ലോകത്തെ സമ്പന്നരാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലാൻഡ്. അവിടുത്തെ ജനത മറ്റു മാർഗ്ഗമില്ലാതെ ഒരു നേരത്തെ ആഹാരത്തിനായി ക്യൂ നിൽക്കേണ്ടിവരുന്ന അവസ്ഥ സങ്കല്പിക്കാനാകുമോ?
ഒന്നരമാസം മുൻപ്‌വരെ അതേപ്പറ്റി ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.എങ്കിൽ ഇന്ന് കൊറോണയെന്ന മഹാമാരി മറ്റുള്ളവർക്കുമുന്നിൽ കൈനീട്ടാൻ ലോകത്തുള്ള എല്ലാ സമ്പന്നരെയും നിർബന്ധിതരാക്കിക്കളഞ്ഞു.
സ്വിറ്റ്സർലന്റിലെ ധനാഢ്യരുടെ താവളമായ ജനീവയിൽ ഒരു നേരത്തെ ആഹാരത്തിനായി ജനം തെരുവിൽ ക്യൂ നിന്ന കാഴ്ച ലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. കൊറോണ വൈറസ് എല്ലാ സമീകരണങ്ങളും കീഴ്മേൽ മറിച്ചിരിക്കുന്നു. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ.
ജനീവ ലോകത്തെ സമ്പന്നനഗരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണെന്നോർക്കണം. സ്വിറ്റ്സർലാൻഡിലെ ജനസംഖ്യ 86 ലക്ഷമാണ്. 2018 ലെ കണക്കുകൾ പ്രകാരം അവിടെ പാവപ്പെട്ടവർ 6.6 ലക്ഷമാണ്.
കോവിഡ് കാലം ഭൂമിയിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കുന്ന സ്വിറ്റ്സർലാൻഡിനെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രവാസികളായ ജോലിക്കാരെയും ചെറിയ കച്ചവടക്കാരെയുമാണ് കോവിഡ് കാലം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ബില്ലുകൾ അടയ്ക്കണം, ഇൻഷുറൻസ്, മറ്റുള്ള ബാദ്ധ്യതകൾ കൂടാതെ തൊഴിലും പോയി. ആളുകളുടെ കയ്യിൽ പണമില്ല. എന്തുചെയ്യാനാണ് ? ശനിയാഴ്ച വെളുപ്പിന് 5 മണിമുതൽ തുടങ്ങിയ ആഹാരത്തിനുവേണ്ടിയുള്ള ആയിരത്തോളം ആളുകളുടെ ക്യൂ ഒന്നര കിലോമീറ്റർ വരെ നീണ്ടിരുന്നു.
ഇതാദ്യമായി സ്വിറ്റ്സർലൻഡ് ജനതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാമായിരുന്നു. ഒരാഴ്ചത്തേക്കുള്ള ആഹാരസാധനങ്ങൾ ചില സംഘടനകൾ വിതരണം ചെയ്യുന്നുണ്ട്. അതുകഴിഞ്ഞുള്ളത് ദൈവം വഴികാട്ടുമെന്ന ആത്മഗതത്തോടെയാണ് പലരും സ്വയം ആശ്വസിക്കുന്നത്.
സ്വിറ്റസർലാന്റിൽ കൊറോണബാധിച്ച് ഇതുവരെ 1845 പേർ മരിച്ചിട്ടുണ്ട്. നിലവിൽ 1700 പേർ രോഗബാധിതരാണ്.