ഇതൊരു മാതൃകാഗ്രാമമാണ്. വികസനത്തിലും ,വിദ്യാഭ്യാസത്തിലും, ശുചിത്വത്തിലും, പരിസ്ഥിതി സംരക്ഷണത്തിലും, മാലിന്യമുക്തിയിലും, അച്ചടക്കത്തിലും ,പരസ്പ്പര സഹകരണത്തിലും, സൗഹാർദ്ദത്തിലും വളരെ ഔന്നത്യം പുലർത്തുന്ന സമ്പൂർണ്ണ മാതൃകാഗ്രാമം..
"രാജ്‌സമാധിയാല ( Rajsamadhiyala )" എന്നറിയപ്പെടുന്ന ഈ ഗ്രാമം ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് കേവലം 20 കിലോമീറ്ററകലെയാണ് സ്ഥിതി ചെയ്യുന്നത്.രാജ്‌കോട്ട് റൂറൽ അസംബ്ലിമണ്ഡലത്തിന്റെ ഭാഗമായ ഇവിടെ ഇന്നാണ് ( ഏപ്രിൽ 23) വോട്ടെടുപ്പ് നടക്കുന്നത്. ജനസംഖ്യ 1700 ഉള്ള രാജ്‌സമാധിയാല ഗ്രാമത്തിൽ വോട്ടർമാരുടെ എണ്ണം 1000 ത്തിനടുത്താണ്.
/sathyam/media/post_attachments/VVtiIMg0e7FgfLiaPuzc.jpg)
ഈ ഗ്രാമത്തിൽ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും വോട്ടഭ്യർത്ഥിച്ചു പ്രസംഗിക്കാനോ ,പ്രകടനം നടത്താനോ, ഭവനസന്ദർശനം നടത്താനോ അനുവാദമില്ല എന്നതാണ് കൗതുകകരമായ വസ്തുത. ഗ്രാമത്തിന്റെ പ്രവേശനകവാടത്തിൽ ഇവിടെ പാലിക്കേണ്ട നിയയമസംഹിത പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്. അത് തെറ്റിച്ചാൽ 51 രൂപ മുതൽ 10000 രൂപവരെയാണ് പിഴ നൽകേണ്ടി വരുക.
1983 ൽ ഹർദേവ് സിംഗ് ജഡേജ ഗ്രാമത്തലവനായി ( സർപ്പഞ്ച് ) തെരഞ്ഞെടുക്കപ്പെട്ടതോടെ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന രാജ്‌സമാധിയാല ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റപ്പെടുകയായിരുന്നു. അന്നുതുടങ്ങിയ വികസനം ഇന്ന് രാജ്യത്തെ ഏറ്റവും മനോഹരവും സ്വച്ഛന്ദവുമായ ഒരു ഗ്രാമമായി ഇതിനെ മാറ്റിയെടുത്തു എന്നുതന്നെ പറയാം.
/sathyam/media/post_attachments/qOpb9b2XyVhs8zobZl3n.jpg)
രാഷ്ട്രീയക്കാർക്കും ,നേതാക്കൾക്കും, തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് ഗ്രാമത്തിൽ വിലക്ക് കൽപ്പിച്ച അദ്ദേഹം ഇതിനുകാരണമായി പറഞ്ഞത് ഗ്രാമത്തിലെ സൗഹൃദം ഇല്ലാതാകുന്നുവെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ജനങ്ങൾ പരസ്പ്പരം ശത്രുക്കാളാകുകയും വികസനത്തെത്തന്നെ അത് ബാധിക്കുകയും ചെയ്യുന്നുവെന്നാണ്..
നേരിട്ടോ, മൈക്ക് വഴിയോ ,പോസ്റ്ററുകളിൽക്കൂടിയോ ഇവിടെ സ്ഥാനാർത്ഥികൾക്ക് പ്രാചാരണം നടത്താൻ അനുവാദമില്ല എന്നതുകൂടാതെ പ്രകടനമോ, പൊതുയോഗമോ നടത്താനും പാടില്ല എന്നും നിയമമുണ്ട്. ഇന്ന് 35 വർഷം പിന്നിടുമ്പോഴും ആ നിയമം പൊളിച്ചെഴുതാൻ ഇപ്പോഴത്തെ സർപ്പഞ്ച് അശോക് ഭായ് വഗേരയും ലവലേശവും തയ്യാറല്ലത്രേ. ഗ്രാമത്തിൽ ശാന്തിയും സമാധാനവും സ്ഥായിയായി നിലനിൽക്കണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹവും.
/sathyam/media/post_attachments/12Gnag8bJxcZAT3OQph7.jpg)
ഗ്രാമത്തിൽ എല്ലാ മതസ്ഥരെയും ഉൾപ്പെടുത്തി ഒരു ഗ്രാമ അദാലത്ത് രൂപീകരിച്ചിട്ടുണ്ട്. നിയമനിർമ്മാണവും പരിപാലനവും ഈ അദാലത്തിന്റെ ചുമതലയാണ്.
ഇതൊക്കെയാണെങ്കിലും ഗ്രാമീണരെല്ലാം നിർബന്ധമായതും വോട്ടുചെയ്തിരിക്കണമെന്ന നിയമം ഇവിടെ പ്രാബല്യത്തിലുണ്ട്. തക്കതായ കാരണമില്ലാതെ വോട്ട് ചെയ്യാത്തവർ 51 രൂപ ഗ്രാമ അദാലത്തിൽ പിഴ അടച്ചേ മതിയാകുകയുള്ളു. തന്മൂലം ഇവിടുത്തെ വോട്ടിങ് ശതമാനം 95 % ത്തിനും മുകളിലാണ്.
/sathyam/media/post_attachments/qBGXnVvM5igIJZukOpXD.jpg)
ഗ്രാമപുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഗ്രാമ അദാലത്ത് ശക്തമായ നിയമങ്ങളാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. മദ്യം വിൽക്കുകയോ മദ്യപിക്കുകയോ ചെയ്‌താൽ പിഴ 10000 രൂപയാണ്. മരശിഖരങ്ങൾ അനുവാദമില്ലാതെ മുറിച്ചാൽ 501 രൂപ പിഴ നൽകണം. പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്ന ഇവിടെ അത് ലംഘിക്കുന്ന കടക്കാർക്ക് 51 രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്.റോഡരുകിൽ പ്ലാസ്റ്റിക്,പേപ്പർ തുടങ്ങിയ ചപ്പുചവറുകൾ വലിച്ചെറിയുന്നവർക്കും ഇതാണ് ശിക്ഷ.
/sathyam/media/post_attachments/TAEy4wKlcrBriM0EoH2Z.jpg)
റോഡുകളെല്ലാം കോൺക്രീറ്റ് ചെയ്തിരിക്കുന്നു.ഗ്രാമം മുഴുവൻ CCTV നിരീക്ഷണത്തിലാണ്.ഗ്രാമമെല്ലാം സൗജന്യ വൈ ഫൈയും ലഭ്യമാണ്. ആധുനികസംവിധാനങ്ങളുള്ള ഒരു സ്‌കൂളും, കുടുംബാരോഗ്യകേന്ദ്രവും ഇവിടെയുണ്ട്. ഫ്‌ളാഷ് ലൈറ്റ് സംവിധാനമുള്ള ഗ്രാമത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം വളരെ പ്രസിദ്ധമാണ്. സംസ്ഥാനതലത്തിലുള്ള കളിക്കാർ വരെ പകലും രാത്രിയിലും ഇവിടെ കളിക്കാൻ വരാറുണ്ട്.
ഗ്രാമത്തിലെ സാംസ്കാരികനിലയവും ആരാധനാലയങ്ങളും ജനങ്ങളുടെ ഒത്തുചേരലുകളുടെ പ്രധാനവേദി കളാണ്. ഇവിടുത്തെ എല്ലാ വീടുകളിലും ടോയ്‌ലെറ്റ്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാണ്.വളരെ പ്രധാനപ്പെട്ട ഒരു വിഷയം, ഇവിടുത്തെ ഗ്രാമീണർ വീടുവിട്ടു പുറത്തുപോകുമ്പോൾ തങ്ങളുടെ വീടുകൾക്കു താഴുകൾ ഇടാറില്ല എന്നതാണ്.
രാജ്‌സമാധിയാല ഗ്രാമത്തിലെ ഈ നിയമങ്ങൾ മാറ്റിയെഴുതാൻ ഒരൊറ്റ രാഷ്ട്രീയക്കാരനും ഇതുവരെ ധൈര്യം വന്നിട്ടില്ല എന്നതും വസ്തുതയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us