‘ജീവിതത്തിന്റെ തുറന്നുപറച്ചിൽ’

Monday, January 13, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

ർത്തമാനകാലത്തിൽ മറന്നുപോകുന്ന മനുഷ്യഗുണങ്ങളിൽ ഒന്നായിമാറുകയാണ് തുറന്നുപറച്ചിൽ എന്നത്. മനുഷ്യൻ കപടമുഖങ്ങളാൽ ആവരണം ചെയ്യപ്പെട്ടു എന്നതിന്റെ ഉത്തമോദാഹരങ്ങളാണ് ആധുനികാലഘട്ടത്തിലെ പല ജീവിതങ്ങളും.

അഴിഞ്ഞു വീഴുന്ന മുഖമൂടികളെ ഓർത്ത് പലരും നിശ്ശബ്ദരാവുകയാണ് . നിത്യേനെ കടന്നു പോകുന്ന വഴികളിൽ കണ്ടു പോകുന്നവരോടോ , അടുത്തിട പഴകുന്നവരോടോ പലതും മറച്ചു വച്ച് കൃത്രിമമായി മാന്യതയുടെ മേൽവിലാസം ഉണ്ടാക്കി നടന്നുപോകുമ്പോൾ ഒരിക്കൽ പോലും വൈമനസ്യം തോന്നുന്നില്ല എന്നതിൽ അത്ഭുതപ്പെടേണ്ട ആവശ്യമില്ല .

സാമൂഹിക കൃത്രിമ മാന്യത വീട്ടിലേക്കും കടന്നുവരുന്നത് കാണുമ്പോൾ വളരെയേറെ വിഷമം തോന്നാറുണ്ട് . ഔദ്യോഗിക പദവിയുടെ മാന്യതയിൽ വീട്ടിൽ ജന്മം നൽകിയവർ പോലും തന്നോട് മാന്യത കാട്ടണം എന്ന് വിചാരിക്കുന്ന ഒരുകൂട്ടർ എന്നെങ്കിലും ഒരു തുറന്നു പറച്ചിലിന് തയ്യാറായിരുന്നെങ്കിൽ കൂട്ടുകുടുമ്ബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള ചേക്കേറുകൾ ഒരു പരിധിവരെ ഇല്ലാതാവുമായിരുന്നു .

കിടപ്പുമുറികളിൽ കാണുന്ന മറ്റൊരു കൃത്രിമ മാന്യതമൂലം നഷ്‌ടമായ ഭാര്യ ഭത്തൃ ബന്ധം വിവാഹ മോചനത്തിലേക്കുപോലും വഴിതെളിയിച്ചിരിക്കുന്നു . പലരും പകൽമാന്യതയുടെ വക്താക്കൾ മാത്രമാകുന്നു എന്നുള്ളത് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കാണുമ്പോൾ മനസിലാക്കാം .

കൃത്രിമത്ത ജീവിതം ആണോ പലരും ഇഷ്ടപ്പെടുന്നത് . ഒരു പരിധിവരെ ഒരു തുറന്നുപറച്ചിൽ ഇല്ലാത്തതിന്റെ കുറവ് തന്നെ ആണ് സമൂഹത്തിൽ അസിഹ്ഷ്ണുത പടരാനുള്ള കാരണം .

അതുപോലെ തന്നെ ,തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന് പറയുന്ന ബൈബിൾ വചനവും , ലോക സമസ്ത സുഖിനോ ഭവന്തു എന്ന ഭഗവത് ഗീത വചനവും ,അയൽവാസി പട്ടിണി കിടക്കുമ്പോൾ അവർക്ക് ആദ്യം ഭക്ഷണം നൽകിയേ നീ കഴിക്കാവൂ എന്ന ഖുർആൻ വചനവും ഇവിടെ യഥാർത്ഥത്തിൽ പ്രവർത്തികമാക്കപ്പെടണമെങ്കിൽ ഒരു തുറന്നു പറച്ചിൽ അനിവാര്യമാണ്.

നാം എന്താണ് എന്നത് വ്യക്തി മുദ്രയാണ് അതിൽ കുറവോ കൂടുതലോ ഇല്ല . മറിച്ചായാൽ നാം എന്താണ് എന്ന് അറിയാതെ നമ്മൾ മുരടിച്ചു പോയേക്കാം . ലോകത്തിന്റെ വിശാലത ഒരു ദേശത്തിലോ , കുടുംബത്തിലോ , വ്യക്തിയിലോ മാത്രമായി നമ്മൾ ചുരുക്കരുത് സത്യത്തിൽ അതാണ് പരാജയം .

ബന്ധങ്ങളുടെ കാതൽ തുറന്നു പറഞ്ഞുള്ള മാനസിക അടുപ്പത്തിലാണ് നിലകൊള്ളുന്നത് . നാട്ടിൽ കൂണുകൾ പോലെ പെട്ടെന്ന് മുളച്ചു പൊങ്ങുന്ന ജാതി വിഭാഗീയതകൾ രാഷ്ട്രീയ വിഭാഗീയതകൾ എല്ലാം സ്വയം ഒന്നിനുള്ളിലേക്കു മാത്രം ഇറങ്ങിച്ചെല്ലാനുള്ള ആവേശം മാത്രമാണ് പക്ഷെ സത്യം അറിയുന്നവർ ചിലർ മാത്രം.

എല്ലാവരിലും മറകൾ സൃഷ്ടിച്ചു കടന്നുപോകുമ്പോൾ പുറമോടി എന്നകണക്കിൽ മാന്യത ലഭിക്കുമെങ്കിലും മനസാക്ഷി എന്നത് മരിച്ചിരിക്കും ഈ ആധുനിക കാലത്ത് എന്ന് നിസ്സംശയം പറയാം .നമ്മൾ തുറന്നു പറയുമ്പോൾ ആദ്യം വൈമനസ്യം തോന്നുമെങ്കിലും പതിയെ പതിയെ അത് മാറുകയും മറ്റുള്ളവരും തുറന്നു പറയാൻ തുടങ്ങുകയും ചെയ്യും .

ആ കൂട്ടങ്ങൾ വളരുകയും പതിയെ സ്നേഹത്തിന്റെ വിശാലമായ ഇടം ഭൂമിയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ശാന്തിയും സമാധാനവും നമ്മൾ അറിയാതെ തന്നെ നമ്മൾ അധിവസിക്കുന്നിടങ്ങളിൽ വന്നു ചേരും . പലപ്പോഴും നമ്മൾ ശരിയായ രീതിയിൽ നമ്മളോരുത്തരെയും വിനിയോഗിക്കുകയാണെങ്കിൽ വിഭാഗീയത പടരാത്ത ലോകം സൃഷ്ടിക്കാൻ എളുപ്പം സാധിക്കുന്നതാണ് .

ജന്മം കൊണ്ട് ആരെയും മലിനമാക്കാതെ നമ്മുക്ക് നടന്നു നീങ്ങാം അതിലൂടെ തലമുറകളിലേക്ക് നന്മകൾ സമ്മാനിച്ച് ഈ ജന്മത്തിൽ സായൂജ്യമടയാം . നന്മകൾ മരിക്കാതിരിക്കട്ടെ .

×