/sathyam/media/media_files/2025/10/25/v-abdurahman-messi-2025-10-25-19-50-05.jpg)
മെസ്സി വരും കേട്ടോ !! - ഇങ്ങനെയൊരു അബദ്ധം നമ്മുടെ കായിക മന്ത്രിക്കും സ്‌പോൺസർമാർ എന്ന് പറഞ്ഞുകൊണ്ട് വായിട്ടടിക്കുന്നവർക്കും ജീവിതത്തിൽ പറ്റാനില്ല. അതും കേരളം പോലുള്ള ഒരു ഭൂപ്രദേശത്തിൽ !
ഇവിടെ നേരെ ചൊവ്വേ ജീവിച്ചുപോകുന്നവർക്ക് വരെ കാര്യങ്ങൾ എളുപ്പമല്ല ! അവിടേക്കാണ് മെസിയെ എഴുന്നള്ളിച്ചു കൊണ്ടുവരുവാൻ ചില പ്രാഞ്ചിയേട്ടന്മാർ ശ്രമിച്ചതും അതുപോലെ മൂക്കും കുത്തി വീണതും !
കോട്ടയം കുഞ്ഞച്ചനിൽ മോഹൻലാലിനെ കൊണ്ടുവരുമെന്നാണ് കുഞ്ഞച്ചൻ വീമ്പിളക്കിയത് ! അങ്ങേർക്ക് അന്ന് ഒരു കൃഷ്ണൻകുട്ടി നായരെ എങ്കിലും ലഭിച്ചിരുന്നു !
ഇതിപ്പോൾ കൃഷ്‌ണകുട്ടി നായരെ വരെ കിട്ടാതെ വെറും വായിലെ നാക്കിനാൽ ജീവിച്ചുപോകുന്നു ചിലർ !!
ഈ മെസി കാരണം ''വിൻഡോ'' എന്ന ഒരു വാക്ക് മലയാളി ഫുട്‍ബോൾ സ്നേഹികൾക്ക് വീണുകിട്ടി. ആ വാക്കാണ് ഇന്നും ഇന്നലെയുമായി നാം മുഴങ്ങി കേൾക്കുന്നത്.
എന്താണ് ഈ വിൻഡോ ആരാണ് ഈ വിൻഡോ എന്നൊക്കെ ആളുകൾക്ക് ചോദ്യങ്ങൾ ഒത്തിരി ഉണ്ടെങ്കിലും ഇതുപോലെ ഒരു നാണക്കേട് ഭരിക്കുന്ന സർക്കാരിനും കായിക മന്ത്രിക്കും സർക്കാരിനെ വെളുപ്പിക്കുന്ന ചാനൽ മുതലാളിമാർക്കും ഉണ്ടാകാനില്ല.
കേരളത്തിൽ ആട് - തേക്ക് - മാഞ്ചിയം - ബ്ലേഡ് കമ്പനി - ലിസ് ലോട്ടറി - എംഎൽഎം - നോട്ടിരട്ടിപ്പ് - ക്രിപ്റ്റോ - ബിറ്റ് കോയിൻ - നിക്ഷേപങ്ങൾ - ഷെയർ മാർക്കറ്റ് - സഹകരണം - ടൈം ഷെയർ - ഹൈറിച്ച് - കുറിക്കമ്പനി - ഓൺലൈൻ മുതലായ ഒത്തിരി ഒത്തിരി തട്ടിപ്പുകൾക്ക് കീഴടങ്ങിയ മലയാളിക്ക് മുന്നിലേക്ക് ഒരു നൂതന ആശയവുമായാണ് അവർ ഇറങ്ങി പുറപ്പെട്ടത്.
അർജന്റീനയുടെ മറഡോണയെ ദുബായിലെ അൽവാസൽ ക്ലബ്ബ് പരിശീലകനായി കൊണ്ടുവന്നപ്പോൾ, ആ കരാർ അവസാനിച്ച നാളുകളിൽ നമ്മുടെ മറഡോണ ദുബായിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
അവിടെ നിന്നാണ് മലയാളിക്ക് മറഡോണയെ നേരിട്ട് കാണുവാൻ ബോചെ അവസരമുണ്ടാക്കിയതും അദ്ദേഹം മലയാളിക്ക് ബ്രാൻഡ് അമ്പാസിഡർ ആയതും.
അതുപോലെ മെസിയുടെ കട്ടൗട്ട് മലബാറിലെ ആ പുഴയിൽ സ്ഥാപിച്ചപ്പോൾ ഫിഫ അത് അവരുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുകയും ചെയ്തു.
അർജന്റീനക്കും മെസിക്കും വേണ്ടി ലോകത്തിലെ ഏറ്റവും നീളമേറിയ ഫ്ളക്സ് ബോർഡുകൾ മലയാളികൾ ഒരുക്കി. അവസാനം ഖത്തർ എന്ന കൊച്ചുരാജ്യത്തിൽ മെസി ഗോളടിക്കുകയും കപ്പെടുക്കുകയും മുത്തമിടുകയും മലയാളിക്ക് അത് ആസ്വദിക്കുവാനുള്ള ഭാഗ്യവും കിട്ടിയിരുന്നു.
ഇവിടെ കേരളത്തിൽ ഒരു പിരിവിനിറങ്ങിയാൽ മലബാറുകൾ അവരെ ചേർത്തുനിർത്തും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ചിലർ ഈ പറ്റാത്ത പണിക്ക് ഇറങ്ങി പുറപ്പെട്ടത്.
ഖത്തർ ഫിഫക്കായി ഇറങ്ങി പുറപ്പെട്ടപ്പോൾ അവർ ഫിഫ നിർദേശിച്ച പ്രകാരമുള്ള എല്ലാ സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങളും റോഡുകളും വിമാനത്താവളവും ട്രാൻസ്‌പോർട്ട് സൗകര്യങ്ങളും താമസ സൗകര്യങ്ങളും ഒരുക്കിയപ്പോഴാണ് ഫിഫയുടെ അംഗീകാരം കിട്ടിയത്.
അതിപ്പോൾ ഒളിമ്പിക്സ് ആയാലും ഏഷ്യൻ ഗെയിംസ് ആയാലും എക്സ്പോ ആയാലും സൗകര്യങ്ങൾ ഉണ്ടെങ്കിലേ ബന്ധപ്പെട്ടവർ പരിഗണിക്കുകയുള്ളൂ.
ഇതെല്ലാം എല്ലാ കൊച്ചുകുട്ടികൾക്കും അറിയാവുന്ന സ്ഥിതിക്ക് അതെല്ലാം തയാറാക്കിയിട്ട് പോരായിരുന്നോ തള്ളി മറിക്കലുകൾ.
ഒരു സെവൻസ് ഫുട്‍ബോൾ മത്സരത്തിന് പാടത്ത് മുളയിലും കാറ്റാടി മരത്തിലും ഉണ്ടാക്കുന്ന ഗാലറികൾ ഉണ്ടാക്കി ജനങ്ങളെ വിളിച്ചു വരുത്തുന്നത് പോലെയല്ലല്ലോ ഒരു അന്തർദേശീയ ഫുട്‍ബോൾ മത്സരം എന്ന് പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു ത്രീ ഡി വീഡിയോ ഉണ്ടാക്കി കോഴിക്കോട് മുതൽ എടപ്പാൾ വരെയോ, എടപ്പാൾ മുതൽ കൊച്ചി വരെയോ റോഡ്ഷോ ചെയ്തുകൊണ്ട് ജനങ്ങളെ റോഡ്‌വക്കിൽ വിളിച്ചുവരുത്തി കരൂരിൽ വിജയ് ചെയ്തത് പോലെയുള്ള ഒരു തിക്കും തിരക്കും കാണിച്ചുകൊണ്ടുള്ള പറ്റിക്കൽസ് ആർക്കും സാധിക്കാവുന്നതേയുള്ളൂ.
ബഹ്റൈനിലോ ഗൾഫിലോ പോയി ഏതാണ്ട് ഒരു അറബിയെ കൂടെ നിർത്തി ഫോട്ടോ എടുത്തുകൊണ്ട് ഫിഫ, എഎഫ്ഐ എന്നൊക്കെ പറഞ്ഞു ബഹളം വെച്ചാൽ ജനം വിശ്വസിക്കുന്ന കാലമല്ല ഇതെന്ന് ചിലർ ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്.
അതുപോലെ കേരളത്തിലെ ഒരു ചാനൽ മുതലാളി ഇതിനൊക്കെ മുന്നിട്ടിറങ്ങിയാൽ വളരെയധികം ജാഗ്രത പുലർത്തേണ്ടിയിരുന്നു. മറ്റുള്ള ചാനലുകാർ അവരെ വെറുതെ വിടില്ല എന്നതും മനസ്സിലാക്കേണ്ടിയിരുന്നു.
അവരൊക്കെ അതിന്നായി അർജന്റീന വരെ പോയി കളി മുടക്കുവാനും പണം മുടക്കും. അതിന്നായി സമയവും കണ്ടെത്തും.
കൂടാതെ ഇപ്പറഞ്ഞ ചാനലുകാർ മൂന്നാം പിണറായി സർക്കാരിനായി ക്വട്ടേഷൻ എടുത്തുവരാണെന്ന് ഒരു ഭാഗത്തുള്ളവർ ആരോപണവും ഉന്നയിക്കുന്നു.
മലബാറിലെ ഫുട്‍ബോൾ പ്രേമികൾ ഒന്നടങ്കം ആ ചാനലിന് എതിരെയാണ് നീങ്ങികൊണ്ടിരിക്കുന്നതും. പ്രതിപക്ഷത്തിനെയും പ്രതിപക്ഷ നേതാക്കളെയും നിരന്തരം വേട്ടയാടിക്കൊണ്ട് അവർക്കിവിടെ ഒരു നല്ല പന്തുകളി കാഴ്ച വെക്കാമെന്ന മോഹവും പാടില്ലായിരുന്നു. ഇത് കേരളമാണ് എന്നതവർ മറന്നു.
അപ്പോൾ അടുത്ത വിൻഡോയിൽ മെസിയെ കാണാം !!! കളിയും കാണാം !!!
അമ്പത് ലക്ഷത്തിന്റെ ടിക്കറ്റിൽ അമേരിക്കയിൽ പോയി എല്ലാ കളിയും കണ്ടു തിരിച്ചുവരുമെന്ന ഉറപ്പിൽ ഒളിമ്പ്യൻ ദാസനും ഇനിയെങ്കിലും ഈ വക തള്ളലുകൾ കേരളത്തിലേക്ക് കൊണ്ടുവരല്ലേ എന്ന ഉപദേശത്തിൽ ഗോൾകീപ്പർ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us