ഭൂമിക്കൊരു കുടയൊരുക്കാൻ ബിൽ ഗേറ്റ്സ് ! അഹോരാത്രം പ്രയത്നിച്ച് ശാസ്ത്രഞ്ജര്‍. ഇതുവരെ ചിലവായത് 28 കോടി ഡോളര്‍. ആ സ്വപ്ന പദ്ധതി ഇങ്ങനെ ..

പ്രകാശ് നായര്‍ മേലില
Monday, August 19, 2019

ഗോളതാപനത്തിൽ നിന്നും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും രക്ഷിക്കാനായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് മുന്നിട്ടിറങ്ങിയിരിക്കുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ജരാണ് അദ്ദേഹത്തോടൊപ്പം ഈ ബൃഹത്തായ മിഷനുപിന്നിൽ അഹോരാത്രം പ്രയത്നിക്കുന്നത്. ഇതിനായി 28 കോടി ഡോളർ ബിൽ ഗേറ്റ്സ് ഇതുവരെ ചെലവഴിച്ചുകഴിഞ്ഞു.

Cloud Dimming the Sun എന്നാണ് ഇതിന്റെ പേര്. ഓരോ ദിവസവും 800 ൽപ്പരം എയർ ക്രാഫ്റ്റുകൾ ടൺ കണക്കിന് ചോക്ക് പൊടിയുമായി പറന്നുയർന്ന് ഭൂമിയിൽനിന്ന് 19 കിലോമീറ്റർ ഉയരത്തിൽ ഓസോൺ പാളിക്കു തൊട്ടുമുകളിലായുള്ള സ്ട്രാറ്റോസ്ഫിയർ (stratosphere) പാളികളിൽ കൊണ്ടുപോയി അത് വിതറുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഈ ചുണ്ണാമ്പുപൊടി, നേരിട്ടു ഭൂമിയിൽപ്പതിക്കുന്ന സൂര്യരശ്മികൾക്കും ചൂടിനും കുറവുണ്ടാകുകയും സൂര്യതാപം നല്ലൊരളവിൽ അന്തരീക്ഷത്തിലേക്ക് തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്നതോടെ ഭൂമിയിൽ താപത്തിന് ഗണ്യമായ കുറവുണ്ടാകുമെന്നും കരുതപ്പെടുന്നു. അതായത് ഭൂമിയിലെ ചൂട് 0.5 ഡിഗ്രി കുറയുമെന്നാണ് പ്രതീക്ഷ.

ഈ പ്രോജക്ടിനുള്ള പ്രേരണ ശാസ്ത്രലോകത്തിന് ലഭിച്ചത് 1991 ൽ ഫിലിപ്പൈൻസിലെ അഗ്നിപർവതമായ Mount Pinatubo പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അന്തരീക്ഷത്തിൽ ഉണ്ടായ വൻ വ്യതിയാനമാണ്.

700 പേർ മരിക്കുകയും രണ്ടു ലക്ഷം വീടുകൾ തകരുകയും ചെയ്ത ആ അഗ്നിപർവത സ്ഫോടനം മൂലം 20 മില്യൺ ടൺ സൾഫർ ഡയോക്‌സൈഡ് ഭൂമിയുടെ അന്തരീക്ഷമാകെ പടരുകയും അതിൽനിന്നു കണങ്ങളായി ഇറ്റുവീ ണുകൊണ്ടിരുന്ന സൾഫ്യുരിക് ആസിഡ് മൂലം ഭൂമിയിൽപ്പതിച്ച സൂര്യരശ്മികൾക്ക് നേരിയ തടസ്സം ഉണ്ടാകുകയും ഗ്ലോബൽ താപനിലതന്നെ അര ഡിഗ്രിയോളം ഒരു വർഷക്കാലത്തേക്ക് കുറയുകയുമുണ്ടായിരുന്നു.

ബിൽ ഗേറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഭൂമിക്കൊരു ആവരണം’ പ്രൊജക്ടുമായി ബന്ധപ്പെട്ട് നിരവധി അനൗദ്യോഗിക പരീക്ഷണങ്ങൾ ഇതുവരെ നടന്നുകഴിഞ്ഞു.

ഇനി അടുത്തതായി ന്യൂ മെക്സിക്കോയിലെ മരുഭൂമിയ്ക്കു മുകളിൽ 19 കിലോമീറ്റർ ഉയരെ അന്തരീക്ഷത്തിൽ ഒരു സയന്റിഫിക്ക് ബലൂണിന്റെ സഹായത്തോടെ (ചിത്രം കാണുക) രണ്ടു കിലോ ചുണ്ണാമ്പുപൊടി വിതറപ്പെടുകയും അതിന്റെ ഫലമായി അന്തരീക്ഷത്തിൽ മുക്കാൽ കിലോമീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള ഒരു ട്യൂബ് പോലെ ആവരണം രൂപപ്പെടുകയും അതുവഴി അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വായുമർദ്ദവും സൂര്യപ്രകാശ ത്തിന്റെ പ്രഭാവവും ഒക്കെ പഠനവിഷയമാക്കപ്പെടുകയും ചെയ്യുന്നതാണ്. ഇത് ഭാവിയിൽ വരാൻപോകുന്ന ആ സ്വപ്ന പദ്ധതിയുടെ തുടക്കമാകും.

എന്നാൽ ഈ പ്രോജക്ടിനെതിരെ ഗുരുതരമുന്നറിയിപ്പുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇപ്പോൾ മുന്നോട്ടുവ ന്നിരിക്കുന്നു. ആഗോളതാപനം തടയാനുള്ള അന്തരീക്ഷത്തിലെ ഈ പൊടിവിതറൽ ഒരു പക്ഷേ ഭൂമിയിൽ ജീവന്റെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുമെന്നാണ് അവർ പറയുന്നത്.

സൂര്യപ്രകാശം നേരിയ രൂപത്തിലെങ്കിലും തടയുകവഴി ഭൂമിയിലെ അന്തരീക്ഷമാകെ മാറപ്പെടുവാനും കാലാവസ്ഥയെത്തന്നെ അത് പ്രതികൂലമായി ബാധിക്കാനും അതുമൂലം ഭൂമിയാകെ കടുത്ത വരൾച്ചയും വായുമർദ്ദത്തിന്റെ ഫലമായി അടിക്കടിയുണ്ടാകാൻ സാദ്ധ്യതയുള്ള കൊടുങ്കാറ്റുകളും ഭൂമിയെത്തന്നെ ഇല്ലാതാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിശദമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിൽ ഗേറ്റ്സും ഹാർവാർഡ് ശാസ്ത്രസമൂഹവും. അവരുടെ പ്രയത്നം സഫലമായാൽ അടുത്ത പത്തുവർഷത്തിനുള്ളിൽ അന്തരീക്ഷത്തിൽ ആഗോളതാപനം തടയാനായുള്ള സ്ഥിരമായ ആവരണം രൂപപ്പെടാൻ അത് വഴിയൊരുക്കപ്പെടും.

ആഗോളതാപനത്തിന്റെ അതിതീവ്രത ലോകത്തിന്റെ പലഭാഗത്തും അനുഭവപ്പെടുകയും യൂറോപ്പുവരെ അതിന്റെ ഭവിഷ്യത്ത് നേരിടുകയും ചെയ്ത സാഹചര്യത്തിൽ ബിൽ ഗേറ്റ്സും സംഘവും നടത്തുന്ന പരീക്ഷണങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഇപ്പോൾ ലോമൊന്നാകെ.

×