തട്ടിപ്പുകാർ വന്നപ്പോൾ ബാർക്ക് റേറ്റിങ്ങും തട്ടിപ്പായി എന്നാണ് ചില ചാനലുകാർ പറയുന്നത്. സത്യമെന്തെന്ന് ബാർക്കിനറിയാം. പക്ഷേ, മെസ്സിയുടെ വരവിൽ ബാർക്കിന്റെ മീറ്റർ പോലും അടിച്ചു പോയി. ബാർക്ക് എന്നാൽ കുരക്കുക എന്നർത്ഥം. അതിനാണോ റേറ്റിങ് ? ദാസനും വിജയനും

രാജ്യത്തുടനീളം തെരഞ്ഞെടുത്ത വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാർ-ഒ-മീറ്റർ ഉപകരണങ്ങളിലൂടെ പ്രേക്ഷകർ കാണുന്ന പരിപാടികളുടെ വിവരങ്ങൾ ശേഖരിച്ച്, ചാനലുകളുടെ റേറ്റിംഗ് കണക്കാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ദൗത്യം. 

New Update
bark and channels
Listen to this article
0.75x1x1.5x
00:00/ 00:00

''ബാർക്ക് '' എന്നാൽ കുരക്കുക എന്നാണ് നമ്മൾ അഞ്ചാം ക്‌ളാസ് മുതൽ പഠിച്ചു വളർന്നത്. ശരിയാണ് കുരയ്ക്കുന്നവർക്കാണ് അവരിപ്പോഴും അംഗീകാരം കൊടുത്തുകൊണ്ടിരിക്കുന്നത്.

Advertisment

അതിപ്പോൾ കേന്ദ്രത്തിൽ റിപ്പബ്ലിക്ക് ആണെങ്കിൽ കേരളത്തിൽ റിപ്പോർട്ടർ ആണെന്നേയുള്ളൂ. ബാർക്ക് അല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത്.


അവർക്കിഷ്ടമുള്ള ഏതാനും വീടുകളിലും പ്രദേശങ്ങളിലും മീറ്റർ സ്ഥാപിച്ചുകൊണ്ട് അവർക്കിഷ്ടമുള്ള ചാനലുകാർക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല എന്നാണ് അന്ന് എൻഡിടിവിയും ഇന്ന് മീഡിയ വണ്ണും പറയുന്നത്.


ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷക ശീലങ്ങളെ അളക്കുന്ന ഏക ദേശീയ സംവിധാനം തന്നെയാണ് ബാർക്ക് ഇന്ത്യ (Broadcast Audience Research Council India). 

ബ്രോഡ്കാസ്റ്റർമാർ, പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ എന്നിവ ചേർന്നാണ് ഈ 'ലാഭേച്ഛയില്ലാത്ത' കമ്പനി രൂപംകൊണ്ടത്. രാജ്യത്തുടനീളം തെരഞ്ഞെടുത്ത വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാർ-ഒ-മീറ്റർ ഉപകരണങ്ങളിലൂടെ പ്രേക്ഷകർ കാണുന്ന പരിപാടികളുടെ വിവരങ്ങൾ ശേഖരിച്ച്, ചാനലുകളുടെ റേറ്റിംഗ് കണക്കാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ദൗത്യം. 

എന്നാൽ ബാർക്കിന്റെ പ്രവർത്തനത്തിൽ സാമ്പിള്‍ സൈസിന്റെ ചെറുപ്പം, ഭൗമശാസ്ത്രപരമായ അസമത്വം, ഡാറ്റാ പരസ്യതയുടെ കുറവ് എന്നിവയെ ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.


2020-ൽ നടന്ന ടി ആർ പി അഴിമതി കേസിൽ ചില ചാനലുകൾ പാനൽ വീടുകളെ സ്വാധീനിച്ച് റേറ്റിംഗ് മാറ്റിയെന്ന ആരോപണം വന്നതോടെ, ബാർക്ക് സംവിധാനം കൂടുതൽ സംശയത്തിന്റെ നിഴലിലായി.


ബാർക്ക് നേരിട്ട് അഴിമതിയിൽ പങ്കാളിയല്ലെന്നത് സത്യമായാലും, ഈ സംഭവം സംവിധാനം കൂടുതൽ ശക്തമായ മേൽനോട്ടത്തിനും ശാസ്ത്രീയതയ്ക്കും ആവശ്യമായ പ്രേരണയായി. 

ഇതിന്റെ പശ്ചാത്തലത്തിൽ എന്‍ഡിടിവി 2022-ൽ ബാർക്കിന്റെ റേറ്റിംഗ് സംവിധാനത്തിൽ നിന്ന് പിന്മാറി ഡാറ്റാ വിശ്വാസ്യതയും മെതഡോളജിയും ചോദ്യം ചെയ്തു കൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ചു. പിന്നീട് 2024-ൽ അവർ വീണ്ടും ബാർക്കിലേക്ക് മടങ്ങിയെത്തി.

അതേസമയം, മീഡിയവൺ 2025-ൽ കേരളത്തിലെ റേറ്റിംഗ് കണക്കുകൾ യഥാർത്ഥ പ്രേക്ഷകശീലങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. 


കേരളത്തിലെ 86 ലക്ഷം ടി.വി. വീടുകളിൽ വെറും കുറച്ച് വീടുകളിലാണ് മീറ്റർ സ്ഥാപിച്ചിട്ടുള്ളതെന്നും അതുവഴി പ്രാദേശിക ചാനലുകൾക്ക് അന്യായം സംഭവിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.


ഈ സംഭവങ്ങൾ ബാർക്ക് ഇന്ത്യയുടെ വിശ്വാസ്യതയും സ്വതന്ത്രതയും ഉറപ്പാക്കാനുള്ള ആവശ്യം വീണ്ടും മുന്നോട്ടുവച്ചു. ഭാവിയിൽ, ബാർക്ക് കൂടുതൽ പരസ്യമായ, ശാസ്ത്രീയമായ, പ്രതിനിധിത്വമുള്ള സംവിധാനമാക്കി വികസിപ്പിക്കുന്നതിലൂടെയാണ് ഇന്ത്യൻ ടെലിവിഷൻ വിപണി യഥാർത്ഥ വിശ്വാസം വീണ്ടെടുക്കേണ്ടത്.

എന്നിട്ടും എന്തുകൊണ്ട് മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും 24 ഉം ഒക്കെ ഈ ബാർക്കുകാരുടെ അളവുകൾക്ക് മുന്നിൽ മുട്ടുകുത്തുന്നു എന്നതാണ് മനസ്സിലാകാത്തത്. ബാർക്കിലെ ഒന്നോ രണ്ടോ പേര് വിചാരിച്ചാൽ ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സാധിക്കുമെന്ന് മനസ്സിലാക്കിയിട്ടും അവരുടെ മൗനം എന്തുകൊണ്ട് എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.


റിപ്പോർട്ടർ ചാനൽ എന്നാൽ അവരുടെ തുടക്കം മുതലേ പ്രശ്നങ്ങളുടെ സംസ്ഥാന സമ്മേളനമായിരുന്നു. ഇന്ത്യാവിഷനിൽ നിന്നും മാറി 54 (51 + 3) ശതമാനം ഓഹരികളോടെ നികേഷ് കുമാർ റിപ്പോർട്ടർ തുടങ്ങിയപ്പോൾ ആദ്യം പണം വീശിയവർക്കൊക്കെ കൈപൊള്ളുകയും മദ്രാസിലെ കമ്പനി കോടതിയിൽ കേസ് കൊടുക്കുകയും അവസാനം സാക്ഷാൽ പിണറായി വിജയൻ ഇടപെട്ടുകൊണ്ട് ഒത്തുതീർപ്പാക്കുകയും ചെയ്തതാണ്.


പിന്നീടാണ് മംഗോ മൊബൈലുകാർ അവരുടെ മരം മുറി കേസുകൾ എങ്ങനെയെങ്കിലും ഒത്തുതീർപ്പാക്കുവാനായി റിപ്പോർട്ടറിനെ വിലക്ക് വാങ്ങിയത്. എല്ലാ പ്രശ്നങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇരുവരുടെയും ഡീൽ.

കേരളത്തിൽ ചാനലുകൾ തമ്മിൽ ഒരു ധാരണയുണ്ട്. മനോരമയുടെ ഇന്റഗ്രേറ്റഡ് ഫിനാൻസ് കമ്പനി വിഷയം മാതൃഭൂമിക്കാർ വിളിച്ചു പറയരുത് എന്നും മാതൃഭൂമിയുടെ വയനാട്ടിലെ വനം കയ്യേറ്റം മനോരമയും വിളിച്ചു കൂവരുത് എന്നുള്ളതുമൊക്കെ ഈ ധാരണയുടെ ഭാഗമാണ്.

അതുപോലെ ചാനലുകളുടെ തലപ്പത്ത് എങ്ങനെയെങ്കിലും എത്തിയാൽ ആ മനുഷ്യൻ എന്തെല്ലാം ചെയ്താലും മറ്റുള്ള ചാനലുകാർ ആഘോഷിക്കരുത് എന്നത് മനസ്സിലാക്കി തന്നെയാണ് മുട്ടിൽ ഫെയിം സഹോദരന്മാർ പണം വീശിയത്. 

അക്കാര്യം ഉറപ്പിക്കുന്നതിനായി അവർ ഭരിക്കുന്ന പാർട്ടികളുടെ വക്താക്കളായിക്കൊണ്ട് ചാനലിൽ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.


അപ്പോഴാണ് മെസിയെന്ന ഒരു ലോട്ടറി വീണുകിട്ടുന്നത്. കേരളത്തിൽ ഒരു അസുഖം വന്ന രോഗിയെ ചികിത്സിക്കാനും, ഒരാളെ ജയിലിൽ നിന്നിറക്കാനും കോടികൾ വീഴുന്നത് കണ്ടപ്പോൾ മലയാളിയുടെ മെസ്സി മനസ്സ് മുന്നിൽ കണ്ടുകൊണ്ട് ഈ സഹോദരന്മാർ തിരക്കഥ ഒരുക്കുകയായിരുന്നു.


കോഴിക്കോട് മുതൽ എടപ്പാൾ വരെയും അവിടെ നിന്ന് കൊച്ചിവരെയുമൊക്കെ മെസ്സിയുമായി ഒരു റോഡ് ഷോ നടത്തിയാൽ, അതുപോലെ കൊച്ചി സ്റ്റേഡിയത്തിൽ അമ്പത് ലക്ഷവും ഒരു കോടിയും ഒക്കെ ടിക്കറ്റ് വെച്ചുകൊണ്ട് മാച്ച് നടത്തിയാൽ പാവപ്പെട്ട മലബാറിലെ ജനങ്ങൾ ഒന്നടങ്കം ഇടിച്ചുകയറുകയും പണം വീശുകയും ചെയ്യുമെന്ന ദിവാസ്വപ്നത്തിൽ ചാനലിലിരുന്ന് ഒട്ടേറെ കാര്യങ്ങൾ തള്ളിമറിച്ചു. 

അതിൽ പാവപ്പെട്ട ആ മന്ത്രിയും കരുവായി മാറി എന്നല്ലാതെ വേറെന്തു പറയാൻ. ഇനി അങ്ങേരു താനൂരിൽ ജയിക്കുമെന്നത് കണ്ടറിയണം !!


അജ്മാനിലെ റോയൽ ഫർണിച്ചർ ഉടമയുടെ കൊച്ചിയിലെ ഹോളിഡേ ഇൻ കൈക്കലാക്കുവാൻ  കുറിക്കമ്പനി മുതലാളിയെ ഉപയോഗിച്ചത് പോലെ സ്റ്റേഡിയവും അർജന്റീന ടീമും നേരെയാക്കുവാൻ 250 കോടി അങ്ങേരുതന്നെ കൊടുത്തുകാണും. 


എന്നിട്ട് എന്റെ പണം പോയാൽ നിങ്ങൾക്കെന്ത് ഛേദം എന്നൊക്കെ വീമ്പിളക്കുന്നു. അങ്ങേരുടെ പണമല്ലല്ലോ പോയത്, കുറിക്കമ്പനിക്കാരന്റെ പണം പോയാൽ മരം വെട്ടുകാരന് എന്തോന്ന് വിഷമം അല്ലേ. കേരളത്തിലാണ് കളിക്കുന്നത് എന്നത് ഇവരൊക്കെ മറന്നു എന്നാണ് നമ്മുക്ക് തോന്നുന്നത്. 

ഇവിടെ കളിക്കുമ്പോൾ ഒന്ന് രണ്ടു തവണ ആലോചിക്കണം എന്ന് പഴയ ചാനൽ മുതലാളിക്കെങ്കിലും പറഞ്ഞുകൊടുക്കാമായിരുന്നു. മെസ്സിയെ കാണാൻ വരുന്നവരുടെ വോട്ടുകൾ മാത്രം മതിയാകും അടുത്ത ഭരണം പിടിക്കാൻ എന്ന് വ്യാമോഹിച്ച മന്ത്രി പൂങ്കവനും ഇന്നിപ്പോൾ തെറി പറഞ്ഞു തുടങ്ങിയിരിക്കുന്നു.

എല്ലാറ്റിനും ഒരതിരുണ്ട് !!!

ബാർക്കിൽ താഴെ പോയതിനാൽ ചാനലിൽ നിന്നും രാജിവെച്ചുകൊണ്ട് റിപ്പോർട്ടർ ദാസനും ബാർക്കിലെ കളികൾ പഠിക്കുവാൻ ഡൽഹിക്ക് പറന്നുകൊണ്ട് റിപ്പോർട്ടർ വിജയനും

Advertisment