ശാസ്ത്രബോധം കുട്ടികളില്‍: ചില കൊറോണകാല ചിന്തകള്‍

Saturday, April 11, 2020

– പി. സുരേഷ്കുമാര്‍
ഡയറക്ടര്‍, റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ്, തൃശൂര്‍

ശാസ്ത്ര സാങ്കേതികവിദ്യയിലധിഷ്ഠിതമായ കാലാനുസൃതമായ വിദ്യാഭ്യാസനയമാണ് ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെ അടിത്തറ. വികസനം എന്നത് വിദ്യാഭ്യാസ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കും.

സയൻസിന്റെ മുന്നേറ്റമാണ് സാങ്കേതിക വിദ്യയുടെയും അതിലൂടെയുള്ള രാജ്യപുരോഗതിയിലേക്ക് നയിക്കുന്ന നൂതന സാമ്പത്തിക ആശയങ്ങളുടെയും മാർഗ്ഗരേഖ തയ്യാറാക്കുന്നത്.

വികസിത സമ്പദ് വ്യവസ്ഥയുടെ പ്രധാന പ്രത്യേകതകളിലൊന്ന് സയൻസിനെയും സാങ്കേതിക വിദ്യയെയും അനുയോജ്യമായ രീതിയിൽ രാഷ്ട്ര നന്മയ്ക്കായി ഉപയോഗിക്കുക എന്നതാണ്.

ഇതിൽ പരാജയപ്പെടുന്ന രാജ്യങ്ങളാണ് അവികസിത സമ്പദ് വ്യവസ്ഥയുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. ത്വരിത വികസനം എന്നതിന്റെ മറ്റൊരു വാക്കാണ് ശാസ്ത്ര സാങ്കേതിക പുരോഗതി.

ജീവിതത്തിന്റെ ഏത് മേഖലയിലും ആധുനികവൽക്കരണം അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് അറിവിന്റെ പുതിയ തലങ്ങളിലേക്ക് ഓടിക്കയറിയാൽ മാത്രമേ ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ലളിതവും ആയാസകരവുമാകൂ.

മെഡിക്കൽ സൗകര്യങ്ങൾ, ഭൗതിക ഘടനയിലുള്ള മാറ്റങ്ങൾ, ഗതാഗതം, വൈദ്യുതി, ബാങ്കിംഗ് മേഖല, വിവരസാങ്കേതിക വിദ്യ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലത്തിലും ശാസ്ത്ര സാങ്കേതിക പുരോഗതി പ്രകടമാണ്.

ശാസ്ത്രതത്വങ്ങളുടെ പിൻബലത്തോടെയാണ് രാഷ്ട്രത്തിന്റെ വളർച്ചയെന്നത് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. വളർച്ചയുടെയും നേട്ടത്തിന്റെയും ഈ പാതകളിലേക്കാണ് വിദ്യാഭ്യാസത്തിലൂടെ യുവതലമുറയെ നമ്മൾ കൈ പിടിച്ചു നടത്തേണ്ടത്. അതിനാലാണ് ശാസ്ത്ര പഠനം പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അനിവാര്യഘടകമാകുന്നത്.

വിമർശനാത്മക ചിന്താശേഷിയുടെയും, പ്രശ്‌ന പരിഹാര ഉപാധിയുടെയും ഏകാശ്രയമെന്ന നിലയ്ക്ക് ശാസ്ത്ര പഠനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് പ്രൈമറി ക്ലാസുമുതലേ സയൻസ്, പാഠ്യവിഷയങ്ങളിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചത്.

ആശയ രൂപികരണത്തിനും മറ്റു തന്ത്രപരമായ നയ തീരുമാനങ്ങൾക്കും ഭാവിയിലുടനീളം ഉപകരിക്കപ്പെടാവുന്ന മികച്ച നൈപുണ്യം പ്രകടിപ്പിക്കുന്നതിനും ഒരു തലമുറയെ സാധ്യമാക്കുന്നത് ശാസ്ത്ര ബോധവും അതിന്റെ ഉന്നത പഠ നമേഖലകളുമാണെന്ന് നിസ്സംശയം പറയാം.

ഈ കൊവിഡ് കാലത്തെ നമ്മുടെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ലോകത്തോടു വിളിച്ചു പറയുന്നതും മറ്റൊന്നുമല്ല ! എന്നിരുന്നാലും ഇനിയും ഒരുപാട് ദൂരം ഈ രംഗത്ത് നമ്മൾ മുന്നോട്ട് പോകണം.

ആതുര ശുശ്രൂഷാ രംഗത്തുൾപ്പടെ ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ വിദഗ്ദ്ധരെ സൃഷ്ടിച്ചെടുക്കാൻ പ്രാരംഭഘട്ടം മുതലേ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പ്രത്യേകതയും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ്.

‘അറിവു നേടണമെങ്കിൽ സ്‌ക്കൂളിൽ തന്നെ പോകേണ്ടതുണ്ടോ’ എന്ന യുക്തിബോധത്തിന്റെ ഉണർവ്വിൽ നിന്നുണ്ടാകുന്ന അപ്രായോഗികതയെ ഖണ്ഡിച്ചു കൊണ്ട് പറയാം…., ശാസ്ത്ര ബോധവും ജ്ഞാനവും നമ്മളിൽ രൂപപ്പെടുത്തിയെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെയാണ്…. അന്നും ! ഇന്നും ! എന്നും !!

ശാസ്ത്രബോധമുള്ള കുട്ടിയുടെ വളർച്ചയുടെ നാലു ഘട്ടങ്ങൾ

1. യാത്ര ചെയ്യുന്ന സ്‌ക്കൂൾ ബസ്, പ്രകൃതി കാഴ്ചകൾ, മൊബൈൽ ഫോണുകൾ എന്നിങ്ങനെ ചുറ്റിലും കാണുന്നതും ഉപയോഗിക്കപ്പെടുന്നതുമായ എല്ലാ കാര്യങ്ങളിലും വസ്തുക്കളിലും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സാന്നിദ്ധ്യം തിരിച്ചറയണം.

പുറം കാഴ്ചകളിൽ, കാർബൺഡൈ ഓക്‌സയ്ഡ് സ്വീകരിച്ച് ഓക്‌സിജൻ പുറത്തു വിടുന്ന സസ്യ ശ്വസന പ്രക്രിയയും, വീടിനുള്ളിലെ ടി വി സ്‌ക്രീനുമുൾപ്പടെ വിവിധ ശാസ്ത്ര ശാഖകളുടെയും വിജ്ഞാനത്തിന്റെയും അദ്ഭുതങ്ങളിലൂടെയും അത്യപൂർവ്വതകളിലൂടെയുമുള്ള സഞ്ചാരം

2. കാണുന്നതെന്തും ശാസ്ത്ര വീക്ഷണത്തിന് വിധേയമാക്കപ്പെടേണ്ടതാണെന്നുള്ള അവബോധം ചെറിയ പ്രായത്തിലേ കുട്ടികളിൽ സൃഷ്ടിച്ചെടുക്കണം. ഇത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ. പ്രത്യേകിച്ചും ആധുനിക വിദ്യാഭ്യാസ രീതിയുടെ മൂല്യാധിഷ്ഠിത സമീപനത്തിലൂടെ സ്‌ക്കൂളുകളിലെ ശാസ്ത്ര പഠനോപകരണങ്ങളും പരീക്ഷണശാലകളും ഇതിന് അവരെ പ്രാപ്തരാക്കണം.

3. ചുറ്റുമുള്ള ലോകത്തെ കൗതുക കാഴ്ചകൾ കുട്ടിയിൽ അദ്ഭുതത്തോടൊപ്പം അറിയാനുള്ള ആഗ്രഹവും വളർത്തുന്നു. എങ്ങിനെ? എന്തുകൊണ്ട്? എന്നീ ചോദ്യങ്ങൾ സ്വയം ചോദിക്കാനും ഉത്തരം സ്വയം കണ്ടു പിടിക്കാനുമുള്ള കഴിവ് അതിലൂടെ ആർജിക്കും.

സൂര്യൻ ഭൂമിയെ വലം വെയ്ക്കുന്നു എന്ന് പറയുമ്പോൾ, അതല്ല ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് തിരുത്താനും അത് സമർത്ഥിക്കാനുള്ള തെളിവുകൾ നിരത്താനും ഇന്നത്തെ ചില കുട്ടികൾ ശ്രമിക്കാറുണ്ട്. ഇത്തരം ശീലങ്ങൾ പ്രോത്സാഹിപ്പിക്കണം.

4. കുട്ടികളിൽ ഉരുത്തിരിയുന്ന ശാസ്ത്ര പഠനാഭിരുചിയെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ട് സമൂഹനന്മയ്ക്കുപകരിക്കുന്ന ഉയർന്ന തൊഴിൽ തലങ്ങളിലേക്കെത്തിക്കുന്നതിൽ , വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും മുഖ്യപങ്കുവഹിക്കണം. എങ്കിൽ മാത്രമേ ഒരു കുട്ടിയുടെ ശാസ്ത്രബോധത്തെ നാടിന് ഗുണകരമാക്കി മാറ്റാൻ സാധിക്കൂ.

×