Advertisment

'മദ്യവർജന സെമിനാറുകളിൽ പ്രസംഗിക്കാൻ വന്ന ചില പ്രമുഖരെ പിന്നീട് സ്വബോധമില്ലാത്ത അവസ്ഥയിൽ കണ്ട് ലജ്ജ തോന്നിയിട്ടുണ്ട്. ഇതാണ് നമ്മുടെ കാപട്യം. മദ്യം ഉപയോഗിക്കുന്നരെ അത് മാന്യമായി ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്' 

author-image
admin
Updated On
New Update

- ഡോ: എസ്. എസ്. ലാൽ

Advertisment

കൊല്ലാനുള്ള ലൈസൻസ്: ആരുടെ കുറ്റം ?

ശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയെടുക്കുന്പോൾ ഞങ്ങൾ ഡോക്ടർമാർക്കും കണ്ണ് നിറഞ്ഞുപോകുന്ന നിരവധി അവസരങ്ങൾ ഉണ്ടാകാറുണ്ട്, ബൈക്കപകടത്തിലും കാറപകടത്തിലും പെട്ട് ആശുപത്രിയിലെത്തുന്ന ചില ചെറുപ്പക്കാരെ കണ്ടിട്ട്. വിരൽ തൊട്ട് ഒരു കയ്യോ കാലോ വരെ അറ്റുപോയവർ.

മുഖം വികൃതമായിപ്പോയവർ. കാഴ്ച നഷ്ടപ്പെട്ടവർ. നട്ടെല്ല് തകർന്ന് ആയുഷ്ക്കാലത്തേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടവർ. മുന്നിൽ കിടന്ന് അന്ത്യശ്വാസം വലിച്ചവർ. എല്ലാം കണ്ട് നിലവിളിക്കുന്ന ഉറ്റവർ.

അശ്രദ്ധമായ ഡ്രൈവിംഗ് നടത്തി ഒരു നിമിഷം കൊണ്ട് തൻറെയും പല കുടുംബങ്ങളുടെയും ശിഷ്ടജീവിതം മറ്റൊരു ഗതിയിലോ വിപരീത ദിശയിലോ ആക്കിയവർ ധാരാളമാണ്. അശ്രദ്ധയുടെ അളവ് കൂട്ടുന്ന മദ്യം മിക്ക അപകടങ്ങളിലും കൂട്ടുപ്രതിയാണ്. മദ്യപിച്ച് സ്വയം ചെന്നുപെട്ടതോ മറ്റുള്ളവരെ പെടുത്തുന്നതോ ആയ എത്രയെത്ര അപകടങ്ങൾ. ഇക്കാര്യത്തിൽ മാത്രം നമുക്ക് ദേശ-ജാതി-മത-തൊഴിൽ-രാഷ്ട്രീയ വ്യത്യാസങ്ങൾ തീരെയില്ല.

publive-image

നമ്മുടെ മനഃസാക്ഷി എപ്പോഴും അപകടം പറ്റിയ ആളിനൊപ്പമാണ്. അപകടം ഉണ്ടാക്കിയ ആളിന് എതിരും. എന്നും അങ്ങനെയായിരിക്കും. അങ്ങനെ തന്നെ വേണം. എന്നാൽ അപകടമുണ്ടാക്കിയവർ അതിൽ നിന്ന് ഊരാൻ സകല വഴിയും അന്വേഷിക്കും. തങ്ങളെക്കൊണ്ടാവുന്ന സകല സ്വാധീനവും ചെലുത്തും. മറ്റൊരാളുടെ കാരണം കൊണ്ട് അപകടത്തിന് ഇരയായവർ അപകടമുണ്ടാക്കിയ ആളെ പ്രതിയാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും നോക്കും. നഷ്ട പരിഹാരം കിട്ടാനും. നമ്മൾ ദിവസവും കാണുന്നതാണിത്.

നമ്മൾ ഇവിടെ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നീതിയും ന്യായവുമൊക്കെ ആഗ്രഹിക്കുന്ന നമ്മൾ തന്നെ നമ്മുടെ സൗകര്യാർത്ഥം പലപ്പോഴും ചുവടുകൾ മാറ്റാറുണ്ട്. ആശുപത്രികളിൽ ജോലി ചെയ്തിരുന്നപ്പോൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണിത്. അപകടത്തിന് കാരണമായ ആൾ മദ്യപിച്ചിരുന്ന വിവരം ആശുപത്രി രജിസ്റ്ററുകളിൽ രേഖപ്പെടുത്താതിരിക്കാമോ എന്ന് ഡ്യൂട്ടി ഡോക്ടറോട് കേണപേക്ഷിക്കുന്ന രംഗങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്.

അഥവാ രേഖപ്പെടുത്തിക്കഴിഞ്ഞെങ്കിൽ വിവരം തിരുത്താൻ കഴിയുമോ എന്ന് അന്വേഷിക്കുന്ന ബന്ധുക്കളും രാഷ്ട്രീയക്കാരും പൊലീസുകാരും ഡോക്ടർമാരും മാദ്ധ്യമ പ്രവർത്തകരുമുണ്ട്. അതിനായി 'മുകളിൽ' നിന്നുള്ള വിളികൾ വരാറുണ്ട്. ഇതെല്ലാം ചെയ്യുന്നതും നമ്മൾ തന്നെയാണ്. നിയമം നമുക്കോ നമുക്കു വേണ്ടപ്പെട്ടവർക്കോ എതിരായാൽ അതിൽ നിന്ന് ഊരാൻ രഹസ്യമായെങ്കിലും നമ്മളും കൂട്ടുനിൽക്കും.

അതിനായി വാദിക്കാൻ കാശ് കൊടുത്താൽ നല്ല വക്കീലിനെയും കിട്ടും. അയാൾ പ്രതിക്കനുകൂലമായി ഏതറ്റം വരെയും വാദിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ ചെയ്യില്ല എന്ന് നെഞ്ചിൽ കൈവച്ച് പറയാൻ നമുക്കാർക്കും കഴിയില്ല.

സ്വാധീനമുണ്ടെങ്കിൽ നിയമത്തിൻറെയോ തെളിവിൻറെയോ വിടവിലൂടെ എത്ര വലിയ ട്രാഫിക് കുറ്റത്തിലുൾപ്പെട്ടവർക്കും രക്ഷപ്പെടാമെന്ന സ്ഥിതി ഇപ്പോഴുമുണ്ട്. വളരെ ലാഘവത്തോടെ മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെയും നമ്മൾ സമീപിക്കാനുള്ള ഒരു പ്രധാന കാരണമാണിത്.

ഫസ്റ്റ് എയ്‌ഡ്‌ ബോക്സിൽ പഞ്ഞിയില്ലാത്തതിന് പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ ശിക്ഷിക്കുന്ന അതേ നിയമ സംവിധാനങ്ങളാണ് വലിയ കുറ്റങ്ങളിൽ നിന്ന് ഊരിപ്പോകാൻ സ്വാധീനമുള്ളവരെ സഹായിക്കുന്നത്. രാഷ്ട്രീയ സ്വാധീനം കൂടി ഉണ്ടെങ്കിൽ എന്ത് കുറ്റവും കൊലപാതകവും നടത്താമെന്ന ധാരണ സമൂഹത്തിൽ പടരുന്നതും നമ്മുടെ ഈ ഇരട്ടത്താപ്പുകൊണ്ടാണ്. അതുകൊണ്ടാണ് നന്പരില്ലാത്ത ലോറികൾ പാവപ്പെട്ട മനുഷ്യരുടെ പുറത്തു കയറിയിറങ്ങുന്നത്.

യുവ ഡോക്ടറായിരുന്ന കാലത്തെ ഒരനുഭവം മറക്കാൻ കഴിയില്ല. ഞങ്ങളുടെ ഒരു യോഗത്തിനു വന്ന മുതിർന്ന ഡോക്ടർ അടുത്ത സുഹൃത്തായ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനൊപ്പം പോയി മദ്യപിച്ചു തിരികെവന്നു. കൊണ്ടുപോയി കുടിപ്പിച്ച പോലീസ് ഓഫീസറെ അദ്ദേഹത്തിൻറെ ഡ്രൈവർ തിരികെ കൊണ്ടുപോയി. ഡോക്ടർക്ക് ചുവടുറപ്പിച്ചു നിൽക്കാൻ കഴിയുന്നില്ല.

എന്നാൽ അദ്ദേഹത്തിന് സ്വയം കാറോടിച്ച് വീട്ടിൽ പോകണമെന്ന് വാശി. ഞങ്ങൾ കുറേ ചെറുപ്പക്കാർ എതിർത്തു. ട്രാഫിക് അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാനായി ഐ.എം.എ. 'ആക്ട് ഫോഴ്‌സ്' എന്ന പ്രസ്ഥാനം തുടങ്ങിയ സമയവുമാണത്. അതിനാൽ ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം അനുഭവപ്പെട്ടു. ഒടുവിൽ ഡോക്ടറിൽ നിന്നും കാറിൻറെ താക്കോൽ തട്ടിപ്പറിച്ച ഞങ്ങൾ തന്നെ കാറോടിച്ച് അദ്ദേഹത്തെ വീട്ടിൽ കൊണ്ടുചെന്നാക്കി.

പിറ്റേ ദിവസം അദ്ദേഹം ഞങ്ങളോട് ക്ഷമാപണം നടത്തുകയും സഹായിച്ചതിന് നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിൻറെ രക്ഷ മാത്രമല്ലായിരുന്നു ഞങ്ങളുടെ വിഷയം. അദ്ദേഹം റോഡിൽ ഉണ്ടാക്കാവുന്ന അപകടങ്ങളെപ്പറ്റിയും അതുവഴി നഷ്ടപ്പെടാവുന്ന ജീവനുകളെപ്പറ്റിയും ഓർത്തപ്പോൾ ഞങ്ങൾക്ക് ഭയമുണ്ടായി.

ഡോക്ടർമാർക്കിടയിൽ എന്നല്ല പുരോഹിതർക്കിടയിലും മന്ത്രിമാർക്കിടയിലും പോലീസുകാർക്കിടയിലും നിയമപാലകർക്കിടയിലും മാദ്ധ്യമ പ്രവർത്തകർക്കിടയിലും മദ്യപിക്കുന്നവരുണ്ട്. മദ്യപിക്കുന്നവരെല്ലാം നിയന്ത്രണമില്ലാത്ത മദ്യപാനികൾ ആകണമെന്നില്ല. എന്നാൽ മൂക്കറ്റം മദ്യപിക്കുന്നവർ ഇവർക്കിടയിലെല്ലാം ഉണ്ട്.

അവരുടെ അമിത മദ്യപാനം മാത്രമല്ല വിഷയം. അവർക്കൊക്കെ സ്വന്തം ജീവൻ അപടത്തിലാക്കാനുള്ള അവകാശം നമുക്ക് തടയാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, നിരപരാധികളായ വഴിപോക്കരെ ഇടിച്ചു തെറിപ്പിക്കാനും അവരുടെ ജീവനും കൂടി അപകടത്തിലാക്കാനുമൂള്ള ശ്രമങ്ങൾ തടയുക തന്നെ വേണം.

മദ്യപിച്ചു വാഹനമോടിക്കുന്നവർക്ക് വലിയ പിഴയും അപകടമുണ്ടാക്കിയാൽ കടുത്ത ശിക്ഷയും ലഭിക്കാൻ നിയമം വേണം. നാട്ടിൽ അത്തരത്തിൽ പുതിയ നിയമങ്ങൾ വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ വാഹനമോടിക്കുന്നയാളുടെ രക്തത്തിൽ മദ്യത്തിൻറെ അളവ് ഒരു പരിധിയിൽ കൂടിയാൽ മാത്രമേ കുറ്റകരമാകുന്നുള്ളൂ എന്നത് വലിയ പഴുതാണ്. മദ്യപിക്കുന്നവർ ഇടയ്ക്കിടെ സ്വയം രക്തം പരിശോധിച്ചിട്ടോ അല്ലെങ്കിൽ നിശ്വാസ വായു പരിശോധിക്കുന്ന മീറ്ററിൽ ഇടയ്ക്ക് ഊതി നോക്കിയിട്ടോ അല്ലല്ലോ കുടിക്കുന്നത്.

ശരീരത്തിൽ മദ്യം ചെന്നുകഴിയുന്പോൾ തലച്ചോറിൽ അതുണ്ടാക്കുന്ന പ്രവർത്തനം കാരണം ആർക്കും അമിത ആത്മവിശ്വാസം അനുഭവപ്പെടും. അതാണ് അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും പ്രധാന കാരണം. കൂടാതെ രക്തത്തിലെ മദ്യം കാഴ്ചയുടെ കൃത്യതയെ ബാധിക്കും. റോഡിലെ മറ്റു വസ്തുക്കളുടെ ആപേക്ഷിക സ്ഥാനം നിർണ്ണയിക്കുന്നതിലും അവയ്ക്കിടയിലൂടെ തങ്ങളുടെ വാഹനത്തിന് കടന്നുപോകാൻ കഴിയുമോ എന്ന തീരുമാനമെടുക്കാനുള്ള കഴിവിലും പിഴവ് പറ്റും.

ഇത് ഓരോ ആളിലും വ്യത്യസ്തവുമായിരിക്കും. കൂടാതെ കുടിച്ച മദ്യത്തിൻറെ വീര്യവും അളവും ഇതിനെയെല്ലാം ബാധിക്കുന്ന ഘടകങ്ങളാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ മദ്യപിച്ച ഒരാൾ വാഹനമോടിക്കുന്നത് മദ്യത്തിൻറെ അളവ് നോക്കാതെ തന്നെ ശിക്ഷാർഹമാക്കേണ്ടതുണ്ട്. മദ്യപിച്ചവർ ഒരു കാരണവശാലും വണ്ടിയോടിക്കരുത്.

മദ്യം നിരോധിക്കാൻ നമ്മുടെ നാട്ടിൽ കഴിയില്ല എന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. സർക്കാർ തന്നെ മദ്യം വിൽക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ, ലൈംഗിക വിദ്യാഭാസത്തിൻറെ കാര്യത്തിലെന്നതു പോലെ വലിയ ഒളിച്ചുകളിയാണ് നമ്മൾ ഇക്കാര്യത്തിലും നടത്തുന്നത്. നമ്മൾ കാര്യങ്ങൾ പരസ്യമായി സംസാരിക്കില്ല. എന്നാൽ എന്ത് വൃത്തികേടും കാണിക്കും. കപട സദാചാരം പോലെ തന്നെ.

മദ്യവർജന സെമിനാറുകളിൽ പ്രസംഗിക്കാൻ വന്ന ചില പ്രമുഖരെ പിന്നീട് സ്വബോധമില്ലാത്ത അവസ്ഥയിൽ കണ്ട് ലജ്ജ തോന്നിയിട്ടുണ്ട്. ഇതാണ് നമ്മുടെ കാപട്യം. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് മദ്യം ഉപയോഗിക്കുന്നരെ അത് മാന്യമായി ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നതു മാത്രമാണ്. മദ്യപിച്ചാൽ ആരും വാഹനമോടിക്കില്ല എന്ന് ഉറപ്പുവരുത്തുകയാണ്.

മുൻപ് സ്വിറ്റ്സർലന്റിൽ ജീവിക്കുന്പോൾ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. വൈനുകളും മദ്യവും ഉത്പാദിപ്പിക്കുന്ന നാടാണത്. വഴിവക്കിലെ കൊച്ചു കടകളിൽപ്പോലും മദ്യം കിട്ടും. അവിടെ റോഡിലിറങ്ങിയാൽ ബിയറിനാണ് വെള്ളത്തേക്കാൾ വില കുറവ്. നാട്ടുകാരുടെ കയ്യിൽ ആവശ്യത്തിന് കാശുമുണ്ട്. പക്ഷേ, അവിടെ ജീവിച്ച അഞ്ചു വർഷക്കാലത്തിലോ തുടരുന്ന സന്ദർശനങ്ങളിലോ ഒരിക്കൽപ്പോലും മദ്യപിച്ചു വഴിയിൽ നിന്ന് പാട്ടുപാടുന്നവരെയോ നാട്ടുകാരെ തെറി പറയുന്നവരെയോ റോഡിൽ പാന്പിനെപ്പോലെ ഇഴയുന്നവരെയോ കണ്ടിട്ടില്ല.

മദ്യത്തിൻറെ ലഭ്യതയും കയ്യിൽ കാശുള്ളതുമല്ല അമിത മദ്യപാനത്തിന് കാരണമെന്നതിനു തെളിവാണ് ഇത്തരം രാജ്യങ്ങൾ. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഉണ്ടാകുന്ന പുരോഗമനവും നിയമങ്ങളുടെ ബലവും അവ നടപ്പാക്കുന്നതിലുള്ള കാർക്കശ്യവുമൊക്കെയാണ് ഈ നാടുകളെ വ്യത്യസ്തമാക്കുന്നത്. എം.എൽ.എ. യോ മന്ത്രിയോ വിളിച്ചുപറഞ്ഞാൽ മാറുന്ന നിയമമല്ല അവിടെ. പാർട്ടിക്കാർക്ക് സംഘമായി ചെന്ന് ആരെയും പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിക്കാനും കഴിയില്ല. അതിനായി പോയവർ കൂടി അകത്തായിപ്പോകും.

അവനവൻറെ കൈ പൊള്ളുന്പോൾ മാത്രമുള്ള നിലവിളി തൽക്കാല ശാന്തിയേ ഉണ്ടാക്കൂ, ഏത് കാര്യത്തിലും. പുരാണങ്ങളുടെ മഹത്വവും പാർട്ടികളുടെ മനുഷ്യസ്നേഹവും പ്രസംഗിച്ചു നടന്നാൽ നാട് നന്നാവില്ല. പഴുതില്ലാത്ത നിയമങ്ങളും അവ നടപ്പാക്കാനുള്ള സംവിധാനവും അതിനുള്ള ഇച്ഛാശക്തിയും വേണം. ഇരട്ടത്താപ്പുകൾ അവസാനിക്കണം. അതിനുള്ള ചർച്ചകളാണ് ഇനിയുള്ള ദിവസങ്ങളിൽ വേണ്ടത്.

കുടിച്ചിട്ട് വണ്ടിയോടിക്കുന്നവർ ഓർക്കുക. വഴിയിൽ കണ്ട വല്ല പാവത്തിൻറെയും ജീവിതം മാത്രമല്ല നിങ്ങൾ തകർത്തെറിയുന്നത്, നിങ്ങളുടെയും കൂടിയാണ്. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പ്രിയപ്പെട്ടവരുടെയും, നിങ്ങളിൽ പ്രതീക്ഷയുള്ള സൂഹത്തിന്റെയും. അടുത്ത തവണ ചീയേർസ് പറയുന്പോൾ ഇത് പ്രത്യേകം ഓർക്കുക.

വാലറ്റം: ഇപ്പോൾ നടന്ന സംഭവത്തിലെ പ്രതികരണങ്ങളുടെ ശക്തിയുടെ കാരണം മരണമടഞ്ഞ ഹതഭാഗ്യന്റെ പശ്ചാത്തലമോ അപകടമുണ്ടാക്കിയ വ്യക്തിയുടെ ഔന്നത്യമോ ഒക്കെ ആകുന്നത് സ്വാഭാവികം. പക്ഷേ അവസാനത്തെ ദരിദ്രനും തുല്യ നീതി ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഇപ്പോഴത്തെ ഒച്ചപ്പാടുകൾ ആത്യന്തികമായി നമ്മെ എത്തിക്കണ്ട സ്ഥലം അതാണ്.

 

Advertisment