നിർമ്മിത ബുദ്ധിയുടെ വണ്ടി കണ്ട് “ഹായ് എന്തൊരു സ്പീഡ്” എന്ന് പറഞ്ഞു നാം വഴിയാധാരം ആകുമോ ? ബുദ്ധിയുടെ മന്ത്രി, ബുദ്ധിയുള്ള മന്ത്രി .. – മുരളി തുമ്മാരുകുടി എഴുതുന്നു

Saturday, December 7, 2019

1990 ഫെബ്രുവരി പതിനാറാം തിയതിയാണ് ഒമർ അൽ ഒലാമയുടെ ജനനം. ദുബായിൽ.

2017 ൽ, അതായത് ഇരുപത്തിയേഴ് വയസ്സുള്ളപ്പോൾ അദ്ദേഹം യു എ ഇ യിലെ Minister for Artificial Intelligence ആയി ചാർജ്ജ് എടുത്തു.

ഇന്ന് ജനീവയിൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ‘നിർമ്മിത ബുദ്ധിയും തൊഴിലുകളുടെ ഭാവിയും’ എന്ന വിഷയത്തിൽ നടന്ന പാനലിൽ അദ്ദേഹം പങ്കെടുത്തു.

എട്ടു മിനുട്ട് വീതം രണ്ടു റൌണ്ട് ആണ് അദ്ദേഹത്തിന് സംസാരിക്കാൻ കിട്ടിയത്. എന്റേത് ഉൾപ്പടെ മൂന്ന് ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരവും പറഞ്ഞു.

ഇത്ര ചുരുക്കം സമയത്തിനിടക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ, അത് പറഞ്ഞ രീതി, ഒക്കെ എന്നെ അതിശയപ്പെടുത്തി.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഒരു കാലത്ത് മുൻനിരയിൽ നിന്ന് മധ്യേഷ്യ പ്രിന്റിങ് പ്രസ് ഉൾപ്പടെയുള്ള ആധുനിക സാങ്കേതികവിദ്യകളോട് മുഖം തിരിച്ചതാണ് മധ്യേഷ്യയെ പിന്നോട്ടടിച്ചതെന്നും അതുകൊണ്ടു തന്നെ ഇനിയുള്ള കാലത്ത് പുതിയതായി വരുന്ന സാങ്കേതിക വിദ്യകളെ അറിഞ്ഞു സ്വാംശീകരിച്ച് രാജ്യത്തിൻറെ പുരോഗതി നിലനിർത്തുക എന്നതാണ് അവരുടെ രാജ്യത്തിൻറെ ലക്ഷ്യമെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

Building Responsible Artificial Intelligence Nation (BRAIN) എന്നതാണ് യു എ ഇ യുടെ ഈ വിഷയത്തിലെ പ്രഖ്യാപിത നയം.

കൃത്രിമ ബുദ്ധി എന്നുള്ളത് നാളെ വരാൻ പോകുന്ന ഒന്നല്ല, ഇപ്പോൾത്തന്നെ നമ്മുടെ ചുറ്റും ഉള്ളതാണ്. പല രംഗങ്ങളിലും കൃത്രിമ ബുദ്ധിയുടെ ഉപയോഗം സാധ്യമാണ്. അവയിൽ ഏതൊക്കെ രംഗത്ത് എത്ര വേഗത്തിൽ അവ ഉപയോഗപ്പെടുത്തണം എന്നതാണ് സർക്കാർ തലത്തിൽ നടത്താനുള്ള തീരുമാനം.

ഇൻഫ്രാസ്ട്രക്ച്ചർ, എണ്ണ വ്യവസായം, എയർലൈൻ എന്നീ വ്യവസായങ്ങളുടെ പിന്നാമ്പുറത്ത് എഫിഷ്യൻസി കൂട്ടുക എന്നത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും തർക്കമില്ലാത്തതുമായ കര്യമായതിനാൽ അവിടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ആരോഗ്യം, ടൂറിസം, സൈബർ സെക്യൂരിറ്റി എല്ലാമാണ് അടുത്ത പടി.

ഇങ്ങനെ ഓരോ സർക്കാർ സംവിധാനത്തിലും എവിടെയെല്ലാം നിർമ്മിത ബുദ്ധി ഉപയോഗിക്കാനും അത് ഗുണകരമാനും പറ്റുമോ, അവിടെല്ലാം അതുപയോഗിക്കുക എന്നതാണ് നയം.

നിർമ്മിത ബുദ്ധി സർക്കാർ സംവിധാനങ്ങളിൽ ഉപയോഗിക്കാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് സാങ്കേതിക വിദ്യ അല്ല, ആ വകുപ്പുകളിൽ ഉള്ളവരുടെ അറിവില്ലായ്മയാണ് (പരിചയം തോന്നുന്നുണ്ടോ?).

ഇത് മറികടക്കാനായി എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും ഓരോരുത്തരെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തെ നിർമ്മിത ബുദ്ധിയെ പറ്റിയുള്ള കോഴ്സിന് വിട്ടു. അങ്ങനെ കോഴ്സ് പൂർത്തിയാക്കിയ തൊണ്ണൂറ്റി നാലു പേരെ ഓരോ വകുപ്പിലും നിർമ്മിത ബുദ്ധി ഉപദേശകരായി നിയമിച്ചു.

നിർമ്മിത ബുദ്ധിയുടെ രംഗത്ത് ഏറെ ഗവേഷണം നടത്തിയിട്ടുള്ളതോ ഗവേഷകർ ഉള്ളതോ ആയ സ്ഥലമല്ല യു എ ഇ. പക്ഷെ ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നിർമ്മിത ബുദ്ധിയുടെ വിദഗ്ദ്ധർ ജോലി ചെയ്യാൻ ആയി എത്തിയത് യു എ ഇ യിൽ ആണത്രേ!!

എ ഐ വിദഗ്‌ദ്ധർക്ക് ലോകത്തെവിടെയും നല്ല ശമ്പളം കിട്ടും എന്നുള്ളപ്പോൾ എന്തുകൊണ്ടാണ് ഇവർ യു എ ഇ യെ ഇഷ്ടപ്പെടുന്നത് ?

നിർമ്മിത ബുദ്ധിയുടെ രംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രധാന അസംസ്‌കൃത വസ്തു ഡേറ്റ ആണ്. ഡേറ്റയുടെ മൂന്ന് കാര്യങ്ങൾ പ്രസക്തമാണ്. Volume, Variety and Velocity.

ഇതിൽ ഡേറ്റയുടെ അളവിന്റെ കാര്യത്തിൽ ചൈനയോടോ ഇന്ത്യയോടൊ അമേരിക്കയോടോ മത്സരിക്കാൻ യു എ ഇ ക്ക് പറ്റില്ല. പക്ഷെ ഇരുന്നൂറ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് യു എ യി യിൽ ജീവിക്കുന്നതും ജോലി ചെയ്യുന്നതും (ഐക്യരാഷ്ട്ര സഭയിൽ നൂറ്റി തൊണ്ണൂറ്റി മൂന്നു അംഗ രാജ്യങ്ങളേ ഉള്ളൂ എന്നോർക്കണം).

അപ്പോൾ വറൈറ്റിയുടെ കാര്യത്തിൽ യു എ ഇ ക്ക് ഒന്നാം സ്ഥാനം ആണ്. എത്ര വേഗത്തിൽ ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിലും യു എ ഇ മുന്നിൽ ആണ്.

“ഡേറ്റ റെഗുലേഷൻ പ്രധാനം ആണെങ്കിലും റെഗുലേഷന് വേണ്ടി അല്ല ഞങ്ങൾ റെഗുലേഷന് പോകുന്നത്, മറിച്ച് ഏതൊക്കെ ഉപയോഗങ്ങൾ റെഗുലേറ്റ് ചെയ്തില്ലെങ്കിൽ എന്ത് നഷ്ടം ഉണ്ടാവും എന്ന് ചിന്തിച്ചിട്ടാണ്. ഒരു കാറിൽ ബോംബ് വച്ച് തീവ്രവാദത്തിന് ഉപയോഗിക്കാം എന്നതിനാൽ നമ്മൾ കാർ നിരോധിക്കുന്നില്ലല്ലോ” അദ്ദേഹം പറഞ്ഞു.

“വേഗത്തിൽ നയങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതും അവ കൃത്യമായി നടപ്പിലാക്കുന്നതുമെല്ലാം ഗവേഷകർക്കും വിദഗ്ദ്ധർക്കും യു എ ഇ യിൽ ജോലി ചെയ്യാൻ താല്പര്യം ഉണ്ടാക്കുന്നു. പോരാത്തതിന് നൂറ്റി അറുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ഉണ്ട്. ഒറ്റ ദിവസം കൊണ്ട് ലോകത്ത് എവിടെയും എത്താം. ഇതൊക്കെ യു എ ഇ യെ പ്രിയങ്കരമാക്കുന്നു”.

എല്ലാക്കാലത്തും ഈ വിഷയത്തിൽ മറ്റുള്ളവരെ മാത്രം ആശ്രയിക്കാൻ പറ്റില്ല, പോരാത്തതിന് പുതിയ തലമുറയെ നിർമ്മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും പഠിപ്പിച്ചേ പറ്റൂ. അതുകൊണ്ട് ആറാം ക്ലാസ് മുതൽ നിർമ്മിത ബുദ്ധി സ്‌കൂൾ കരിക്കുലത്തിൽ 2020 മുതൽ ഉൾപ്പെടുത്തും.

ഓരോ സമ്മറിലും നിർമ്മിത ബുദ്ധിയുടെ സമ്മർ ക്യാംപുകൾ ഇപ്പോഴേ നടത്തി തുടങ്ങി. പോരാത്തതിന് ദശലക്ഷം അറബ് പൗരന്മാരെ കന്പ്യൂട്ടർ കോഡിങ് പഠിപ്പിക്കാൻ ഒരു പ്രത്യേക പദ്ധതി തുടങ്ങി അനവധി പദ്ധതികളുണ്ട്. (Inception Institute of Artificial Intelligence എന്നൊരു സ്ഥാപനം ഇപ്പോൾ തന്നെ അബുധാബിയിൽ ഉണ്ട്, പോരാത്തതിന് ലോകത്തിലെ ആദ്യത്തെ നിർമ്മിത ബുദ്ധി യൂണിവേഴ്സിറ്റിയായ Mohamed bin Zayed University of Artificial Intelligence സെപ്റ്റംബറിൽ തുടങ്ങുകയാണ്.

സർക്കാരിന്റെയും ജനജീവിതത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സമസ്ത മേഖലകളിലും നിർമ്മിത ബുദ്ധി കൊണ്ടുവരുന്നത് കൂടാതെ പത്തുവർഷത്തിനകം യു എ ഇ സന്പദ് വ്യവസ്ഥയുടെ ആറിലൊന്ന് വരുമാനം ഈ രംഗത്ത് നിന്നായിരിക്കും എന്നാണ് PwC കണക്കുകൂട്ടിയിരിക്കുന്നത്.

നിർമ്മിത ബുദ്ധിയുടെ ഇന്ധനം ആയ ഡേറ്റ രാജ്യത്ത് തന്നെ നിലനിർത്തണം എന്ന നിബന്ധന യു എ ഇ ക്ക് ഉണ്ടോ?, ഡേറ്റയുടെ അവകാശി ആരാണ്?, അവർക്ക് എങ്ങനെയാണ് ഡേറ്റ ഉപയോഗിക്കുന്നവർ ഉണ്ടാക്കുന്ന അതിഭീമ ലാഭത്തിന്റെ ഒരു പങ്കെങ്കിലും ലഭ്യമാക്കുക?, എന്നീ കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത്. വളരെ കൃത്യമായ ഉത്തരങ്ങൾ അദ്ദേഹം പറയുകയും ചെയ്തു. അതിനെ പറ്റി പിന്നീട് ഒരിക്കൽ എഴുതാം.

International Labour Organisation, International Telecommunication Union, Citizen Cyberlab എന്നീ മേഖലകളിൽ നിന്നുള്ളവരും പാനലിൽ ഉണ്ടായിരുന്നു. ഓരോരുത്തരും പറഞ്ഞത് തന്നെ ഓരോ പോസ്റ്റ് എഴുതാനുണ്ട്, വഴിയേ എഴുതാം.

ലോകം എവിടെ നിൽക്കുന്നു, നാം ആ സമയത്ത് എന്തിനെ പറ്റി ചിന്തിക്കുന്നു, സമയം കളയുന്നു എന്നതായിരുന്നു സെഷൻ കഴിഞ്ഞു വരുമ്പോൾ എൻറെ ചിന്ത. പ്രിന്റിങ്ങ് പ്രസ്സിനെ ഉപയോഗിക്കാതിരുന്ന മധ്യേഷ്യക്ക് പറ്റിയ പോലെ നിർമ്മിത ബുദ്ധിയുടെ വണ്ടി കണ്ട് “ഹായ് എന്തൊരു സ്പീഡ്” എന്ന് പറഞ്ഞു നാം വഴിയാധാരം ആകുമോ ?

×