സ്വന്തമായി യൂണിവേഴ്‌സിറ്റിയും, പരീക്ഷാ ഭവനും, പിഎസ്സി ഓഫീസും, ആയുധപ്പുരയുമുള്ള ലോകത്തിലെ ഒരേയൊരു വിദ്യര്‍ത്ഥി പ്രസ്ഥാന൦ ! ചങ്കില്‍ കുത്തിയ നേതാവിന്‍റെ പ്രസ്ഥാന൦ നല്‍കുന്ന ഓഫര്‍ സ്വപ്നങ്ങള്‍ക്കും അപ്പുറം

അനൂപ്‌ വി എം
Tuesday, July 16, 2019

കോളേജില്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ”ഈ” എന്ന പ്രയോഗം വെറുതെ ചേര്‍ത്തതാണെന്ന് പറഞ്ഞ് പിന്മാറട്ടേ… ബാക്കി നിങ്ങള്‍ ഊഹിച്ച് എടുക്കണം… സംഭവ ബഹുലമായ ഉദ്യോഗവും, പരീക്ഷാ വിജയവും നേടാന്‍ ഒരു വഴിപാടും കഴിക്കണ്ട, മറിച്ച് ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് അങ്ങ് ജീവിക്കുക എന്നാണ് കഴിഞ്ഞ ദിനങ്ങളിലെ വാര്‍ത്തകള്‍ തരുന്ന അതി വിചിത്രമായ അറിവ്…. പൊളിറ്റിക്കല്‍ നോളജ് ….

ഒരു സാങ്കല്‍പിക കഥ …. പക്ഷേ കഥയില്‍ അല്‍പം കാര്യമുണ്ട് താനും.

നഗരത്തിലെ പ്രധാന കോളേജില്‍ പഠിക്കാന്‍ വന്നതാണ് രവി… ഇതുവരെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടുക്കും ചിട്ടയും മാത്രമാണ് കൈ മുതല്‍. ശരാശരി മാര്‍ക്കിന്റെ ബലത്തിലാണ് അഡ്മിഷന്‍ തരപ്പെട്ടത്. അതും നഗരത്തിലെ തന്നെ ഒരു പ്രമുഖ നേതാവ് തരപ്പെടുത്തി കൊടുത്തതാണ്. നേതാവ് ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ, തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

രവിക്ക് ആദ്യം കാര്യമൊന്നും പിടികിട്ടിയില്ല, നല്ല ക്യാമ്പസ്, നല്ല അന്തരീക്ഷം ഒന്നു ചിതറാന്‍ അച്ഛന്‍ വാങ്ങി കൊടുത്ത പുതുപുത്തന്‍ ബൈക്കും. വീറ് പതാകേ…പാറ് പതാകേ ആവേശത്തിന്‍റെ മുള്‍ മുനയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന രാഷ്ട്രീയ ”മസാജില്‍” മൂപ്പരുടെ രക്തം അടി മുടി തിളച്ചു മറിഞ്ഞ് പതഞ്ഞു എന്നു വേണം പറയാന്‍….

മുമ്പേ പറഞ്ഞപോലെ കഥ സാങ്കല്‍പികമാണേ… ഇതില്‍ സമകാലിക സംഭവങ്ങളുമായി താരതമ്യം ഉണ്ടെങ്കില്‍ അങ്ങ് പൊറുത്തേക്കണേ…നമ്മുടെ രവി അങ്ങനെ കോളേജിലെ പാര്‍ട്ടിയും അഭിവാജ്യ ഘടകമായി മാറിയത് പെട്ടെന്നാണ്. അതോടൊപ്പം ഒരു പ്രണയവും തരപ്പെടുത്തിയെടുത്തു. തന്റെ സംഭവബഹുലമായ രാഷ്ട്രീയ വളര്‍ച്ചയെക്കുറിച്ച് പൊടുപ്പും തൊങ്ങലും വെച്ച് സോഷ്യല്‍ മീഡിയയില്‍ അങ്ങ് മൂപ്പര് ചിതറി നിന്നു.

ഒട്ടേറെ ലൈക്കും, കമന്റെും പിന്നാലെ വന്നു. അടക്കി ഭരിക്കുക എന്ന തലത്തില്‍ മറ്റ് രാഷ്ടീയ പ്രസ്ഥാനങ്ങളെ ക്യാമ്പസില്‍ വളരാന്‍ അനുവദിക്കാതെ അങ്ങ് ഭരിക്കുകയാണ് രവിയുടെ പാര്‍ട്ടി ചെയ്തത്.

നിറഞ്ഞ വീര്യം കുതിര്‍ന്ന രക്തം

ഇങ്ങനെ കഥ പുരോഗമിക്കുമ്പോളാണ് നായകന് പിഎസ് സി എഴുതി റാങ്ക് ലിസ്റ്റില്‍ എന്‍ട്രി കിട്ടിയത്. ശരിക്കും പഠിച്ച് ,ഉറക്കമളച്ചൊന്നുമല്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത്. അതിനിടയില്‍ പ്രഖ്യാപിതമായ കത്തികുത്ത് നാടകവും.

അതും സ്വന്തം പ്രസ്ഥാനത്തിലെ സഖാവിനെ ത്‌ന്നെ… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വാക്കുകളുടെ വില കൂട്ടി പാര്‍ട്ടി ഓഫീസില്‍ സര്‍വ്വകലാശാലയുടെ ഉത്തരകടലാസുകളും വ്യാജ സീലുകളും കണ്ടെത്തിയത്. ഇതൊന്നും തെറ്റല്ല… പ്രാണ സഖി അഥവാ പെണ്‍ സഖാവിന്റെ സ്വാന്ത്വനം നിറഞ്ഞ വാക്കുകളാണ്…അതുകൂടാതെ ചൂടേറിയ ബോണ്ടയും.

ഇത് മാധ്യമ വേട്ടയാണന്നും, സംഘടിതമായ ആക്രമണമാണന്നും തലസ്ഥാനത്തെ, ഒരു താവളത്തില്‍ ഇരുന്ന് ചമയ്ക്കുന്ന കഥയാണന്നും സഖാക്കള്‍ വിളമ്പുന്നു, വിതുമ്പുന്നു. സ്വന്തമായി യൂണിവേഴ്‌സിറ്റിയും, പരീക്ഷാ ഭവനും, പിഎസ്സി ഓഫീസും, ആയുധപ്പുരയും, അപ്പം ചുടുന്ന ചേച്ചീടെ വക എല്‍എല്‍ബിയും നിറഞ്ഞ ലോകത്തിലെ ഒരേയൊരു വിദ്യര്‍ത്ഥി പ്രസ്ഥാനമായി ഇത് മാറുമ്പോള്‍ ഇതില്‍ കഴിഞ്ഞ കാലങ്ങളില്‍ ചൂടും, ചൂരും കൊണ്ട് പ്രവര്‍ത്തിച്ച പല പ്രവര്‍ത്തകരും അറിയാതെ കരയുകയാണ്…. ഇതില്‍ ഒരു സത്യസന്ധത ഉണ്ട് എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകുമോ…

×