ആഡംബരത്തിന്റെ ഷോ ഓഫ് മുതൽ അന്വേഷണ ഏജൻസികളുടെ നിഴൽ വരെ. കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി ഡോ. ചിരിയങ്കണ്ടത്ത് ജോസഫ് റോയിയുടെ ഉയർച്ചയും വിവാദങ്ങളും, ‘തോക്കെടുത്തവൻ തോക്കാൽ’ എന്ന മുന്നറിയിപ്പായി മാറുന്ന ഒരു ജീവിതകഥ. തൊടുന്നതെല്ലാം ആഘോഷമാക്കിയ 'കോൺഫിഡന്റ്' റോയിയുടെ ആർഭാട ജീവിതം ഒരു മുന്നറിയിപ്പ് - ദാസനും വിജയനും

ബംഗളുരുവിലെ പല രാഷ്ട്രീയക്കാരുടെയും നെഞ്ച് പിളർത്തുന്ന വാർത്തയാണ് റോയിയിൽ നിന്നും വന്നത്. ഇ ഡി - ഐ ടി ഏവരെയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് കാര്യങ്ങൾ എത്തിച്ചുകൊടുക്കുവാൻ സ്വന്തം കമ്പനികളിൽ നിന്ന് തന്നെ ആളുകൾ ധാരാളം.

New Update
cj roy
Listen to this article
0.75x1x1.5x
00:00/ 00:00

''തോക്കെടുത്തവൻ തോക്കാൽ'' എന്നത് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കടമില്ലാത്ത മുതലാളി ഡോക്ടർ ചിരിയങ്കണ്ടത്ത് ജോസഫ് റോയിയിലൂടെ നാം കണ്ടു. ഒരു തൃശൂർക്കാരന് വേണ്ടതായ എല്ലാ സവിഷശതകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Advertisment

ഒരിക്കൽ കാസനോവ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിന്നിടയിൽ ചില അല്ലറ ചില്ലറ വാക്കു തർക്കങ്ങൾ രൂപപ്പെടുകയും സംസാരത്തിനിടക്ക് നിർമ്മാതാവായ ഡോ. റോയ് അദ്ദേഹത്തിന്റെ റിസോർട്ട് വളപ്പിൽ മൂത്രമൊഴിക്കുകയും ആ മൂത്രത്തിലേക്ക് തോക്കെടുത്തു മൂന്നു റൌണ്ട് വെടി വെക്കുകയും പിന്നീട് ആ തോക്കെടുത്ത് ഊതിക്കൊണ്ട് ഇതെന്താ സാധനം എന്നറിയാമോ എന്ന് ചോദിക്കുകയും ചെയ്ത ഒരു സംഭവം കേട്ടിരുന്നു.


ആ സീനാണ് പിന്നീട് ''ഇവിടം സ്വർഗ്ഗമാണ് '' എന്ന സിനിമയിൽ ആലുവ ചാണ്ടിയായി വേഷമിട്ട ലാലു അലക്സ് തോക്കെടുത്തു കാണിച്ച് അഭിനയിച്ചത്. തോക്ക് ഒരു കളിസാമഗ്രിയായാണ് അദ്ദേഹം കണക്കാക്കിയിരുന്നത്.


ധൈര്യമില്ലാത്തവരും ധൈര്യം വളരെ കൂടിയവരും ഈഗോ ഉള്ളവരും തോക്ക് ഉപയോഗിക്കരുത് എന്ന് കാരണവന്മാർ പറയുന്നത് വെറുതെയല്ല !

cj roy-3

'കാസനോവ' എന്ന സിനിമ നടക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ അല്ലറ ചില്ലറ തൃശൂർ കളികൾ  മനസ്സിലായി തുടങ്ങിയത്. 


ഷൂട്ടിങ്ങിന്റെ ഇടയിൽ എന്നും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് പരിഹരിക്കുവാനായി മോഹൻലാലിനെയും അതുപോലെയുള്ള വമ്പന്മാരെയും എമിറേറ്റ്സ് ഹിൽസിലെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് പാർട്ടികൾ നടത്തുകയും ചെയ്തുപോന്നു.


നിസ്സാരമായ ഒരു ഈഗോയുടെ പേരിൽ ഒരാഴ്ചക്കാലം സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെപ്പിക്കുകയും ചെയ്തു.

cj roy-5

ഇതെല്ലാം ഒതുക്കി തീർത്ത് സിനിമ ഒരുവിധം പൂർത്തിയാക്കി അവസാനം പത്ര സമ്മേളനത്തിന് പോകുമ്പോൾ കൂടെ ഇരിക്കുന്നവരോട് പറഞ്ഞു 'പത്തു കോടി' ചിലവായെന്നു പറയണമെന്ന്, ഡയസിൽ ഇരിക്കുമ്പോൾ പറഞ്ഞു അത് നമ്മുക്ക് 'പതിനഞ്ചാക്കാം' എന്ന്.


അവസാനം പത്ര സമ്മേളനം തുടങ്ങിയപ്പോൾ പുള്ളിക്കാരൻ തന്നെ പറഞ്ഞു 'ഇരുപത് കോടി ' ചിലവായെന്ന്. അങ്ങനെയുള്ള ചില കൃസൃതികൾ അദ്ദേഹത്തിന്റെ ഒരു വീക്നെസ്സ് ആയിരുന്നു. തള്ളുകൾ അദ്ദേഹം നല്ലതുപോലെ ആസ്വദിച്ചിരുന്നു.


2006 ൽ ബെംഗളൂരു ഓഫീസ് ആരംഭിച്ചതിനു ശേഷം ദുബായിൽ കാർഗോ വില്ലേജിനടുത്തായി എമിരേറ്റ്സ് ബിസിനെസ്സ് സെന്ററിൽ 210 സ്‌ക്വയർ ഫീറ്റുള്ള പത്താം നമ്പർ ഓഫീസ് എടുത്തുകൊണ്ട് ദുബായിലും ലൈസൻസ് എടുത്തു.

cj roy-4

അതിനുശേഷം ഒരു മൊത്തം പന്ത്രണ്ട് നില കെട്ടിടത്തിന്റെ ഫോട്ടോ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ആദ്യത്തെ ഫുൾ പേജിൽ വരുത്തുകയും ദുബായിൽ ഹെഡ് ക്വാർട്ടേഴ്‌സ് ആരംഭിച്ചു എന്നെഴുതി പിടിപ്പിക്കുകയും ചെയ്തത് ഇന്നും ഓർമ്മയിൽ വരുന്നു.

ആ വര്ഷം തന്നെ ദുബായിൽ വെച്ചുനടന്ന എയർ ഷോക്ക് എത്തിപ്പെടുകയും അവിടെ ബൊംബാർഡിയർ കമ്പനിയുടെ ഏഴോളം വിമാനങ്ങൾ നിരന്നു കിടക്കുന്നതിന്റെ അടുത്തേക്ക് എല്ലാ പൈലറ്റുമാരെയും വിളിച്ചു വരുത്തി ഫോട്ടോ എടുത്തുകൊണ്ട് ബെംഗളൂരുവിലെ പത്രങ്ങളിലും ചാനലുകളിലും  കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിമാനങ്ങൾ എന്ന് പറഞ്ഞുകൊണ്ട് പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടാക്കിയതും ഓർക്കുന്നു.


മുപ്പത്തിയാറു വയസ്സിലെ വിമാനമെല്ലാം ചുമ്മാ റീൽസുകൾ മാത്രം. അതിലും അദ്ദേഹം രസം കണ്ടെത്തിയിരുന്നു.


ദുബായിൽ എമിരേറ്റ്സ് ഹിൽസിൽ രണ്ടു വില്ലകളിലേക്ക് ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നും ഖനി മുതലാളിമാരെയും രാഷ്ട്രീയക്കാരെയും കൊണ്ടുവന്ന് വീട്ടിലെ കാർപോർച്ചിൽ നിരത്തിയിട്ടിരിക്കുന്ന ബുഗാട്ടിയടക്കമുള്ള കാറുകൾ മഞ്ഞ  വെളിച്ചത്തിൽ കാണിച്ചുകൊണ്ടും ഇൻസ്റ്റാഗ്രാം റീൽസിലൂടെ അവരിലൊക്കെ അസൂയ വരുത്തുംവിധം കളികൾ കളിച്ചപ്പോൾ അഞ്ചക്ക നമ്പർ വാങ്ങിയ അബുസബയെ അനുസ്മരിപ്പിച്ചു.

cj roy-2

വണ്ടികൾ കാണിച്ചുകൊണ്ടുള്ള കളികളിൽ അദ്ദേഹം പ്രത്യേകം ആസ്വാദനം കണ്ടെത്തിയിരുന്നു. കിം കർദാഷിയാനെ അമേരിക്കയിൽ നിന്നും എത്തിച്ചുകൊണ്ട് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ പെർഫ്യൂം മോണ്ടെ എന്ന സ്ഥാപനം ആരംഭിക്കുകയും തുടങ്ങിയ അതേ വേഗതയോടെ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

അതൊന്നും അദ്ദേഹം അത്ര വലിയ കാര്യമാക്കിയിരുന്നില്ല. ബെംഗളൂരുവിലെ സകലമാന രാഷ്ട്രീയപാർട്ടിക്കാരുടെയും പണം പാർക്ക് ചെയ്യുവാൻ ഈ കാറുകൾ കൊണ്ട് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ കച്ചവടക്കണ്ണ്.


ഒരു ചാനലിന്റെ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ ഒന്നാം സമ്മാനം കിട്ടിയ പാട്ടുകാരന് വീട് കൊടുക്കാൻ, ടാക്‌സിന്റെ പേരിലൊക്കെ കുറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. അതിന്നിടക്ക് ലോകത്ത് കടമില്ലാത്ത കമ്പനി എന്ന പരസ്യ വാചകം എല്ലായിടത്തും ഉപയോഗിച്ച് തുടങ്ങി.


എമിരേറ്റ്സ് ഹിൽസിലെ രണ്ടു വീടുകളിൽ ഒരു വീട് ചുരുങ്ങിയ വിലക്ക് വിൽക്കാൻ വെച്ചപ്പോൾ നിക്ഷേപകരിൽ ഓരോരുത്തരിലും സംശയം ജനിച്ചു തുടങ്ങിയിരുന്നു. 

ബെംഗളൂരുവിലെ താപ്പാനകൾ പലരും കയ്യൊഴിഞ്ഞു തുടങ്ങിയപ്പോൾ കുറച്ചു നാൾ യാതൊരു ബഹളവും തള്ളലുകളും ഇല്ലാതെ അടങ്ങിയൊതുങ്ങിക്കൂടി.

കോവിഡിന് ശേഷം പിന്നെയും പല ഇവന്റ് സ്പോണ്സർഷിപ്പുകളും വീട്ടിലെ പാർട്ടികളും അമേരിക്കൻ ലോഞ്ചും ഒക്കെയായി വീണ്ടും സടകുടഞ്ഞു എണീറ്റു.

cj roy-6


പിന്നീടുള്ള നാളുകളിൽ മലയാളി കച്ചവട സമൂഹവുമായി അടുത്തുകൊണ്ട് പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. സാധാരണക്കാരിലേക്ക് ഇറങ്ങിവരുന്ന സമയത്താണ് ഇങ്ങനെ സംഭവിച്ചത്.


ബംഗളുരുവിലെ പല രാഷ്ട്രീയക്കാരുടെയും നെഞ്ച് പിളർത്തുന്ന വാർത്തയാണ് റോയിയിൽ നിന്നും വന്നത്. ഇ ഡി - ഐ ടി ഏവരെയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് കാര്യങ്ങൾ എത്തിച്ചുകൊടുക്കുവാൻ സ്വന്തം കമ്പനികളിൽ നിന്ന് തന്നെ ആളുകൾ ധാരാളം.

അതുപോലെ അസൂയാലുക്കളായ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും. കിറ്റെക്സ് മുതലാളി ബുദ്ധിപരമായി പാർട്ടിമാറി രക്ഷപ്പെട്ടു. തൃശൂർ സീറ്റ് ബിജെപി ക്ക് വിട്ടുകൊടുത്തുകൊണ്ട് കുറച്ചധികം തൃശൂർ മുതലാളിമാരും തത്ക്കാലം രക്ഷപ്പെട്ടു.


ബെംഗളുരുവിലയും ചെന്നൈയിലെയും ഹൈദരാബാദിലെയും ഒട്ടനവധി മുതലാളിമാർ കടുത്ത മാനസിക സമ്മർദ്ദങ്ങളിലാണ്. പലരും മെല്ലെ മെല്ലെ കച്ചവടം വിദേശങ്ങളിലേക്ക് പറിച്ചു നടുന്നു. നല്ലതുപോലെ കച്ചവടം നടത്തുന്ന ആർക്കും പേടിക്കേണ്ടതുമില്ല.


പക്ഷെ നല്ലതുപോലെ കച്ചവടം നടത്തിയാൽ രക്ഷപ്പെടണമെന്നില്ല. റോയ് ഒരു നല്ല കച്ചവടക്കാരൻ ആയിരുന്നില്ല എന്നതും, പണം വിദേശങ്ങളിലേക്ക് മാറ്റുന്നതിന്റെ പാലമായാണ് പ്രവർത്തിച്ചിരുന്നത് എന്നതും യാഥാർഥ്യഗന്ധമുള്ള കഥകളാണ്.

cj roy-7

റോയ് നൽകുന്ന പാഠം എന്തെന്നാൽ, കാറും ആർഭാടവും കാണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ നേടുവാൻ കളിക്കുന്നവരുടെ പിന്നാലെ പലരും കൂടും എന്നത് മനസ്സിലാക്കി മാത്രം പ്രവർത്തിക്കുക.

അതിപ്പോൾ ഇ ഡി - ഐ ടി യുടെ രൂപത്തിലാകാം, അല്ലെങ്കിൽ സാധാരണ മനുഷ്യരുടെ കണ്ണേറിന്റെ രൂപത്തിലൊക്കെ ആകാം. അത്യാവശ്യം പണമുണ്ടെങ്കിൽ ദുബായ് പോലൊരു സ്ഥലത്ത് കാറുകൾ വാങ്ങുവാൻ യാതൊരു ബുദ്ധിമുട്ടും കാണുന്നില്ല.


ഇപ്പോൾ നമ്മുടെ നാട്ടിൽ നിന്നും വന്ന് കച്ചവടം ചെയ്തു ജീവിക്കുന്ന മുതലാളിമാർക്ക് എന്തൊക്കെ വാങ്ങിക്കൂട്ടാം, എന്തൊക്കെ കാണിച്ചുകൂട്ടാം. പക്ഷെ അവരൊക്കെ സോഷ്യൽ മീഡിയയും മറ്റുള്ള മീഡിയകളും ഉപയോഗിക്കുന്നത് അവരുടെ കച്ചവടങ്ങൾക്ക് മാത്രമായാണ്.


അല്ലാതെ ഈ വക ഷോ ഓഫ് കാണിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തർക്കും അത്ര നല്ല പണികളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഉദാഹരണമായി അബു സബയെന്ന ഒരു ഷോ ഓഫ് കാരന്റെ വീഴ്ച തന്നെ.

ഇങ്ങനെ കാണിച്ചുകൂട്ടുന്ന നമ്മുടെ മലയാളി മുതലാളിമാരെ ഉപദേശിക്കുവാൻ എല്ലാവരും തയ്യാറായാൽ ഇതുപോലെയുള്ള കടും പ്രവർത്തികൾ ഒഴിവായേക്കാം !!!

cj roy-8

ഒരു സാധാരണ റിസോർട്ട് മാനേജർ ഈ വയസ്സിനുള്ളിൽ ഇവിടെ വരെ എത്തിയതിൽ ഏത് തൃശൂർക്കാരനും അഭിമാനിക്കാം. 


സൂറിച്ചിൽ നിന്നും ഡോക്ടറേറ്റ് വാങ്ങിയെടുത്തതും അതുപോലെ സ്ലോവാക് റിപ്പബ്ലിക് എന്ന രാജ്യത്തെ ഹോണററി കോൺസുൽ വാങ്ങിയതും, ഇത്രയും ആളുകൾ കൂടെ കൂടിയതും എല്ലാം അദ്ദേഹത്തിന്റെ മിടുക്കും പണവും തന്നെ.


ഈ ഒരു വാർത്ത ഇന്ത്യൻ രാഷ്ട്രീയത്തെയും ഐ ടി - ഇ ഡി വിഭാഗത്തെയും കണ്ണുതുറപ്പിക്കും എന്നതിൽ തർക്കമില്ല. അവസാന നാളുകളിൽ തന്റെ പഴയ മാരുതി പത്തുലക്ഷം കൊടുത്തു വാങ്ങിയതും കുറെ പേർക്ക് സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത ആ മനുഷ്യന്റെ നല്ല മനസ്സിനെയും കാണാതെ പോകരുത്.

മരണത്തെ മുൻകൂട്ടി കണ്ടതുപോലെയാണ് അവസാനത്തെ ആ പോഡ്‌കാസ്റ്റും നമ്മൾ കണ്ടത്. ആ കോൺഫിഡന്റ് അദ്ദേഹത്തിന് സ്വന്തം !!

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു :

സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന ഉപദേശത്തിൽ ബിൽഡർ ദാസനും എല്ലാറ്റിനും ഒരതിരുണ്ട് എന്ന് ഓർമ്മപെടുത്തിക്കൊണ്ട് ബിൽഡർ വിജയനും

Advertisment