എനിക്ക് പെൺമക്കളില്ല. എൻറെ മനസ്സിൽ പെൺകുട്ടികളോട് സ്നേഹവും വാത്സല്യവും സൂക്ഷിക്കാനും അവരെ ബഹുമാനിക്കാനും അതൊരു തടസമല്ല ..

Saturday, December 7, 2019

– ഡോ: എസ്. എസ്. ലാൽ

നിക്ക് പെൺമക്കളില്ല. എൻറെ മനസ്സിൽ പെൺകുട്ടികളോട് സ്നേഹവും വാത്സല്യവും സൂക്ഷിക്കാനും അവരെ ബഹുമാനിക്കാനും അതൊരു തടസമല്ല. ഇപ്പോഴും മക്കളെപ്പോലെയുള്ള പെൺകുട്ടികൾ ഞങ്ങൾക്കൊപ്പമുണ്ട്, വീട്ടിലും ജീവിതത്തിലും. അതൊക്കെ പിന്നൊരിക്കൽ പറയാം.

എൻറെ അമ്മ പെൺകുട്ടിയായിരുന്നപ്പോഴുള്ള ഒരുപാടു കഥകൾ അമ്മ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ആദ്യം അറിഞ്ഞത് അമ്മയിൽ നിന്ന് തന്നെയായിരുന്നു. പെൺകുട്ടികളോട് മര്യാദയ്ക്ക് ഇടപെടാൻ പഠിപ്പിച്ചത് അമ്മയാണ്.

ആദ്യകാല തെറ്റുകൾ നിർദാക്ഷിണ്യം തിരുത്തിയതും അമ്മയാണ്. സ്‌കൂൾ കാലത്ത് ഏതോ പെൺകുട്ടിയെ ‘അവൾ’ എന്ന് പറഞ്ഞത് അമ്മ അപ്പോൾ തന്നെ വഴക്കു പറഞ്ഞു തിരുത്തിയത് മറന്നിട്ടില്ല. പെൺകുട്ടിയുടെ പേര് പറയണം, അല്ലെങ്കിൽ ആ കുട്ടി എന്ന് പറയണം.

ഇതൊക്കെ പഠിപ്പിച്ചിട്ടും കോളേജിൽ പഠിക്കുന്പോൾ ഫോണിൽ ഒരു പെൺകുട്ടിയെ ശകാരിച്ചതിന് അമ്മ കുറേ ദിവസം എന്നെ വഴക്കു പറഞ്ഞു. എനിക്ക് ലജ്‌ജ തോന്നുന്ന രീതിയിൽ. ഒരിക്കലും ആവർത്തിക്കാൻ തോന്നാത്ത രീതിയിൽ. എന്നാലും പലപ്പോഴും ചെറിയ തെറ്റുകൾ ജീവിതത്തിൽ പറ്റിയിട്ടുണ്ട്.

എൻറെ മരിച്ചുപോയ സഹോദരിയും കുടുംബത്തിലെ മറ്റു സ്ത്രീകളും ഒരു കാലത്ത് പെൺകുട്ടികളായിരുന്നു. ഞാൻ അവർക്കൊപ്പമാണ് വളർന്നത്. വലിയ പ്രായവ്യത്യാസം ഇല്ലാത്തപ്പോഴും അനിയത്തിമാർക്ക് നമ്മൾ രക്ഷകർത്താക്കളാണ്.

പലപ്പോഴും പെൺമക്കളുടെ തന്നെ സ്ഥാനമാണ്. വലിയ അവകാശമാണ് ചേട്ടന്മാരോട് അവർക്ക്. വലിയ അനിയത്തി/കസിൻ പെണ്ണുങ്ങളുടെ വലിയ വേദനകൾ പലതും ചേട്ടന്മാരുടെ ഒരു ഫോൺ വിളിയിൽ തീരും. അല്ലെങ്കിൽ ഒരു സന്ദർശനത്തിൽ.

കൂടിയാൽ ചേട്ടൻറെ നെഞ്ചിൽ ചായ്ഞ്ഞ് അവളൊന്ന് വിങ്ങുന്പോൾ. ഒന്ന് കരയുന്പോൾ. കണ്ണീരൊലിപ്പിക്കുന്പോൾ. വീണ്ടും പറയുന്നു, എനിക്ക് പെൺമക്കളില്ല. എൻറെ മനസ്സിൽ പെൺകുട്ടികളോട് സ്നേഹവും വാത്സല്യവും സൂക്ഷിക്കാനും അവരെ ബഹുമാനിക്കാനും അതൊരു തടസമല്ല.

ഇപ്പോഴും ഏറ്റവും അടുപ്പമുള്ള പെൺ സുഹൃത്തുക്കൾ പലരും ഒരുകാലത്ത് എൻറെ ചുറ്റുമുള്ള പെൺകുട്ടികൾ ആയിരുന്നു. അവരെ കൂടെപ്പഠിച്ച പെൺകുട്ടികളായേ ഇപ്പോഴും കാണാൻ കഴിയൂ.

ഞങ്ങൾ ഒത്തുചേരാറുണ്ട്. ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ട്. മോശം നോട്ടമോ വാക്കുകളോ ഒരാണിൽ നിന്നും ഒരിടത്തും വരാറില്ല. എന്നിൽ നിന്നും അങ്ങനെ തന്നെ. ഞാൻ ആവർത്തിക്കുന്നു. എനിക്ക് പെൺമക്കളില്ല.

ഞാൻ പത്രങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. ടെലിവിഷൻ കാണാറുണ്ട്. സ്ത്രീകളോട് നന്നായി പെരുമാറേണ്ടതിൻറെ ആവശ്യകതയും ഇല്ലെങ്കിലുള്ള അപകടവും, സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളും അവ ലംഘിച്ചാലുള്ള അപകടവും എനിക്കറിയാം.

സ്ത്രീകളോടുള്ള മര്യാദ എൻറെ തന്നെ സുരക്ഷയ്ക്കും ഭാവിക്കും അനിവാര്യമാണെന്ന് എനിക്കും ബോധ്യമുണ്ട്. ഞാൻ ആവർത്തിക്കുന്നു. എനിക്ക് പെൺമക്കളില്ല.

ഒരുപാട് പെൺമക്കൾ ഉള്ളവർ മറ്റുള്ളവരുടെ പെൺമക്കളെ പീഡിപ്പിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്കറിയാം. സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛന്മാരും ഉണ്ട്. അതിനാൽ പെൺകുട്ടികൾ ഉള്ളവരെല്ലാം പെണ്ണുങ്ങളോട് നന്നായി പെരുമാറുമെന്ന് പറഞ്ഞവസാനിപ്പിക്കാൻ പറ്റില്ല.

ഒരു കാര്യം പറയാൻ മാത്രമാണ് ഇതെഴുതിയത്. തെലുങ്കാന പോലീസ് ബലാൽസംഗവും കൊലപാതകവും ചെയ്ത പ്രതികളെ വെടിവച്ചു കൊന്നതിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടുന്നവരോട് നിങ്ങൾക്ക് പെൺമക്കൾ ഉണ്ടോ എന്ന് ചോദിക്കുന്ന ചിലരെ കണ്ടു. അത് ഒരു മണ്ടൻ ചോദ്യമാണ്.

മറ്റൊരർത്ഥത്തിലും അത് വ്യാഖ്യാനിക്കാം. അതായത് ചോദിച്ചയാൾക്ക് വേദനയുള്ളത് പെൺമക്കൾ ഉണ്ടായതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ എനിക്കെന്ത് എന്ന് !

ഒരു വിഷയം തന്നെ എങ്ങനെ ബാധിക്കും എന്ന് വിചാരിച്ചു മാത്രം മനുഷ്യരെല്ലാം പെരുമാറുമെന്ന ധാരണ തെറ്റിദ്ധാരണയാണ്. തനിക്കും സമാന സാഹചര്യം ഉണ്ടെങ്കിൽ അത് കൂടുതൽ സ്വാധീനിക്കും എന്നത് ശരിയാണ്. അല്ലാതെ പെൺമക്കളില്ലാത്തവർക്ക് പെണ്ണുങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല എന്ന നിഗമനമല്ല വേണ്ടത്.

പോലീസ് കോടതിയെ മറികടന്ന് മനുഷ്യനെ വെടിവെയ്ക്കുന്പോൾ അതിനെതിരെ പറയാൻ കഴിവുള്ളവർ ധൈര്യശാലികളാണ്. അങ്ങനെയുള്ളവർ എക്കാലത്തും ഉണ്ടായിരുന്നതിലാണ് രാജാവും മന്ത്രിയും പോലീസുമൊക്കെ അവർക്കിഷ്ടമില്ലാത്തവരെ മുഴുവൻ കൊന്നൊടുക്കാതിരുന്നത്.

കസബിനെപ്പോലും ആൾക്കൂട്ടമല്ല കൊന്നത്. പൊലീസല്ല കൊന്നത്. ഏറ്റുമുട്ടലിൽ അപകടകാരികൾ കൊല ചെയ്യപ്പെടാം. പെൺകുട്ടിയെ റേപ് ചെയ്യുന്നത് കണ്ട പൊലീസല്ല നാട്ടുകാരൻ തന്നെ അന്നേരം വെടിയുതിർത്താൽ നമ്മൾ കയ്യടിക്കുന്നത് ശരിയാകും.

ആ സ്ഥലത്ത് ദൃക്‌സാക്ഷിയായി കയ്യിൽ തോക്കുമായി നിന്നെങ്കിൽ ഞാനോ നിങ്ങളോ ആ പ്രതികളെ വെടിവെച്ചിട്ടേനെ. എന്നാൽ കുറ്റകൃത്യത്തിന്‌ ശേഷം ഏറ്റവും വലിയ തെറ്റുകാരനെ പിടികൂടിയാലും അയാളെ നിയമത്തിനു മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. രാജ്യത്തെ നിയമം അയാളെ ശിക്ഷിക്കണം.

റേപ്പ് കുറ്റമാണെന്നും ശിക്ഷ കിട്ടുമെന്നും ഇവനൊക്കെ അറിയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. മനുഷ്യർ തുല്യരാണെന്നും സമൂഹത്തിൽ മര്യാദകളുണ്ടെന്നും അവ പാലിക്കണമെന്നും ഒക്കെ നമുക്കറിയാം. എന്നാൽ അവനവൻ മനുഷ്യനാണെന്നും മറ്റുള്ളവരും മനുഷ്യരാണെന്നും തിരിച്ചറിയാത്തവനോടാണ് നമ്മൾ നിയമങ്ങളെപ്പറ്റി പറയുന്നത്.

പത്രം ജീവിതത്തിൽ വായിച്ചിട്ടില്ലാത്തവനോടാണ് പാർലമെൻറ് ആക്ടിനെപ്പറ്റിയും കോടതിയുത്തരവിനെപ്പറ്റിയും പറയുന്നത്. പത്രം വായിച്ചാൽ എല്ലാവരും മര്യാദയ്ക്ക് നടക്കുമെന്ന അർത്ഥത്തിലല്ല പറയുന്നത്. സമൂഹത്തിൽ ഇറങ്ങി നടക്കാൻ പാടില്ലാത്ത തരത്തിൽ അപകടകാരികളായ പലരും സ്വൈരവിഹാരം നടത്തുന്നുണ്ട്.

സ്ഥിരമായി ജയിലിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ കിടക്കേണ്ടവരും നമുക്കിടയിലുണ്ട്. അത്തരം കാര്യങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങൾ ഉണ്ട്. അത് മറ്റൊരിക്കൽ എഴുതാം.

നിയമ നടത്തിപ്പിന് താമസമുണ്ടാകുന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് നമ്മൾ കൊല്ലുന്ന പൊലീസിന് കയ്യടിക്കുന്നത്. നിയമ പരിഹാരങ്ങൾക്ക് താമസമുണ്ടാകുന്നതിൽ ഇവിടത്തെ എല്ലാ കോടതികൾക്കും ഇതുവരെ ഭരിച്ച സർക്കാരുകൾക്കും മുഴുവൻ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്.

ആർക്കും അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്നാൽ അതുകൊണ്ട് നമ്മൾ നിയമം കൈയിലെടുത്താൽ വലിയ അപകടങ്ങൾ ഉണ്ടാകും. ആരാച്ചാർ വരാൻ താമസിച്ചാൽ നമ്മൾ ജയിലിൽക്കയറി പ്രതിയെ കൊല്ലില്ലല്ലോ.

റേപ്പ് പോലല്ലാത്ത സംഭവങ്ങളും നാട്ടിലുണ്ട്. റേപ്പിനെക്കാൾ ചില മനുഷ്യരെ സ്വാധീനിക്കുന്നത് മത, ദൈവ വിശ്വാസങ്ങളാണെന്നും നമുക്കറിയാം. ആ വിഷയങ്ങളിലും തർക്കങ്ങളുണ്ട്. നമ്മൾ പലരും അക്കാര്യത്തിൽ രണ്ടു പക്ഷത്തുമാണ്. ദേഷ്യമുള്ളവരെല്ലാം എതിരാളിയെ വഴിയിലിട്ടു തല്ലിക്കൊന്നാൽ? പോലീസ് തന്നെ തല്ലിക്കൊന്നാൽ?

പോലീസ് തല്ലുന്പോഴും കൊല്ലുന്പോഴും കയ്യടിക്കരുത്. പോലീസ് ഒരു മർദ്ദനോപകരണമായാണ് നമ്മുടെ നാട്ടിൽ പിറന്നത്. ഇന്നും വളർത്തപ്പെടുന്നത്. ഇഷ്ടമില്ലാത്തവനെ തല്ലാനും കൊല്ലാനും ഭരണാധികാരികൾ പോലീസിനെ ഉപയോഗിക്കും. അത് പോലീസുകാരുടെ കുറ്റമല്ല.

പോലീസിനെ അങ്ങനെ ഉപയോഗിച്ചു ശീലിച്ചുപോയ നാടിൻറെ പ്രശ്നമാണ്. അവനവന് തല്ല് കിട്ടുന്പോൾ മാത്രം വേദനിക്കാൻ നമ്മൾ പഠിക്കരുത്, പെൺമക്കൾ ഉള്ളവർക്കു മാത്രം വേദനിക്കും എന്ന് പറയുന്നതുപോലെ.

ഒരുപാട് പ്രതിസന്ധികൾക്കിടയിലും വളരെയധികം വളരാൻ കഴിഞ്ഞ നാടാണ് നമ്മുടേത്. പരാജയങ്ങൾ ഉള്ളപ്പോഴും നാട്ടിൽ ജനാധിപത്യം ബാക്കിയുണ്ട്. നമ്മൾ ഓരോരുത്തർക്കും സ്വാധീനിക്കാൻ കഴിയുന്ന ജനാധിപത്യം. പട്ടാള ഭരണവും പോലീസ് ഭരണവും നടക്കുന്ന നാടുകളിലെ അരക്ഷിതാവസ്ഥ മറക്കരുത്.

ഉള്ളിയുടെ വില പറയുന്പോൾ ഉള്ളി തിന്നുമോ എന്ന ചോദ്യവും അതിനുള്ള മറുപടിയും പോലെ കൈകാര്യം ചെയ്യാവുന്ന വിഷയമല്ല പെൺമക്കൾ ഉണ്ടോ എന്ന ചോദ്യം. ഉള്ളി തിന്നാതെയും പലർക്കും ജീവിക്കാം. പക്ഷേ, പെണ്ണ് റോഡിൽക്കാണുന്ന വെറും പെണ്ണ് മാത്രമല്ല. അമ്മയും സഹോദരിയും ഒക്കെ പെണ്ണാണ്. മറ്റു പെണ്ണുങ്ങളെയും അങ്ങനെ കാണാൻ കഴിയണം.

കുട്ടിയായിരിക്കുന്പോഴേ അത് പഠിപ്പിക്കാൻ കഴിയണം. അതിന് നമ്മൾ ഇനിയും സമൂഹത്തിൽ ഒരുപാട് പണിയെടുക്കണം. മകളും മരുമകളും തുല്യമാണെന്ന് തോന്നുന്ന തരത്തിൽ നമ്മളും വളരണം.

മരുമകൾക്കെതിരെ അനാവശ്യമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലാത്തവർ നാട് നിറയെ ഉണ്ടാകണം. ഭാര്യയെ തല്ലുന്നവരല്ല ഞങ്ങൾ എന്ന് ഭർത്താക്കന്മാർക്ക് പറയാൻ കഴിയണം. അവരെ റേപ്പ് ചെയ്യില്ലെന്നും പറയാൻ കഴിയണം.

വാലറ്റം: നമ്മളെല്ലാം റേപ്പിന് എതിരാണ്. പ്രത്യേകിച്ച് പുരുഷന്മാർ. പെൺമക്കൾ കൂടി ഉണ്ടായായാൽ നമ്മൾ അനാദികാലം മുതലേ റേപ്പിന് എതിരാണ്. പക്ഷേ, നമ്മൾ കാണുന്ന സിനിമയിൽ കുറഞ്ഞത് ഒരു റേപ്പ് എങ്കിലും വേണം. കൂടുതൽ ഉണ്ടായാൽ അത്രയും നന്ന്.

തലയിൽ മുണ്ടിട്ട് റേപ്പുള്ള സിനിമകൾ തേടിപ്പോകുന്നതും നമ്മൾ പുരുഷന്മാർ മാത്രമിരുന്ന് അത് കാണുന്നതും ആ രംഗങ്ങൾ കഴിഞ്ഞാൽ നമ്മൾ തീയറ്റർ കാലിയാക്കുന്നതും റേപ്പിൻറെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനും സമൂഹത്തെ അത് പഠിപ്പിക്കാനും വേണ്ടി മാത്രമാണ്. പ്ലീസ്, തെറ്റിദ്ധരിക്കരുത്…

 

×