ശബരിമലയില്‍ അടിയന്തിരാവസ്ഥക്കാലത്ത് പോലും ഉണ്ടാകാത്ത സാഹചര്യമോ ? ദേവസ്വത്തെ സഹായിക്കേണ്ട പോലീസ് സന്നിധാനം ഭരിക്കുകയാണോ ? സ്ത്രീകള്‍ കയറരുതെന്ന് പറയുന്നിടത്ത് ഇപ്പോള്‍ പുരുഷനും കയറാന്‍ പറ്റാത്ത സ്ഥിതി 

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Monday, November 19, 2018

എഡിറ്റോറിയല്‍:  ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ എന്തിന്റെ പേരിലായാലും അല്‍പ്പം കടന്ന കയ്യായിപ്പോയി എന്ന് തോന്നിപ്പോകുന്നു. അടിയന്തിരാവസ്ഥ കാലത്ത് പോലും പോലീസ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തയാറാകാതിരുന്ന ശബരിമലയില്‍ ഇന്നിപ്പോള്‍ എല്ലാം പോലീസ് നിയന്ത്രിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.

ശബരിമല പാതകളിലും സന്നിധാനത്തും അതിക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയുടെ പേരിലാണ് ഈ നിയന്ത്രണങ്ങള്‍.

എന്നാല്‍ ശബരിമല പാതകളിലും സന്നിധാനത്തും ദേവസ്വം ബോര്‍ഡിനും ക്ഷേത്രത്തിനും സഹായികളായി മാറേണ്ട പോലീസ് സന്നിധാനം ഭരിക്കുകയും ഭക്തരോട് കല്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള നടപടികളാണ്.

ഭക്തര്‍ കൂട്ടത്തോടെ വന്നു പരിപാവനമായി പ്രാര്‍ഥിക്കേണ്ട സന്നിധാനത്ത് എങ്ങനെയാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് ? ജനങ്ങള്‍ കൂട്ടത്തോടെ പ്രവേശിക്കാന്‍ പാടില്ലാത്ത ഒരു സ്ഥലത്ത് നടപ്പിലാക്കുന്ന ഒരു നിയമം എങ്ങനെയാണ് ഭക്തര്‍ കൂട്ടത്തോടെ പ്രവേശിക്കേണ്ട ഒരു സ്ഥലത്ത് നടപ്പിലാക്കിയത് ?

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനോടാണ് ഭക്തരുടെ എതിര്‍പ്പ്. യുവതികള്‍ ക്ഷേത്രപ്രവേശനത്തിനൊരുങ്ങി വന്നാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത സ്വാഭാവികമായും നിലവിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊലീസിനുണ്ട്.  പക്ഷേ, ഭക്തരായ യുവതികളാരും സന്നിധാനത്തേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വന്ന യുവതികളൊന്നും ഭക്തരുമായിരുന്നില്ല. ഭക്തിയില്ലാതെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന വിശ്വാസികളെ വെല്ലുവിളിക്കുന്ന വിധം അന്ധവിശ്വാസികളും ആക്ടിവിസ്റ്റുകളും യുവതികളായ മാധ്യമ പ്രവര്‍ത്തകരും സന്നിധാനത്ത് പോലീസ് സഹായത്തോടെ എത്താന്‍ ശ്രമിച്ചതാണ് വിശ്വാസികളുടെ മതവികാരത്തെ പ്രകോപിപ്പിച്ചത്.

അങ്ങനെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരെയൊക്കെ ബി ജെ പിയുടെ ലേബല്‍ ചാര്‍ത്തി വേര്‍തിരിച്ച് കാണുന്നതും ശരിയല്ല. ആ എതിര്‍പ്പ് ബി ജെ പിക്കാര്‍ക്ക് മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്.

ആ പരിശ്രമം ബി ജെ പി – സി പി എം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത്തരം രാഷ്ട്രീയത്തെ ശബരിമല വിഷയവുമായി കൂട്ടിഘടിപ്പിച്ചതാണ് നിലവില്‍ ശബരിമലയിലെ യഥാര്‍ത്ഥ വിഷയം.

ചുരുക്കത്തില്‍ സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സന്നിധാനത്ത് പോലീസും വിശ്വാസികളും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ വിശ്വാസികളായ പുരുഷന്മാര്‍ക്ക് പോലും സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നതാണ് സ്ഥിതി.

ആകെ ഒരു വര്‍ഷം ഭക്തര്‍ക്ക് സന്നിധാനത്ത് യഥേഷ്ടം പ്രവേശിക്കാന്‍ കഴിയുന്നത് അറുപതോളം ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന മണ്ഡല കാലത്ത് മാത്രമാണ്.  ആ കാലഘട്ടം ഇങ്ങനെ കലുഷിതമാക്കി മാറ്റിയത് എന്തിനുവേണ്ടിയായിരുന്നെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. ഇതിങ്ങനെ തന്നെയായിരുന്നോ കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നു സര്‍ക്കാരും ആലോചിക്കണം.

ഈ മണ്ഡലകാലത്ത് മല ചവിട്ടാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന യുവതികളുണ്ട്.  അവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതാണ്. മുമ്പ് മലകയറാന്‍ വന്ന ചില യുവതികള്‍ക്ക് ബാഹ്യ പ്രേരണ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വിശ്വാസികളല്ലാത്ത യുവതികളെ ശബരിമല കയറ്റേണ്ടതുണ്ടോ എന്ന് നിയമവശങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് തന്നെ വീണ്ടും ആലോചിക്കണം.

എല്ലാത്തിനും ഉപരി ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കം എല്ലാവരും ഉപേക്ഷിക്കണം. അത് അയ്യപ്പന്‍റെ പൂങ്കാവനമായി തന്നെ നിലനില്‍ക്കണം ! അനാദികാലത്തോളം !

– എഡിറ്റര്‍.

×