Advertisment

മഹാരാഷ്ട്രയിലും ധാരാവിയിലും കോവിഡ് പടരുകയാണ് ! കടുത്ത ജാഗ്രതയും മുൻകരുതലുകളും ധാരാവിയിൽ അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു

New Update

സ്ഥിതി ആശങ്കാജനകം തന്നെയാണ്. മഹാരാഷ്ട്രയിൽ മരണം 1019 ആയിരിക്കുന്നു. ഇതിൽ 60 % മരണവും നടന്നിരിക്കുന്നത് മുംബൈയിൽ ആണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തു നടന്ന കോവിഡ് മരണങ്ങളിൽ 38 % വും മഹാരാഷ്ട്രയിലാണ്.

Advertisment

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയാണ് ആശങ്കയുടെ നിഴലിൽ നിൽക്കുന്നത്. ഇവിടെ ഇതുവരെ 30 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. ധാരാവിയിൽ കോവിഡ് പടരുകയെന്നാൽ ലോകത്തെ ഏറ്റവും വലിയ വിപത്തായി അത് മാറാനിടയുണ്ട്. ഇപ്പോൾ 500 ൽ അധികമാളുകൾ ധാരാവിയിൽ കോവിഡ് ബാധിതരാണ്.

publive-image

അതിശക്തമായ മുൻകരുതലെടുത്തില്ലെങ്കിൽ ധാരാവിയിൽ കോവിഡ് കാട്ടുതീ പോലെ പടരുമെന്നും ലക്ഷക്കണക്കിന് ജനങ്ങൾ ഇടതിങ്ങിക്കഴിയുന്ന ചേരിയിൽ അത് വളരെ വിനാശകരമായ രീതിയിൽ മരണം വിതയ്ക്കപ്പെടുമെന്നും സ്റ്റെൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോക്ടർ കൃതിക കാപാലി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

രാജ്യത്തെ കോവിഡ് ബാധിതരിൽ 32 % വും മരണപ്പെട്ടവരിൽ 38 % വും മഹാരാഷ്ട്രയിലാണ്. മാർച്ച് 17 നാണ് ഇവിടെ ആദ്യകോവിഡ് മരണം നടന്നത്. കഴിഞ്ഞ 11 ദിവസമായി മരണനിരക്ക് കൂടിയിരിക്കുന്നു. ദിവസം 50 ൽ അധികം ആളുകൾ എന്ന കണക്കിൽ.

മുംബൈ , കൊറോണയുടെ എപ്പിസെന്ററായി മാറിക്കഴിഞ്ഞു. ഇസ്രായേൽ, ആസ്‌ത്രേലിയ, പാക്കിസ്ഥാൻ, ശ്രീലങ്ക ഉൾപ്പെടെയുള്ള ലോകത്തെ 188 രാജ്യങ്ങളിൽ നടന്നതിനേക്കാൾ കോവിഡ് മരണം മഹാരാഷ്ട്രയിൽ സംഭവിച്ചിരിക്കുന്നു.

ഇതിൽ പാക്കിസ്ഥാനിൽ മാത്രമാണ് മഹാരാഷ്ട്രയേക്കാൾ ജനസംഖ്യ കൂടുതലുള്ളത്. മഹാരാഷ്ട്രയിലെ ജനസംഖ്യ 11 കോടിയും പാക്കിസ്ഥാനിൽ 22 കോടിയുമാണ്. ലോകത്തിതുവരെ 223 രാജ്യങ്ങളിലാണ് കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നത്.

സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കടുത്ത ജാഗ്രതയും മുൻകരുതലുകളും ധാരാവിയിൽ അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം വലിയ വിപത്താകും വരാൻപോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.

Advertisment