സ്നേഹം

Saturday, January 18, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

നിർവ്വചനങ്ങൾ ഒരു പാട് ഉണ്ടെങ്കിലും സത്യത്തിൽ നിർവ്വചനാതീതമായി നിലകൊള്ളുന്ന അനശ്വര അനുഭൂതി ആണ് സ്നേഹം എന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാം . പക്ഷെ നൂറ്റാണ്ടുകൾ കടന്നു പോകുമ്പോൾ സ്നേഹം സ്വാർത്ഥത മനോഭാവത്തോടെ ഇന്നും നമ്മളിൽ അഹങ്കാരത്തോടെ കഴിയുകയാണ് എന്നതാണ് സത്യം .

ഞാൻ എന്ന അഹം നമ്മളിൽ വളരുന്ന പോലെ ഈ സ്നേഹം’ എന്റെ സ്നേഹം, നിന്റെ സ്നേഹം, അവരുടെ സ്നേഹം ‘അങ്ങനെ ഓരോരുത്തരും കയ്യടക്കി വച്ച് പോവുകയാണ് . സത്യത്തിൽ സ്നേഹം നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് ബുദ്ധിജീവികൾ എന്നഹങ്കരിക്കുന്ന പലരും കൂടുതൽ ഉൾക്കൊള്ളുന്ന നമ്മുടെ സമൂഹത്തിൽ എന്നത് വളരെ ദുഖകരം ആണ് .

രൂപം ഇല്ലാതെ പ്രകൃതിയിൽ എല്ലാത്തിലും അടങ്ങിയിരിക്കുന്ന ഒരു സത്തയാണ് സ്നേഹം , സ്നേഹം ഉള്ളവനിൽ ഈശ്വരൻ വസിക്കുന്നു എന്നത് പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ സത്യമില്ലാതില്ല .

21 ആം നൂറ്റാണ്ടായി നമ്മൾ കരുതുന്ന ഈ കാലഘട്ടങ്ങളിൽ നമ്മുടെ പൂർവ്വികർക്കുള്ള സ്നേഹം പോലും നമ്മളിൽ പലരും പരസപരം കാട്ടുന്നില്ല എന്നത് പകൽ പോലെ സത്യമായ കാര്യമാണ് എന്ന് ഒരവലോകനം നടത്തിയാൽ കാണാൻ കഴിയും .

നമ്മളെ സ്വാർത്ഥനാക്കി ജന്മം തന്നവർ തന്നെ വളർത്തിയപ്പോൾ നമ്മുക്ക് മനസ്സു പറഞ്ഞു തരുന്നതിനേക്കാൾ ,ആരോ പറഞ്ഞത് കേട്ട് ശീലിച്ച നമ്മൾ പലതിനെയും അംഗീകരിക്കാൻ മടിച്ചപ്പോൾ ജീവിതം അഭിനയമാക്കി അവിടെ തുടങ്ങി സ്നേഹമില്ലായ്മ എന്ന അവസ്ഥ .

എല്ലാം നമ്മുടെ ആക്കാൻ ഓടി തുടങ്ങിയപ്പോൾ സ്വാർത്ഥത മാത്രം മുതൽകൂട്ടാക്കി ഒന്നിനെയും ശ്രദ്ധിക്കാതെ സ്വന്തം കുടുംബത്തിൽ മാത്രം ഒതുങ്ങി കൂടി പല നല്ല മനസ്സുകളും അടുത്ത തലമുറയെയും സ്വാർത്ഥ ലാഭങ്ങൾക്കായി ജീവിക്കാൻ പഠിപ്പിച്ചു .

സത്യം പലതും അറിഞ്ഞു വരുമ്പോഴേക്കും അടുത്ത തലമുറയ്ക്ക് വിഷം നമ്മൾ പകർന്നു കൊടുത്തു കഴിഞ്ഞിരിക്കുന്നു , ഇനി അതിൽ നിന്നൊരു മോചനം എളുപ്പമല്ല പതിയെ പതിയെ പ്രാകൃതരിലേക്കു തിരിച്ചെത്തണം …..കഴിയുമോ ? .

എവിടെയോ എന്തോ പിഴച്ചിരിക്കുന്നു നമ്മുക്ക് ദൈവം തന്ന പലതും പലരിലേക്കു പകരുന്നതിനു പകരം എല്ലാം എന്റെ എന്ന് അഹങ്കരിച്ചു ജീവിച്ചു പോന്ന നമ്മൾ എങ്ങിനെ തിരിച്ചു പോകും, കഴിയില്ല എന്ന് വിശ്വസിക്കുന്ന പലരിലും സ്നേഹിക്കാൻ കഴിയുന്ന മനസ്സുണ്ട്.

അതിൽ വിശ്വസിച്ചു കൊണ്ട് മുന്നോട്ടു പോകുവാൻ നന്മകൾ എല്ലാവര്ക്കും പകരുവാൻ മതിൽകെട്ടുകളില്ലാതെ സ്വന്തം കുടുംബം മാത്രമല്ല നമ്മുടെ കണ്മുന്നിലുള്ളത് എന്ന് മനസിലാക്കി വളരുംതോറും നമ്മളിലുള്ള സ്നേഹത്തിനു രൂപം നൽകാതെ സർവ്വ വ്യാപിയായി പടർന്നു ഏവരിലും പകർന്നു ജീവിക്കുവാൻ നമ്മളിൽ തോന്നലുണ്ടാക്കി ജീവിക്കുവാൻ എല്ലാവര്ക്കും ഈശ്വരൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ !

×