കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം നിലമ്പൂർ-എടക്കരയിലെ ടീം വെൽവെയർ സൂപ്പർ മാർക്കറ്റ് ലക്ഷ്യം വെച്ചാണ് ഞങ്ങൾ അതിരാവിലെ പുറപ്പെട്ടത്. പ്രളയബാധിതർക്കുള്ള വിഭവങ്ങളുമായി 'Flood Relief' സ്റ്റിക്കറൊട്ടിച്ച വാഹനം മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. അപ്പോഴാണ് അപരിചിതനായ ഒരു ചെറുപ്പക്കാരൻ ബൈക്കിൽ ഞങ്ങളുടെ ജീപ്പിനെ പിന്തുടർന്നെത്തിയത്.
"നിലമ്പൂരിലേക്കാണോ?" അവൻ വിളിച്ച് ചോദിച്ചു.
ആദ്യം ഒന്നമ്പരന്നു. "അതെ" എന്ന് പറഞ്ഞപ്പോൾ ഞങ്ങളോട് ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു.
കാര്യമെന്താണെന്ന് തിരക്കി.
"ഒരു ചായ കുടിച്ചിട്ട് പോയാൽ മതി.."
അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. കുടിച്ച് വരികയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ, ആ ചെറുപ്പക്കാരന്റെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് ഞങ്ങൾക്ക് വഴങ്ങേണ്ടി വന്നു. ചൂളാട്ടിപ്പാറയിലെ ഹോട്ടലിന് മുന്നിൽ നിർത്തി ചായ കുടിച്ചു. അവനെ പരിചയപ്പെട്ടു.. തച്ചണ്ണ സ്വദേശി ഹിശാം. മോട്ടിവേഷൻ ട്രെയിനറാണ്.
ഞങ്ങൾ ചായ കുടിച്ച് കൗണ്ടറിൽ എത്തിപ്പോഴേക്ക് ഹിശാം ബില്ലടച്ച് എങ്ങോ പോയ് മറഞ്ഞിരുന്നു.
ഒരു നന്ദി വാക്കിനു പോലും കാത്തിരിക്കാതെ !
നന്മയുടെ വലിയ ഊർജ്ജമാണ് ഹിശാം ഞങ്ങളിൽ നിറച്ചത്. മണിക്കൂറുകളോളം ക്ലാസ് കേട്ടാലും ലഭിക്കാത്തത്രയും വലിയ മോട്ടിവേഷനാണ് സെക്കന്റുകൾ കൊണ്ട് ഹിശാം എന്ന ട്രെയിനർ പ്രായോഗികമായി ഞങ്ങളെ പഠിപ്പിച്ചത്.
ഉരുൾ പൊട്ടിയൊലിച്ച മഹാ സ്നേഹ പ്രളയത്തിന്റെ പ്രഭവകേന്ദ്രം മലപ്പുറമായതിന്റെ കാരണം ഇത്തരം ഹിശാമുമാരുടെ വലിയ നന്മമനസ്സായിരിക്കും..