പെണ്ണു കത്തുന്ന നാട്. കേരളം നടുറോഡില്‍ പെണ്ണുങ്ങളെ കത്തിച്ചു കളയുന്നു. പെണ്‍കുട്ടികളെ നിര്‍ജ്ജീവരാക്കി ‘നല്ല’വീടിനു വേണ്ടി മാത്രമായി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയയില്‍ സജീവമായിരിക്കുന്ന ഈ നാട് ദരിദ്രമാണ്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 18, 2019

പെണ്ണുപൂക്കുന്ന നാട് എന്ന സാറാ ജോസഫിന്റെ സങ്കല്‍പം പെണ്ണു കത്തുന്ന നാട് എന്ന വൈപരീത്യത്തിലേക്കാണ് ചെന്നെത്തിയിരിക്കുന്നതെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. പ്രണയമോ സൗഹൃദമോ ദാമ്പത്യമോ എന്തുമായിക്കൊള്ളട്ടെ അതു തകര്‍ന്നാല്‍ ബ്ലാക്‌മെയിലിങിനോ ഇമോഷനല്‍ ബ്ലാക് മെയിലിങിനോ നിന്നു കൊടുക്കരുതെന്നും ഭയന്നു വീഴരുതെന്നും പെണ്‍കുട്ടികള്‍ക്ക് ധൈര്യം കൊടുക്കാന്‍ വീട്ടുകാരും പൊതുസമൂഹവും തയ്യാറാകണമെന്നും ശാരദക്കുട്ടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പെണ്ണുപൂക്കുന്ന നാട് എന്ന സാറാ ജോസഫിന്റെ സങ്കല്‍പം പെണ്ണു കത്തുന്ന നാട് എന്ന വൈപരീത്യത്തിലേക്കാണ് ചെന്നെത്തിയിരിക്കുന്നത്. സ്വപ്നവും സങ്കല്‍പവും ഉത്സാഹവും സന്തോഷവും ഉന്മാദവും ചിറകും കൊക്കും നഖങ്ങളും ഒക്കെ പിച്ചിപ്പറിച്ച് പെണ്‍കുട്ടികളെ നിര്‍ജ്ജീവരാക്കി ‘നല്ല’വീടിനു വേണ്ടി മാത്രമായി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയയില്‍ സജീവമായിരിക്കുന്ന ഈ നാട് ദരിദ്രമാണ്. ഭയാനകമാണിവിടുത്തെ ജീവിതം.

ഭ്രൂണാവസ്ഥയില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുന്ന പാപത്തറകളെ കുറിച്ചാണ് എഴുത്തുകാരി വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയത്. ഇന്ന് കേരളം നടുറോഡില്‍ പെണ്ണുങ്ങളെ കത്തിച്ചു കളയുകയാണ്. വലിയ വികാസമാണത്. കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങള്‍.

പെണ്ണു’ശരി’യല്ലെങ്കില്‍ വീടും കത്തും നാടും കത്തും. റോഡും കത്തും. ശരിയാകേണ്ടതെങ്ങനെയെന്നറിയാതെ ഉഴറിപ്പായുന്ന പെണ്‍ജന്മങ്ങളേ നമ്മുടെയൊക്കെ ശരീരത്തില്‍ നിന്നു പടരുന്ന തീ ഒന്നു തന്നെ. അതിലാണീ നാട് കത്തിച്ചാമ്പലാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

നമുക്കു ചെയ്യാവുന്ന ചിലതുണ്ട്. പ്രണയമോ സൗഹൃദമോ ദാമ്പത്യമോ എന്തുമായിക്കൊള്ളട്ടെ. അതു തകര്‍ന്നാല്‍ ബ്ലാക്‌മെയിലിങിനോ ഇമോഷനല്‍ ബ്ലാക് മെയിലിങിനോ നിന്നു കൊടുക്കരുതെന്ന്, അതില്‍ ഭയന്നു വീഴരുതെന്ന് പെണ്‍കുട്ടികള്‍ക്ക് ധൈര്യം കൊടുക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും പൊതു സമൂഹവും തയ്യാറാകണം.

ആ ബന്ധത്തിനിടയില്‍ സംഭവിച്ച എന്തും, ശാരീരികമോ വൈകാരികമാ ബൗദ്ധികമോ ആയ ഏതു പ്രശ്‌നവും ഭയം കൂടാതെ സത്യസന്ധമായി തുറന്നു പറയാന്‍ അവര്‍ക്കു കഴിയുന്ന സാമൂഹിക സാഹചര്യമുണ്ടാകണം. അതംഗീകരിച്ചു കൊണ്ട് ഒരു മനുഷ്യ ജീവനെ അപകടങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.

ശരിതെറ്റുകള്‍ നിര്‍ണ്ണയിച്ച് വിലയിരുത്തി ശരി ചെയ്യുന്നവരെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവരെ ചുട്ടു കൊല്ലുമ്പോള്‍ കൂടെ നിന്ന് പെട്രോള്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്ന ക്രൂര സമുദായമായി നാം പൂര്‍ണ്ണമായും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഭരണകൂടം പുലര്‍ത്തേണ്ട പല തരം ജാഗ്രതകളുണ്ട്. എല്ലാത്തരം വൈറസുകള്‍ക്കെതിരെയുമാണ് സര്‍ക്കാര്‍ ജാഗരൂകമാകേണ്ടത്.

പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനസികവും വൈകാരികവുമായി സംഭവിക്കുന്ന ഇടര്‍ച്ചകള്‍ തുറന്നു സംസാരിക്കുവാനും അവര്‍ക്ക് ഭദ്രമായ മാനസിക സാഹചര്യങ്ങളിലേക്ക് സ്വയം നയിക്കുവാനും സഹായിക്കുന്ന തരത്തില്‍ സംവിധാനം ചെയ്ത ഉത്തരവാദപ്പെട്ട, വിശ്വസനീയമായ വേദികള്‍ ഉണ്ടാകണം.

ബാഹ്യഭീഷണികള്‍ ഉള്ളിലൊതുക്കി എരിഞ്ഞു തീരുന്ന സ്ത്രീകള്‍ വാഴുന്ന സമൂഹം ഒരാധുനിക സമൂഹമല്ല. അവരെ ഭരിക്കുന്ന സര്‍ക്കാര്‍ ആധുനിക വീക്ഷണമുള്ള സര്‍ക്കാരുമല്ല.

എന്തിനായിരിക്കണം വനിതാ മതില്‍? എന്തിനായിരിക്കണം നവോത്ഥാനം? എന്തിനായിരിക്കണം വനിതാ ശിശുക്ഷേമ വകുപ്പുകള്‍? എന്തിനായിരിക്കണം വിദ്യാഭ്യാസം? എന്തിനായിരിക്കണം എഴുത്തുകളും പ്രസംഗങ്ങളും? എന്തിനായിരിക്കണം എഴുത്തുകാര്‍?

സംശയങ്ങള്‍ക്കുള്ളില്‍ കത്തിപ്പുകയുകയാണ്. പൊള്ളിപ്പൊളിയുകയാണ്. വെന്തുരുകുകയാണ്.

×