Advertisment

ആരെന്തൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ? പണിമുടക്ക് ഹര്‍ത്താല്‍ തന്നെ ! മുഖ്യമന്ത്രി മുതല്‍ പിയൂണ്‍ വരെ വീട്ടിലാണിരിക്കുന്നത്. ഇന്ന്‍ (നാളെയും) ജനങ്ങളുടെ ഏതൊക്കെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടെന്ന്‍ കോടതി പരിശോധിക്കുമോ ?

New Update

എഡിറ്റോറിയല്‍ / ഹര്‍ത്താലുകള്‍ക്കെതിരെ ആരെന്ത് പറഞ്ഞിട്ടെന്ത് കാര്യം ? ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റ്‌ പൗരന്മാരുടെ മൌലികാവകാശങ്ങള്‍ ഹനിച്ചുകൊണ്ടാകരുതെന്നു കോടതി ഉത്തരവിറക്കി ഒന്നുറങ്ങി ഉണരുന്നത് വരെ പോലും അതനുസരിക്കാന്‍ പണിമുടക്കുന്നവര്‍ക്ക് കഴിഞ്ഞില്ല.

Advertisment

publive-image

സ്വകാര്യ, കെ എസ് ആര്‍ ടി സി ബസുകള്‍, ടാക്സികള്‍ എന്നിവയൊന്നും ഓടുന്നില്ല. സംസ്ഥാന വ്യാപകമായി ട്രെയിനുകള്‍ തടയുന്നു. അപ്പോള്‍ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലികാവകാശങ്ങള്‍ ഒക്കെ എവിടെയാണ് സംരക്ഷിക്കപ്പെടുന്നത് ? സാധാരണ ജനത്തിന് അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒന്ന് ആശുപത്രിയില്‍ പോകാന്‍ പോലും ടാക്സി സര്‍വീസുകള്‍ ഇല്ല.

publive-image

സംസ്ഥാന മുഖ്യമന്ത്രി മുതല്‍ വില്ലേജ് ഓഫീസിലെ പിയൂണ്‍ വരെയുള്ളവരൊക്കെ ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് വീട്ടിലിരിക്കുകയാണ്.  സ്കൂളുകളൊക്കെ പൂട്ടിക്കിടക്കുന്നു.  സ്കൂള്‍ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും നടന്നും സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എത്രയോ ഇരട്ടിയാണ് പൊതു ഗതാഗത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം.

വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമായി തുറക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ എങ്ങനെയാണ് അവിടെക്കെത്തുക.  എങ്കിലും ഹര്‍ത്താലുകളോട് മുഖം തിരിച്ച് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള വ്യാപാരികളുടെ തീരുമാനത്തെ നല്ല തുടക്കമായി വിലയിരുത്താം. എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റി വച്ചിരിക്കുകയാണ്.

publive-image

ജോലി ചെയ്യാതെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കും അവകാശമുണ്ട്.  പക്ഷേ അത്യാവശ്യം സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളുടെ അവകാശങ്ങള്‍ ആര് സംരക്ഷിക്കും.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ ഹാജരല്ല. ഭരണ സിരാകേന്ദ്രത്തില്‍ ഹാജര്‍ നന്നേ കുറവ്.

publive-image

കെ എസ് ആര്‍ ടി സി ബസുകള്‍ ഓടുന്നത് ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി മാത്രമാണ്. അതും ഒരു മണിക്കൂര്‍ ഇടവിട്ട് എല്ലാ സര്‍വ്വീസുകളും ഒരുമിച്ച് പുറപ്പെടുന്ന വിധം. കോണ്‍വെ ആയിട്ടാണ് സര്‍വീസ്. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ ബസുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. പക്ഷേ ദീര്‍ഘദൂരം യാത്ര ചെയ്തു വരുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇതുമൂലം ബസ് കിട്ടാന്‍ ഒരു മണിക്കൂറിലേറെ കാത്തിരിക്കണം.

മുന്‍പ് പണിമുടക്കികള്‍ക്ക് ട്രെയിനുകളുടെ യാത്ര ഇതുപോലെ തടസപ്പെടുത്തുന്ന ഒരു പതിവില്ലായിരുന്നു.  അഥവാ തടഞ്ഞാല്‍ തന്നെ പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം. എന്നാല്‍ ഇത്തവണ ആ പതിവൊക്കെ തെറ്റി.

publive-image

ആലപ്പുഴയില്‍ രണ്ടു ട്രെയിനുകള്‍ തടഞ്ഞിട്ടത് രണ്ടും രണ്ടരയും മണിക്കൂറുകള്‍ വീതമാണ്.  എറണാകുളത്തും കണ്ണൂരും കോഴിക്കോടുമൊക്കെ അര മണിക്കൂര്‍ വീതം ട്രെയിനുകള്‍ തടഞ്ഞിട്ടിരിക്കുന്നു.

ജനങ്ങളുടെ യാത്ര ചെയ്യാനും ആവശ്യങ്ങള്‍ നിറവേറ്റാനുമുളള അവകാശങ്ങളാണ് ഇതോടെ സമരക്കാര്‍ ഇടപെട്ട് ഹനിക്കുന്നത്. അതിനാല്‍ ഹര്‍ത്താലുകള്‍ക്കെതിരെ ഇന്നലെ ശക്തമായ നിലപാടുകളെടുത്ത കേരളാ ഹൈക്കോടതി ഈ പണിമുടക്ക് ദിവസം നമ്മുടെ ജനങ്ങളുടെ ഏതൊക്കെ മൌലിക അവകാശങ്ങളാണ് സംരക്ഷിക്കപ്പെട്ടതെന്ന് അന്വേഷിക്കുമല്ലോ ?

- എഡിറ്റര്‍.

Advertisment