണ്ട് സ്പർദ്ധ വരുത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ട് . 

സ്‌കൂളിൽ അടുത്തിരിക്കുന്ന കുട്ടിയുടെ മതം നോക്കി അവരുമായി അടുക്കാതിരിക്കാനും അയൽവക്കത്തെ വീടുകളിലെ നായയുടെ പേര് പറഞ്ഞും പൂച്ചയുടെ പേര് പറഞ്ഞും പശുക്കളുടെ പേര് പറഞ്ഞും പല തരത്തിലുള്ള വിഭാഗീയമായ പൊട്ടിത്തെറികളും നാട്ടിൻ പുറങ്ങളിൽ വരെ എത്തിച്ചേർന്നിട്ടുണ്ട്.

അയൽവക്കത്തെ മരത്തിന്റെ ഇല കൊഴിഞ്ഞു എന്ന പേരിൽ കുടുംബങ്ങൾ തമ്മിലുള്ള പ്രത്യേകിച്ച് സ്ത്രീകൾ നയിക്കുന്ന തെറിവിളീകൾ സോഷ്യൽ മീഡിയയിൽ ധാരാളം കണ്ടുകൊണ്ടിരിക്കുന്നു.


എന്തൊക്കെ തന്നെ പറഞ്ഞാലും മലയാളിയുടെ നന്മ തീരെ നശിച്ചു എന്നും പറയുവാനാകില്ല. പല രാഷ്ട്രീയകക്ഷികളും, ചെറിയ ചെറിയ സംഘടനകളും ധാരാളം പേർക്ക് വീടുകൾ വെച്ചുകൊടുക്കുന്ന ബൈത്ത് ഉൽ റഹ്മാ പോലുള്ള പദ്ധതികളും പത്തും പന്ത്രണ്ടും കോടി വിലവരുന്ന മരുന്നുകൾ എത്തിക്കുവാനുള്ള പരസ്പര സഹായങ്ങളും സമൂഹ വിവാഹങ്ങളും  ഇപ്പറഞ്ഞ കേരളത്തിൽ നടക്കുന്നു എന്നതും പറയേണ്ടിയിരിക്കുന്നു.


ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലാണ് കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിലുള്ള നന്മ അനുഭവിച്ചറിഞ്ഞത്. ആ യാത്രവരെ പണം എറിഞ്ഞു ആളുകളെ വീഴ്ത്തിയതാണെന്ന് വൈക്കം കാരനായ ഒരു പോലീസ് ഓഫീസർ പറഞ്ഞപ്പോൾ ഒന്ന് പൊട്ടിക്കുവാൻ തോന്നി എങ്കിലും പോലീസുകാരനെ തൊട്ടാൽ ജീവിതം കോഞ്ഞാട്ടയാക്കേണ്ടി വരും എന്നറിവുള്ളതുകൊണ്ട് അദ്ദേഹത്തോട് ക്ഷമിച്ചു !

ഇനിയുള്ള കാലം വർഗീയതയെ കുഴിച്ചുമൂടുവാൻ കേരളജനത മുന്നിട്ടിറങ്ങണം, അല്ലെങ്കിൽ കളമശ്ശേരി ചോറ്റുപാത്ര ബോംബിൽ ചാനലുകാരും രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയമലരന്മാരും കളിച്ച കളികൾ ഇനിയും മലയാളി കാണേണ്ടി വരും.

വർഗീയ ധനം സർവ്വധനാൽ പ്രധാനം !

കാള പെറ്റപ്പോൾ കയറെടുത്ത സകലമാന ചാനലുകാർക്കും നന്ദി അറിയിച്ചുകൊണ്ട് മാർട്ടിൻ ദാസപ്പനും

യഹോവാക്കളികൾ നിർത്തിയില്ലെങ്കിൽ ഇനിയും ചോറ്റുപാത്രങ്ങൾ പ്രതീക്ഷിക്കാം എന്ന് മാർട്ടിൻ വിജയപ്പനും

Advertisment