ആരിഫ് മൊഹമ്മദ് ഖാൻ – കേരള ഗവർണ്ണർ – ‘മതനിരപേക്ഷ- സമകാലിക’ കേരളത്തിനു ഒരു ‘വാക്കും വാഗ്ദാനവും’

ജയശങ്കര്‍ പിള്ള
Monday, September 2, 2019

ന്ത്യൻ രാഷ്ട്രീയത്തിലെ പരിചയ സമ്പത്തും, ഇന്ത്യൻ സംസ്കാരത്തിന്റെ പിന്തുടർച്ചയും, സാമൂഹിക ജീവിതത്തിന്റെ പരിഷ്കർത്താവും ആയ ആരിഫ് മൊഹമ്മദ് ഖാൻ ഇനി കേരള ഗവർണ്ണർ.

എന്തുകൊണ്ടും സമകാലിക കേരള രാഷ്ട്രീയത്തിന് “ഒരു വാക്ക്” ആണ് പുതിയ ഗവർണ്ണർ. കഴിഞ്ഞ പതിനഞ്ചു വര്‍ഷം ആയി രാഷ്ട്രീയത്തിൽ നിന്നും മാറി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകുകയും, എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മതങ്ങൾ ചെലുത്തുന്ന പങ്കിനെ പഠിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുള്ള മത ന്യൂനപക്ഷത്തിന്റെ വക്താവ് കൂടി ആണ് ആരിഫ്.

1951 -ൽ ബുലന്ദ്ഷഹർ ,ഉത്തർപ്രദേശിൽ ജനിച്ചു ഡൽഹി ജെ.എം സ്‌കൂൾ, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ഷിയാ കോളേജ് ലക്‌നൗ എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു.

1977 -ൽ തന്റെ 26 ആം വയസ്സിൽ യുപി അസംബ്ളി അംഗം ആയി മുഖ്യധാര രാഷ്ട്രീയ രംഗപ്രവേശം.  പിന്നീട് 1980-ലും ,1984 -ലും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗം ആയി ലോകസഭാ എംപി. മുത്തലാഖ് ബില്ലിൽ രാജീവ് ഗണ്ടി സർക്കാരിന്റെ നിലപാടുകളെ എതിർത്ത് രാജി സമർപ്പിച്ചു കോണ്‍ഗ്രസ് വിട്ടു ജനതാദൾ പാളയത്തിൽ ചേർന്ന് വീണ്ടും 1989 -ൽ കേന്ദ്ര സിവിൽ ഏവിയേഷൻ & എനർജി മന്ത്രി .ജനതാ ദൾഇൽ നിന്നും ബിഎസ്പിയിലേയ്ക്കും ചുവടുമാറ്റം. ബിഎസ്പിയിൽ നിന്നുകൊണ്ട് 1998 -ൽ വീണ്ടും ലോകസഭയിൽ. 2004 ൽ ബിജെപിയിൽ ചേർന്ന് മത്സരിച്ചു എങ്കിലും പരാജയം ഏറ്റു വാങ്ങിയ അദ്ദേഹം 2007 -ൽ പാർട്ടി വിടുകയും രാഷ്ട്രീയത്തിൽ നിന്നും ഒഴിയുകയും ആയിരുന്നു.

ഇസ്‌ലാമിക വ്യക്തിഗത നിയമവും, വനിതാ സംരക്ഷണവും ഖുർആൻ വിവക്ഷിയ്ക്കുന്ന രീതിയിൽ മുറുകെ പിടിച്ചു വാദിച്ചിട്ടുള്ള വ്യക്തിയാണ് ഖാൻ. കോണ്‍ഗ്രസ് സർക്കാരിന്റെ മുത്തലാഖ് തീരുമാനത്തിൽ പ്രതിക്ഷേധിച്ചു രാജി വച്ച് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം.

മുത്തലാഖ് വിഷയത്തിൽ ചുരുങ്ങിയത് മൂന്നു വർഷം എങ്കിലും ജയിൽ ശിക്ഷ വേണം എന്ന് വാദിച്ചിരുന്നു. ബിജെപി സർക്കാരിന്റെ മുത്തലാഖ് ബില്ലിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഉണ്ടായി. ഇസ്‌ലാമിക പുനരുദ്ധാരണത്തെ കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിയ്ക്കുകയും, പ്രഭാഷങ്ങളും, ചർച്ചകളും നിരന്തരമായി സംഘടിപ്പിച്ച വ്യക്തി ആണ് ആരിഫ് മൊഹമ്മദ് ഖാൻ.

ഭിന്ന ശേഷിക്കാർക്കു വേണ്ടി ഖാനും തന്റെ പത്നി രേഷ്മയും ചേർന്ന് നടത്തുന്ന “സമർപ്പണ്” പദ്ധതി ലോകപ്രസിദ്ധമാണ്. സ്‌കൂൾ കാലം മുതൽ പുസ്തക രചനയിലും, എഴുത്തിലും, പ്രസംഗത്തിലും ശ്രദ്ധ പതിപ്പിച്ച ഖാൻ 2010 -ൽ പ്രസിദ്ധീകരിച്ച പുസ്തകം ലോകപ്രശസ്തി നേടി. അക്കാലത്തു ഏറ്റവും കൂടുതൽ വില്പന നേടിയ അദ്ദേഹത്തിന്റെ പുസ്തകം ആണ് “Quran and Contemporary Challenges”.

കൂടാതെ ദൈനദിന വാർത്താ മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങളിലൂടെ ഇസ്‌ലാമിക പരിവർത്തനത്തെ കുറിച്ച് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഷാബാനു കേസിൽ മുസ്‌ലിം വിധവകളുടെ ക്ഷേമത്തെ സംബന്ധിച്ചു സുപ്രീം കോടതി വിധിയെ ശക്തമായി അനുകൂലിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

കേരളത്തിന്റെ ഗവർണ്ണർ ആയി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ എന്തുകൊണ്ടും സമകാലിക കേരളത്തിന് “ഒരു വാക്ക്” ആണ്. മതനിരപേക്ഷ കേരളം എന്നും, നവോഥാന കേരളം എന്നും, നിരന്തരം പാടി ആഘോഷിയ്ക്കുമ്പോഴും, കേരളത്തിൽ നിലനിൽക്കുന്ന, വളർന്നുവരുന്ന വർഗ്ഗീയ ശക്തികളെ, പ്രതികൂല ഘടകങ്ങളെ ഭരണമുന്നണികൾ പലപ്പോഴും കണ്ടിട്ടില്ല.

മതന്യൂനപക്ഷ സംരക്ഷണം മത സംരക്ഷണം മാത്രമായി മാറുകയും, മതങ്ങളുടെ അവകാശങ്ങൾ പ്രത്യേക വിഭാഗങ്ങൾക്കായി മാത്രം സംരക്ഷിയ്ക്കപ്പെടുകയും ചെയ്തിട്ടുള്ള നാടാണ് കേരളം. വനിതാ സംരക്ഷണവും, കുട്ടികളുടെ സംരക്ഷണവും മുഖമുദ്ര ആക്കുകയും, എന്നാൽ പാലിയ്ക്കുവാൻ , പാലിയ്ക്കപ്പെടുവാൻ കഴിയാത്ത സംസ്ഥാനം എന്ന് മാത്രമല്ല ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി സമാന്തര വ്യവസ്ഥാപിത നിയമങ്ങളിപ്പോടെ സ്ത്രീ പീഡങ്ങൾ അന്വേഷിച്ചു തീർപ്പു കല്പിച്ച സംസ്ഥാനവും ആണ് കേരളം.

എന്തുകൊണ്ടും കേരളത്തിൽ വളർന്നു വരുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് മേൽ നടപടികൾ സ്വീകരിയ്ക്കാൻ കഴിവുള്ള ഗവർണ്ണർ പദവി വിനിയോഗിയ്ക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. ആരിഫ് മൊഹമ്മദ് ഖാൻ “മതനിരപേക്ഷ- സമകാലിക” കേരളത്തിനു ഒരു “വാക്കും വാഗ്ദാനവും” ആണ്.

×