ഇങ്ങനെയും ഒരു രാവണദഹനം ! അഴിമതിക്കാരായ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ എഴുതി തീകൊളുത്തി 

പി എൻ മേലില
Monday, October 14, 2019

ഴിമതിക്കാരായ പഞ്ചായത്ത് പ്രസിഡണ്ട് / സെക്രട്ടറി ഉൾപ്പെടെ 12 വാർഡ് മെമ്പർമാരുടെയും പേരുകൾ രാവണന്റെ തലയിലും ശരീരത്തുമെല്ലാം പരസ്യമായി എഴുതിയശേഷം തീകൊളുത്തി.

ഇക്കഴിഞ്ഞ ദസേറ ദിനത്തോടനുബന്ധിച്ചു ഛത്തീസ്‌ ഗഢിലെ ബിലാസ്പ്പൂർ ജില്ലയിലുള്ള മസ്‌തൂരി ബ്ളോക്കിലെ ബനിയാദീഹ് ഗ്രാമപഞ്ചായത്തിലാണ് വളരെ വേറിട്ട രാവണദഹനം നടന്നത്.

കഴിഞ്ഞ 5 വർഷമായി യാതൊരുവിധ വികസനപ്രവർത്തനങ്ങളും പഞ്ചായത്തിൽ നടക്കുന്നില്ലെന്നും സർക്കാരിന്റെ ഫണ്ട് മുഴുവൻ ഇക്കൂട്ടർ മുക്കുകയാണെന്നും പഞ്ചായത്തു സെക്രട്ടറിയും വലിയ അഴിമതിക്കാരനും അഹങ്കാരിയുമാണെന്നും ഗ്രമീണർ ആരോപിക്കുന്നു.

രാവണന്റെ തലകളിൽ ഒന്ന് കഴുതയുടേതാണ്. അതിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരാണ് എഴുതിയത്.

ഗ്രാമത്തിലെ റോഡുകളുടെയും കുളങ്ങളുടെയും ദുരവസ്ഥയും കിണറുകളും കക്കൂസുകളും നിർമ്മിക്കുന്ന ഫണ്ടുകളിലെ തിരിമറിയുമാണ് ജനങ്ങളെ ക്രൂദ്ധരാക്കിയിരിക്കുന്നത്.

ദസേറ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവുമെന്നതുപോലെ ഈ വർഷവും 35 അടി ഉയരമുള്ള രാവണന്റെ കോലം നിർമ്മിച്ച് പൂജാകർമ്മങ്ങൾ നടത്തിയശേഷമാണ് അഴിമതിക്കാരായ പഞ്ചായത്തു ഭരണസമിതിയംഗങ്ങളുടെ പേരുകൾ അതിൽ എഴുതിയത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാവണദഹനം ഇവിടെ നടത്തുന്നത്.

രാവണപ്രതിമയ്ക്ക് അഗ്നിപകർന്നത് ഗ്രാമീണർക്ക് പിന്തുണയുമായെത്തിയ മറ്റൊരു മെമ്പറായ 11 -)൦ വാർഡിലെ പ്രഹ്ലാദ് ദാസ് വൈഷ്ണവ് ആയിരുന്നു എന്നതും ശ്രദ്ധേയം.

 

×